കേരളം

ഹാദിയ കേസ്: അന്വേഷണത്തിനു സ്വാതന്ത്ര്യം നല്‍കുകയാണ് വേണ്ടതെന്ന് എംസി ജോസഫൈന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അഖില ഹാദിയയുടെ വിഷയത്തെ സാമുദായികവത്കരിക്കുകയല്ല, അന്വേഷണത്തിനുള്ള സ്വാതന്ത്ര്യം അനുവദിക്കുകയാണ് വേണ്ടതെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. യുവതിയെ സ്വന്തം വീട്ടിലേക്ക് അയയ്ക്കാന്‍ നിലപാടെടുത്തതിനു പിന്നില്‍ കോടതിക്ക് എന്തെങ്കിലുമൊരു നിഗമനമുണ്ടാകണം. കേസുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കട്ടെ. അതിനു വേഗം കൂട്ടാന്‍ എന്‍ഐഎ അന്വേഷണം വേഗത്തില്‍ നടത്തണമെന്നും സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ജോസഫൈന്‍ അഭിപ്രായപ്പെട്ടു. 

ഹാദിയ വിഷയം വനിതാ കമ്മിഷന്റെ ശ്രദ്ധയിലുള്ള വിഷയമാണ്. ഗൗരവപൂര്‍ണമായാണ് വിഷയത്തെ സമീപിക്കുന്നതും. ഉന്നത വിദ്യാഭ്യാസമുള്ള ഒരു പെണ്‍കുട്ടി പൊലീസ് ബന്ധവസിലാണ് വീട്ടില്‍ കഴിയുന്നത്. നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നം തന്നെയാണത്. ഇത്തരമൊരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ത്തന്നെ അതിനെ സാമുദായികവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതും സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും നല്ലതല്ല. യുവതിയെ സ്വന്തം വീട്ടിലേക്ക് അയയ്ക്കാന്‍ ഒരു നിലപാടെടുത്തതിനു പിന്നില്‍ കോടതിക്ക് എന്തെങ്കിലുമൊരു നിഗമനമുണ്ടാകണം. ഇത്തരം സംഭവങ്ങളില്‍ അന്വേഷണത്തിനുള്ള സ്വാതന്ത്ര്യം അനുവദിക്കണം. സാമുദായികവല്‍ക്കരിക്കുമ്പോള്‍ നമ്മുടേതു പോലെ സെന്‍സിറ്റീവായ സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല. അതുകൊണ്ട് ഇത്തരം വിഷയങ്ങള്‍ സാമുദായികവല്‍ക്കരിക്കരുത്. 

ഹാദിയ സംഭവം ഉണ്ടായതു മുതല്‍ മുസ്ലിം സ്ത്രീ സംഘടനകള്‍ തന്നെ സമീപിക്കുന്നുണ്ടെന്ന് അഭിമുഖത്തില്‍ ജോസഫൈന്‍ പറയുന്നു. ഇപ്പോള്‍ പൊതുസമൂഹവും വിഷയം ഏറ്റെടുത്തു തുടങ്ങി. ഇരുവിഭാഗങ്ങളിലും പ്രശ്‌നം സാമുദായികവല്‍ക്കരിക്കാനുള്ള ശ്രമമുണ്ട്. സുപ്രീംകോടതിയിലാണല്ലോ കേസ്. ആ കുട്ടിയെ കോടതി കേള്‍ക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. പ്രായപൂര്‍ത്തിയായ, ഉന്നതവിദ്യാഭ്യാസമുള്ള കുട്ടിയാണല്ലോ. കോടതി കേള്‍ക്കട്ടെ. അവളാണ് അനുഭവസ്ഥ. അവള്‍ കോടതിയോട് പറയട്ടെ. അതുവരെ മാതാപിതാക്കളും ബന്ധുമിത്രാദികളുമാണെങ്കില്‍പ്പോലും രണ്ടു പക്ഷത്തുനിന്നും അതുമിതും പറഞ്ഞ് പ്രശ്‌നം വഷളാക്കരുത്. ആ പെണ്‍കുട്ടിയുടെ അഭ്യുദയകാംക്ഷികളാണെങ്കില്‍ അതാണു വേണ്ടത്. ഹാദിയ വിഷയം ഒരു സാമുദായിക വിഷയമല്ല, സാമൂഹിക പ്രശ്‌നമാണ്, സ്ത്രീയുടെ പ്രശ്‌നമാണ്. കോടതി അംഗീകരിച്ചാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കൊടുക്കും. ഇക്കാര്യത്തില്‍ അവധാനതയോടെ കമ്മിഷന്‍ ഇടപെടുന്നുണ്ട്. കേസുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കട്ടെ. അതിനു വേഗം കൂട്ടാന്‍ എന്‍ഐഎ അന്വേഷണം വേഗത്തില്‍ നടത്തണം. 

