കേരളം

കുറ്റിച്ചൽ ഭൂമി ഇടപാടില്‍ സബ് കളക്ടര്‍ക്ക് വീഴ്ച പറ്റിയിട്ടില്ല ; ദിവ്യ എസ് അയ്യര്‍ക്ക് കളക്ടറുടെ ക്ലീൻ ചിറ്റ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം കുറ്റിച്ചലിലെ പുറമ്പോക്ക് ഭൂമി ഇടപാടില്‍ സബ് കളക്ടറായിരുന്ന ദിവ്യ എസ് അയ്യർക്ക് ക്ലീൻ ചിറ്റ് നൽകി തിരുവനന്തപുരം ജില്ലാ കളക്ടറുടെ റിപ്പോർട്ട്. നടപടിയിൽ സബ് കളക്ടര്‍ ദിവ്യയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും, ഭൂപതിവ് ചട്ടപ്രകാരമാണ് നടപടിയെന്നും തിരുവനന്തപുരം കലക്ടര്‍ കെ. വാസുകി റവന്യൂവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. 

സ്വകാര്യവ്യക്തിക്ക് സ‍ര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കിയിട്ടില്ല. ഭൂമിയില്‍ പതിറ്റാണ്ടുകളായി അവകാശവാദം ഉന്നയിക്കുന്ന വ്യക്തിയോട് ഉയര്‍ന്ന കമ്പോളവില ഒടുക്കാനാണ് സബ് കലക്ടര്‍ ആവശ്യപ്പെട്ടത്. 1964ലെ ഭൂപതിവ് ചട്ടപ്രകാരമാണ് ഈ നടപടി. എന്നാല്‍ തുക അടയ്ക്കാതെ സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ പോയിരിക്കുകയാണ്. അതിനാല്‍ ഭൂമി ആര്‍ക്കും പതിച്ച് നല്‍കിയിട്ടില്ല. കളക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ദിവ്യക്കെതിരെ പരാതി നല്‍കിയ കുറ്റിച്ചല്‍ പഞ്ചായത്തിലെ എല്‍.ഡി.എഫ് ഭരണസമിതിയുടെ ഉദേശശുദ്ധിയിലും കലക്ടര്‍ സംശയം പ്രകടിപ്പിച്ചു. 2010 മുതല്‍ തുടങ്ങിയ കേസില്‍ 2017ല്‍ മാത്രമാണ് പഞ്ചായത്ത് ആക്ഷേപമുന്നയിച്ചതെന്നാണ് കുറ്റപ്പെടുത്തല്‍. റവന്യൂ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറും. വർക്കല ഭൂമി ഇടപാടിന് പിന്നാലെയാണ്, കുറ്റിച്ചലിലും സബ് കളക്ടർ ദിവ്യ എസ് അയ്യർക്കെതിരെ ആരോപണം ഉയർന്നത്.  83 സെന്റ് പുറമ്പോക്ക് ഭൂമി കോണ്‍ഗ്രസ് അനുകൂലിക്ക് പതിച്ച് നല്‍കിയെന്നായിരുന്നു ആരോപണം. കുറ്റിച്ചല്‍ പഞ്ചായത്തിന്റെ പരാതിയില്‍ റവന്യൂമന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

വര്‍ക്കല ഭൂമി ഇടപാടിലെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍ സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ തദ്ദേശവകുപ്പിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റിച്ചല്‍ ഭൂമിയിടപാടില്‍ ദിവ്യയ്ക്ക് ക്ളീന്‍ ചിറ്റുമായി തിരുവനന്തപുരം ജില്ലാ കളക്ടറുടെ റിപ്പോർട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത