കേരളം

മോഷണം പെരുകിയപ്പോൾ കണ്ടവനെ 'പെരുങ്കള്ള'നാക്കി പൊലീസ് ; യഥാർത്ഥ പ്രതി കുടുങ്ങിയപ്പോൾ വെട്ടിൽ; കുറ്റം സമ്മതിപ്പിച്ചത് മുളക് തേച്ചും മൂന്നാംമുറയിലൂടെയുമെന്ന് യുവാവ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : മോഷണം വർധിക്കുന്നത് തീരാ തലവേദനയായപ്പോൾ കണ്ണിൽ കണ്ട ഒരുവനെ പ്രതിയാക്കി പൊലീസ് തടിയൂരി. എന്നാൽ  ‘മോഷ്ടാവ്’ അകത്തായിട്ടും മോഷണത്തിന് മാത്രം കുറവില്ല. ഒടുവിൽ യഥാർത്ഥ പ്രതി പിടിയിലായതോടെ വെട്ടിലായിരിക്കുകയാണ്, നിരപരാധിയെ മോഷ്ടാവാക്കിയ പൊലീസുകാർ. തന്നെ ക്രൂരമായി പീഡിപ്പിച്ച കൊട്ടാരക്കര ഡിവൈഎസ്പി മുതൽ എഴുകോൺ എസ്ഐ വരെയുള്ളവർക്കെതിരെ പരാതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഈ  ‘മോഷ്ടാവ്’. 

കരിക്കോട് മങ്ങാട് രജിത ഭവനിൽ വിനോജ്കുമാർ (44) എന്ന യുവാവാണ് പൊലീസുകാരുടെ ക്രൂരതയ്ക്ക് ഇരയായത്. കട്ടവനെ കിട്ടാത്തതിനാൽ കിട്ടിയവനെ കള്ളനാക്കിയ പൊലീസുകാരുടെ നടപടിക്കെതിരെ പൊലീസ് കംപ്ലയിന്റ് അതോറിട്ടിയെയും ഡിജിപിയെയും സമീപിച്ചിരിക്കുകയാണ് വിനോജ്. ഇതോടെ പരാതിയുമായി മുന്നോട്ടുപോകരുതെന്ന അഭ്യർത്ഥനയും അനുനയവുമായി വിനോജിനെ സമീപിച്ചിരിക്കുകയാണ് പൊലീസുകാർ. ഇതിന് തയ്യാറായില്ലെങ്കിൽ ​ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന ഭീഷണിയും ഇവർ ഉയർത്തുന്നതായി വിനോജ് പറയുന്നു. 

കൊല്ലം ജില്ലയിൽ എഴുകോൺ, കുഴിമതിക്കാട്, നെടുമൺകാവ് പ്രദേശങ്ങളിൽ മോഷണം പെരുകിയതോടെ പൊലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ഹർത്താൽ വരെ നടത്തി. ഇതോടെ സമ്മർദ്ദത്തിലായ പൊലീസ് കഴിഞ്ഞ ജൂലൈ 20ന് ആണ് വിനോജിനെ അറസ്റ്റ് ചെയ്യുന്നത്.  രണ്ടു മാസത്തിനിടെ നാൽപതിലേറെ മോഷണം നടത്തിയ കുറ്റവാളി എന്ന രീതിയിലായിരുന്നു പൊലീസ് ഇയാളെ അവതരിപ്പിച്ചത്. 

സൗദിയിലായിരുന്ന വിനോജ് നാട്ടിലെത്തി, പെയിന്റിം​ഗ് ജോലി ചെയ്ത് ജീവിക്കുകയായിരുന്നു. ശരീരത്തിൽ മുളക് അരച്ച് തേച്ചും മർദിച്ചും കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് വിനോജ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ വിനോജിനെ റിമാൻഡ് ചെയ്തു. ഇതിനിടെ, യഥാർഥ പ്രതി കൊല്ലം ഷാഡോ പൊലീസിന്റെ പിടിയിലായി. അമളി മനസ്സിലായെങ്കിലും നടപടി ഭയന്നു പൊലീസ് കേസ് പിൻവലിച്ചില്ല. 40 കേസുകളിൽ മൂന്നെണ്ണം വിനോജിന്റെ മേൽ തന്നെ ചുമത്തുകയാണ് പൊലീസുകാർ ചെയ്തത്. 

ഒടുവിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ വിനോജ് നീതി തേടി അധികാരികളെ സമീപിച്ചിരിക്കുകയാണ്. അന്നത്തെ കൊട്ടാരക്കര ഡിവൈഎസ്പി മുതൽ എഴുകോൺ എസ്ഐ വരെയുള്ള ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണു വിനോജിന്റെ പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി