കേരളം

സന്ദര്‍ശകരെ അനുവദിക്കാത്ത അവധി ദിനങ്ങളില്‍ ദിലീപിന് സന്ദര്‍ശക പ്രവാഹം; അന്വേഷിക്കണമെന്ന് ജയില്‍ ഡിജിപിക്കു പരാതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് ബോര്‍ഡ് വച്ചിട്ടുണ്ടെങ്കിലും ആലുവ സബ് ജയിലില്‍ ഇക്കഴിഞ്ഞ 
അവധി ദിനങ്ങളില്‍ എത്തിയത് പതിവു വിട്ട സന്ദര്‍ശകര്‍. സാധാരണ ഗതിയില്‍ തടവുകാരെ കാണാന്‍ രണ്ടോ മൂന്നോ പേരെയാണ് അനുവദിക്കാറുള്ളത്. എന്നാല്‍ നടന്‍ ദിലീപിനെ കാണാന്‍ ഇന്നലെ മാത്രം വന്നത് അഞ്ചു പേര്‍. ഇതു കടുത്ത ചട്ട ലംഘനമാണെന്നും ജയിലില്‍ ദിലീപിന് അനര്‍ഹ പരിഗണന നല്‍കുകയാണെന്നും ചൂണ്ടിക്കാട്ടി ജയില്‍ ഡിജിപിക്കു പരാതി നല്‍കിയിരിക്കുകയാണ് ആലുവ സ്വദേശിയായ ടിജെ ഗിരീഷ്. ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചവരില്‍ കേസുമായി നേരിട്ടു ബന്ധമുള്ളവരും ഉണ്ടെന്ന് ഗിരീഷ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജയിലില്‍ ദിലീപിന് അനര്‍ഹമായ പരിഗണ ലഭിക്കുന്നുണ്ടെന്ന് നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. അധിക സമയവും ദിലീപ് ഉദ്യോഗസ്ഥരുടെ കൂടെയാണ് കഴിയുന്നതെന്നും രാത്രി ഉറങ്ങാന്‍ മാത്രമാണ് സെല്ലില്‍ എത്തുന്നതെന്നും സഹതടവുകാരനായിരുന്നയാള്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണമാണ് ജയിലില്‍ ദിലീപിനു ലഭിക്കുന്നതെന്നും ഇയാള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ ജയില്‍ അധികൃതര്‍ ഇതു നിഷേധിച്ചിരുന്നു. ജയില്‍ എഡിജിപി തന്നെ ആരോപണങ്ങള്‍ നിഷേധിച്ചു രംഗത്തുവന്നു. ഇതിനു പിന്നാലെയാണ് അവധി ദിവസങ്ങളില്‍ നടന്ന ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ജയില്‍ ഡിജിപിക്കു പരാതി ലഭിച്ചിരിക്കുന്നത്.

അവധി ദിവസങ്ങളില്‍ ജയിലില്‍ സന്ദര്‍ശകരെ അനുവദിക്കുന്ന പതിവില്ല. ഇക്കാര്യം ജയില്‍ കവാടത്തില്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ അവധിയായിരുന്ന ഓണ ദിനങ്ങളില്‍ ജയിലിലേക്ക് ദിലീപിനെ കാണാന്‍ സിനിമാ രംഗത്തുള്ളവരുടെ പ്രവാഹമായിരുന്നു. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നതായി പൊലീസ് പറയുന്ന സിനിമയുടെ നിര്‍മാതാക്കള്‍ക്കും അധികൃതര്‍ സന്ദര്‍ശന അനുമതി നല്‍കി. ജയിലിനുള്ളില്‍ മറ്റു പ്രതികള്‍ക്കു  ലഭിക്കാത്ത പരിഗണനകള്‍ പീഡനക്കേസിലെ പ്രതിയായ നടന് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

കെബി ഗണേഷ് കുമാര്‍ എംഎല്‍എ, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, അരുണ്‍ ഘോഷ്, ബി ജോയ് ചന്ദ്രന്‍ തുടങ്ങിയവരാണ് ഇന്നലെ ജയിലില്‍ എത്തി ദിലീപിനെ കണ്ടത്. തൊട്ടു തലേന്ന് ഓണക്കോടിയുമായി നടന്‍ ജയറാം എത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്, നിര്‍മാതാവ് ആല്‍വിന്‍ ആന്റണി, നടന്‍മാരായ നാദിര്‍ഷ, സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ജോര്‍ജ് എന്നിവരും ജയിലില്‍ എത്തി ദിലീപിനെ കണ്ടിരുന്നു.

ചട്ട ലംഘനം നടന്നിട്ടില്ലെന്നും ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദര്‍ശകരുടെ പ്രാധാന്യവും കണക്കിലെടുത്താണ് കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കിയത് എന്നുമാണ് ജയില്‍ സൂപ്രണ്ട് പിപി ബാബുരാജ് പറയുന്നത്. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്ന് ജയില്‍ ചട്ടങ്ങളില്‍ പറയുന്നില്ല. ബോര്‍ഡ് വച്ചിരിക്കുന്നത് തിരക്ക് ഒഴിവാക്കാനാണെന്നും സൂപ്രണ്ട് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി