കേരളം

ഡെപ്യൂട്ടേഷനെ മഹാ അപരാധമാക്കി ; നിയമവിരുദ്ധമായ ഒന്നും ചെയ്തിട്ടില്ല; അദീബിന്റെ നിയമനത്തെ ന്യായീകരിച്ച് മന്ത്രി കെ ടി ജലീല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ ബന്ധുവായ കെ ടി അദീബിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്ത പ്രമേയത്തില്‍, നിയമനത്തെ ന്യായീകരിച്ച് മന്ത്രി കെടി ജലീല്‍. താന്‍ തെറ്റായതും നിയമവിരുദ്ധവുമായ യാതൊന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സാധാരണ നടപടി മാത്രമാണ് ഉണ്ടായത്. ഇതിനെതിരെ തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുകയായിരുന്നു. 

12 വര്‍ഷമായി സഭയിലുള്ള ആളാണ് താന്‍. ഇതുവരെ തെറ്റായ ഒന്നും ചെയ്തിട്ടില്ല. തന്റെ പൊതു ജീവിതം സംശുദ്ധമാണ്. ഇതുവരെ ഒരാളോടും അനീതിയും അന്യായവും ചെയ്തിട്ടില്ല. പ്രവര്‍ത്തിപരിചയം നോക്കിയാണ് അദീബിനെ നിയമിച്ചത്. 

ഡെപ്യൂട്ടേഷന്‍ നിയമനത്തെ ചിലര്‍ മഹാ അപരാധമായി ചിത്രീകരിച്ചു. തെറ്റ് തെളിയിച്ചാല്‍ തന്‍രെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. തന്റെ ഭാര്യയുടെ നിയമനം പോലും വിവാദമാക്കാന്‍ ചിലര്‍ ശ്രമിച്ചെന്നും മന്ത്രി ജലീല്‍ നിയമസഭയിൽ പറഞ്ഞു. 

നേരത്തെ ജലീലിന്റെ ബന്ധു നിയമനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ന്യായീകരിച്ചിരുന്നു.നിയമനത്തില്‍ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടന്നിട്ടില്ല. നിയമനം കാരണം കോര്‍പ്പറേഷന് ഒരു രൂപ പോലും നഷ്ടമായിട്ടില്ല. വിവാദം ഉണ്ടായപ്പോള്‍ തന്നെ അദീബ് മാതൃസ്ഥാപനത്തിലേക്ക് മടങ്ങിപ്പോയി. പ്രതിപക്ഷം ഉന്നയിച്ചത് അടിയന്ത പ്രാധാന്യമില്ലാത്ത വിഷയമാണന്നും പ്രതിപക്ഷ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

ആദ്യം അഭിമുഖത്തിന് വന്നവര്‍ക്ക് വേണ്ടത്ര യോഗ്യതയുണ്ടായില്ല. മൂന്ന് പേരാണ് അഭിമുഖത്തിന് വന്നത്. അദീബ് അഭിമുഖത്തിന് വന്നില്ല. മൂന്ന് പേര്‍ക്കും യോഗ്യത ഇല്ലാത്തതിനെ തുടര്‍ന്ന് അപേക്ഷ തന്ന അദീബ് അഭിമുഖത്തിന് വന്നില്ലെങ്കിലും, ചുമതല ഏറ്റെടുക്കാന്‍ തയ്യാറാകുകയായിരുന്നു. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണ് ഈ തസ്തികയില്‍ നിയമനം നടത്താറുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജലീലിന്റെ ബന്ധു നിയമനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസിലെ കെ മുരളീധരനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെയും മന്ത്രി ജലീലിന്റെയും മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. സ്പീക്കറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു