കേരളം

ആത്മഹത്യാഭീഷണി മുഴക്കി യാക്കോബായ വിശ്വാസികള്‍; വിധി നടപ്പാക്കാതെ പൊലീസ് പിന്മാറി

സമകാലിക മലയാളം ഡെസ്ക്

പിറവം:  ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ പിറവം പളളിയില്‍ എത്തിയ പൊലീസ് യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറി. ആത്മഹത്യാഭീഷണിയുമായി യാക്കോബായ സഭാ വിശ്വാസികള്‍ അടക്കമുളളവര്‍ പളളിയില്‍ സംഘടിച്ച് നിലയുറപ്പിച്ചതോടെയാണ് സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് പിന്മാറിയത്. മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കാണ് പളളി പരിസരം സാക്ഷിയായത്. ഇതിനിടെ പളളിക്ക് അകത്തുകയറിയും വിശ്വാസികള്‍ പ്രതിരോധം തീര്‍ത്തു. പളളി വിട്ടുതരില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് യാക്കോബായ സഭ.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ സുപ്രിംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് പിറവം പളളിയില്‍ എത്തിയത്. പളളിയില്‍ പ്രവേശിച്ച് നടപടികള്‍ കൈക്കൊളളാന്‍ എത്തിയ പൊലീസിനെ പളളി കവാടത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുളള യാക്കോബായ വിഭാഗം സഭാംഗങ്ങളും വൈദികരും ചേര്‍ന്ന് തടഞ്ഞു. പ്രതിഷേധം കനത്തതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതിനിടെ പിറവം പളളിക്ക് മുകളില്‍ ആത്മഹത്യാഭീഷണി മുഴക്കി രണ്ട് യാക്കോബായ സഭാംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗം പളളിയില്‍ പ്രവേശിച്ചാല്‍ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി രണ്ട് യാക്കോബായ സഭാംഗങ്ങളാണ് നിലയുറപ്പിച്ചത്. മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുമെന്നായിരുന്നു ഇവരുടെ ഭീഷണി. ഇതിനിടെ സ്ത്രീകളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് സംഘര്‍ഷം ഒഴിവാക്കാനാണ് പൊലീസ് നടപടികളില്‍ നിന്ന് പിന്മാറിയത്. അതേസമയം സ്ഥലത്ത് പൊലീസിന്റെ വന്‍സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്. 

ദിവസങ്ങള്‍ക്ക് മുന്‍പ് , പിറവം പള്ളി കേസില്‍ സുപ്രിം കോടതി വിധി നടപ്പാക്കുന്നതിന് ഇടപെടാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ ഹെക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.ശബരിമലയില്‍ കോടതി വിധി നടപ്പാക്കാന്‍ ആയിരക്കണക്കിനു പൊലീസിനെ വിന്യസിക്കുന്ന സര്‍ക്കാരിന് പിറവത്ത് ഇരുന്നൂറു പേര്‍ക്ക് സംരക്ഷണം നല്‍കാനാവുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പിറവം പള്ളി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാര്യക്ഷമമായ ഇടപെടലില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വിമര്‍ശനം. ഇതിന്റെ ചുവടുപിടിച്ച് കോടതി വിധി നടപ്പാക്കാന്‍ പൊലീസ് നടപടി സ്വീകരിക്കവേയായിരുന്നു യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം. 

പിറവം പള്ളിയില്‍ മലങ്കര സഭയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് അനുകൂലമായി സുപ്രിം കോടതി വിധി പറഞ്ഞിരുന്നു. എന്നാല്‍ യാക്കോബായ പക്ഷത്തിനു ഭൂരിപക്ഷമുള്ള പള്ളിയില്‍ വിധി ഇതുവരെ നടപ്പാക്കാനായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്