അഖില ഹാദിയയുടെ വിഷയത്തില്‍ വനിതാ കമ്മിഷന്‍ ഇടപെട്ടത് ഒരു സ്ത്രീപക്ഷ ദൗത്യം എന്ന നിലയ്ക്കാണ്. യുവതി വീട്ടില്‍ അവകാശലംഘനങ്ങള്‍ നേരിടുന്നുവെന്നും കമ്മിഷന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് വനിതാ സംഘടനകളുടേയും സാമൂഹിക പ്രവര്‍ത്തകരുടേയുമൊക്കെ നിവേദനങ്ങള്‍ ലഭിച്ചിരുന്നു. സംഘടനകള്‍ക്ക് അവരുടെ ആശയങ്ങള്‍ക്ക് അനുസൃതമായി ചിന്തിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, കമ്മിഷന്‍ ഒരു നിയമസംവിധാനമാണ്. അതിന്റെ നിയമങ്ങളും ചട്ടങ്ങളുമാണ് അതിന്റെ അടിത്തറ. അഖില ഹാദിയയുടെ വിഷയത്തില്‍ വസ്തുതാന്വേഷണം നടത്തി കോടതിയുടെ അംഗീകാരത്തോടെയുള്ള പരിഹാരമാണ് കമ്മിഷന്‍ ഉദ്ദേശിക്കുന്നത്. അതിനാലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. കമ്മിഷന് എവിടെയും പോകാനും സന്ദര്‍ശിച്ച് തെളിവെടുക്കാനും കഴിയും. ഈ പ്രശ്‌നത്തില്‍ കമ്മിഷന്‍ ഒരു നിര്‍ദ്ദേശം സമര്‍പ്പിച്ചാല്‍ അതു നടപ്പിലാകുന്ന വിധത്തിലേ കൈകാര്യം ചെയ്യാനാകൂ. അതു മനസ്സിലാക്കാതെ പക്ഷംചേര്‍ന്നു വിലയിരുത്തല്‍ നടത്തുന്നതുകൊണ്ട് ആര്‍ക്കാണ് പ്രയോജനം. വനിതാ കമ്മിഷന് ഓരോരുത്തരും കളംവരയ്ക്കുകയാണ്. അത്തരം നീക്കം സാമൂഹികാന്തരീക്ഷം കലുഷിതമാകുന്നതിലാവും കലാശിക്കുക. അതിനെതിരെ ജാഗ്രത പാലിക്കാന്‍ സമൂഹത്തിനു ബാധ്യതയുണ്ട്. 

നടിയെ ആക്രമിച്ച സംഭവത്തില്‍ ഇരയെ അപകീര്‍ത്തിപ്പെടുത്തും വിധം പരാമര്‍ശം നടത്തിയതിന് പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ എടുത്ത കേസില്‍ നടപടികള്‍ മുന്നോട്ടുപോവുകയാണെന്ന് ജോസഫൈന്‍ വ്യക്തമാക്കി. കേസെടുത്തതിനെതിരെ മോശമായ പ്രതികരണങ്ങള്‍ നടത്തിയെങ്കിലും പിസി ജോര്‍ജ് നേരിട്ടു തന്നെ വിശദീകരണം നല്‍കിയതായി അഭിമുഖത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ വെളിപ്പെടുത്തി.

എംസി ജോസഫൈനുമായി പിഎസ് റംഷാദ് നടത്തിയ അഭിമുഖം പുതിയ ലക്കം സമകാലിക മലയാളം വാരികയില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