കേരളം

സ്വകാര്യ ബസ് സമരം പൊളിയുന്നു; ബസുകള്‍ ഓടിതുടങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം നേരിടാന്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞതിന് പിന്നാലെ ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ നിന്നും പിന്‍മാറി. തിരുവനന്തപുരത്ത്  സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തി തുടങ്ങി. മറ്റ് ജില്ലകളിലും ബസുകള്‍ ഓടിതുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 


സമരത്തെ തുടര്‍ന്ന് ബസ് ഉടമകള്‍ക്ക് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.  പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടിയാവും നോട്ടീസ് നല്‍കുക. മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോവാനാണ് സര്‍ക്കാര്‍ നീക്കം.

സമരത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ച് സര്‍വീസ് നടത്താതിരിക്കുന്നത് അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതു സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്കാവും ആദ്യം നിര്‍ദേശം നല്‍കുക.ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി അതത് സ്ഥലത്തെ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ബസുടമകള്‍ക്ക് നോട്ടീസ് നല്‍കും.സ്വകാര്യ ബസ് സമരം നാല് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ബസ്സുടമകള്‍ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയിട്ടും വീണ്ടും സമരവുമായി മുന്നോട്ട് പോവുന്ന ബസുടമകളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുടമകള്‍ ഇപ്പോള്‍ സമരം തുടരുന്നത്. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ഇന്നലെ കോഴിക്കോട് നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി