കേരളം

ഡാം നിറയാന്‍ ആറ് ശതമാനം കൂടി; 1.4 മീറ്റര്‍കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് 1.4 മീറ്റര്‍കൂടി ഉയര്‍ന്നാല്‍ അതീവ ജാഗ്രത മുന്നറിയിപ്പ് നല്‍കും. ഡാമില്‍ ജലനിരപ്പ് ബുധനാഴ്ച വൈകിട്ട് 167 മീറ്റര്‍ കവിഞ്ഞതോടെ ഓറഞ്ച് അലര്‍ട്ട് നല്‍കി. 168.5 മീറ്റര്‍ ആയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് വൈദ്യുതി ബോര്‍ഡ്. പരമാവധി സംഭരണശേഷി 169 മീറ്ററാണ്.

ബുധനാഴ്ച വൈകിട്ട് അഞ്ചിന് 167.10 മീറ്ററാണ് രേഖപ്പെടുത്തിയത്. ആകെ സംഭരണശേഷിയുടെ 94.77 ശതമാനം ആയി. 24 മണിക്കൂറിനിടെ ഡാമിലേക്ക് ഒഴുകിയെത്തിയത് 19.95 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. 1.80 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ഉല്‍പ്പാദിപ്പിച്ചു.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിഞ്ഞേ ഡാമിന്റെ ഷട്ടറുകള്‍ തുറക്കു. നാലു ഷട്ടറുകളില്‍ നടുവിലുള്ള ഷട്ടറുകളിലൊന്നായിരിക്കും ആദ്യം തുറക്കുക. ആവശ്യമെങ്കില്‍ നാലു ഷട്ടറും തുറക്കും. 60 സെന്റീമീറ്ററാണ് ഓരോ ഷട്ടറും തുറക്കുക. നാലു ഷട്ടറും ഉയര്‍ത്തിയാല്‍ സെക്കന്‍ഡില്‍ 3012 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുക. റിസര്‍വോയറിലെ അപ്പോഴത്തെ വെള്ളത്തിന്റെ അളവനുസരിച്ചായിരിക്കും പുറത്തേക്കുള്ള വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നത്.

ബുധനാഴ്ച പകല്‍ മഴ കുറഞ്ഞത് നീരൊഴുക്കിന്റെ ശക്തി കുറച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മണിക്കൂറില്‍ രണ്ട് സെന്റിമീറ്റര്‍വീതം ജലനിരപ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞ 10 മണിക്കൂറിനിടെ ആകെ ഏഴു സെന്റീമീറ്റര്‍ മാത്രമാണ് ഉയര്‍ന്നത്. നീരൊഴുക്ക് കുറഞ്ഞതോടെ ജലനിരപ്പിലും വലിയ മാറ്റമുണ്ടാകാനിടയില്ല. ശക്തമായ മഴയുണ്ടായാല്‍ മാത്രമെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി. 
ഡാം തുറന്നാല്‍ വെള്ളം കുട്ടമ്പുഴയിലൂടെ പെരിയാറിലെത്തി ഭൂതത്താന്‍കെട്ടിലെത്തും. നിലവില്‍ ഷട്ടറുകള്‍ തുറന്നിട്ടിരിക്കുന്ന ഭൂതത്താന്‍കെട്ടിലേക്ക് ഇടമലയാറില്‍നിന്നുള്ള വെള്ളമെത്തിയാലും വലിയ പ്രതിസന്ധിയുണ്ടാകില്ലെന്നാണ് നിഗമനം. ഇടമലയാറിന് ഡാമിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുമുള്ളവരും അതീവജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അറിയിപ്പ് നല്‍കിയിട്ടുണ്ട്.

റെഡ് അലര്‍ട്ട് പ്രഖ്യാപനത്തിനുശേഷമെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സ്ഥിതിയുള്ളൂവെന്ന് ദുരന്തനിവാരണ വിഭാഗം വ്യക്തമാക്കി. ഇതിനായി മൂവാറ്റുപുഴ താലൂക്ക് ഒഴിച്ചുള്ള മറ്റ് താലൂക്കുകളിലായി 200ഓളം ക്യാമ്പുകള്‍
 തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇത് രാഹുല്‍ മാങ്കൂട്ടത്തില്‍, ഇദ്ദേഹത്തിന് സ്ത്രീകളോട് വലിയ ദേഷ്യമാണ് :പത്മജ വേണുഗോപാല്‍

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി