കേരളം

ശബരിമലയിലേക്ക് തമിഴ്‌നാട്ടില്‍ നിന്നുളള യുവതികള്‍ ഇന്ന് പുറപ്പെടും; നാളെ കോട്ടയത്ത് എത്തും, സംഘത്തില്‍ അമ്പതോളം പേര്‍, സുരക്ഷ ശക്തമാക്കി പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്ന്  ഒരു സംഘം യുവതികള്‍ ഇന്ന് ശബരിമലയിലേക്ക് തിരിക്കും. മനിതി എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ നാളെ കോട്ടയത്തെത്തും. സംഘത്തില്‍ അമ്പതോളം വനിതകള്‍ ഉണ്ടാകുമെന്നും ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് യാത്ര പുറപ്പെടുകയെന്നും മനിതി കോഓര്‍ഡിനേറ്റര്‍ സെല്‍വി പറഞ്ഞു. മാധ്യമങ്ങളിലൂടെ അറിഞ്ഞതിനപ്പുറം ഇവരുടെ വരവിനെക്കുറിച്ച് ഒരു സന്ദേശവും കിട്ടിയിട്ടില്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി എസ്.ഹരിശങ്കര്‍ പറഞ്ഞു.

ഇവരുടെ വരവ് കണക്കിലെടുത്ത് ശബരിമലയിലും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കി. ഇവരെത്തുമ്പോള്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ സൂചനയെത്തുടര്‍ന്നാണ് നടപടി. എവിടെനിന്നാണ് യാത്ര തുടങ്ങുക, ഏതുമാര്‍ഗമാണ് എത്തുക തുടങ്ങിയവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അപ്പോഴത്തെ സൗകര്യമനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മനിതി. 

ചെന്നൈയില്‍നിന്ന് 12 വനിതകളും മധുരയില്‍നിന്ന് രണ്ടുപേരും മധ്യപ്രദേശില്‍നിന്നും ഒഡിഷയില്‍നിന്നും അഞ്ചുപേര്‍ വീതവും കേരളത്തില്‍നിന്ന് 25 പേരും സംഘത്തിലുണ്ടാകുമെന്ന് സെല്‍വി പറഞ്ഞു. കേരളത്തില്‍ ഒരുസ്ഥലത്ത് തങ്ങള്‍ ഒത്തുചേരുമെന്നും അവിടെനിന്ന് പമ്പയിലേക്ക് പോകുമെന്നും 'മനിതി' വൃത്തങ്ങള്‍ അറിയിച്ചു. ട്രാന്‍സ്‌ജെന്‍ഡറുകളും സംഘത്തിലുണ്ടെന്നാണ് വിവരം. പമ്പയിലെത്തി മാലയിട്ട് ശബരിമലയിലേക്ക് പോകാനാണ് തീരുമാനമെന്നറിയുന്നു. കേരളത്തില്‍നിന്ന് ഒരുസംഘം പുരുഷന്മാരും പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് സെല്‍വി വ്യക്തമാക്കി.

ചെന്നൈയില്‍നിന്നെത്തുന്ന വിവിധ തീവണ്ടികള്‍ക്കുപുറമേ ബസ് മാര്‍ഗമെത്താനും ശ്രമിക്കുമെന്ന് സംഘാംഗങ്ങളിലൊരാളും ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റുമായ വയനാട് സ്വദേശി അമ്മിണി പറഞ്ഞു. 'ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനും എട്ടിനുമിടയില്‍ കോട്ടയത്ത് ഒന്നിക്കാമെന്ന് വിചാരിക്കുന്നു. ബസിലെത്തിയാലും റെയില്‍വേ സ്‌റ്റേഷനില്‍ ഒന്നിച്ചുകൂടുമെന്നും അമ്മിണി പറഞ്ഞു.ശബരിമലയില്‍ പോകാനായി യുവതികള്‍ കോട്ടയത്തെത്തിയാല്‍ വിവിധ ഹിന്ദുസംഘടനകളുടെ വനിതാ പ്രതിനിധികള്‍ തടയുമെന്ന് ശബരിമല കര്‍മസമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ ബി.ശശികുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം, വ്രതമെടുത്തു മാലയിട്ടു വീട്ടുകാരുടെ പിന്തുണയോടെയാണു ശബരിമലയിലേക്കു വരുന്നതെന്ന് മനിതി കോ ഓര്‍ഡിനേറ്റിങ് കമ്മിറ്റി അംഗം എസ്. ശുശീല പറഞ്ഞിരുന്നു. ശബരമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോള്‍ തന്നെ സംഘടനയിലെ ചിലര്‍ ആഗ്രഹം പ്രകടിപ്പിച്ചു. ആ സമയത്തു സുരക്ഷാ പ്രശ്‌നം ഉണ്ടായിരുന്നതിനാല്‍ തീരുമാനം മാറ്റി. രണ്ടാഴ്ച മുന്‍പു മുഖ്യമന്ത്രിക്ക് ഇ മെയില്‍ അയച്ചു. ദര്‍ശനത്തിനു സുരക്ഷ ഒരുക്കണമെന്നായിരുന്നു അഭ്യര്‍ഥന. ഉചിത നടപടി എടുക്കാമെന്നും പൊലീസിന് ആവശ്യമായ നിര്‍ദേശം നല്‍കാമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയതായി ശുശീല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു