കേരളം

ആള്‍ക്കൂട്ടം നീതി നടപ്പാക്കുന്ന പ്രവണത പലയിടത്തും; കര്‍ശന നടപടിയുണ്ടാവുമെന്ന് ബെഹ്‌റ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരേയും ഏര്‍പ്പെടുന്നുവെന്ന് സംശയം തോന്നുന്നവരേയും ആള്‍ക്കൂട്ടം പിടികൂടി മര്‍ദ്ദിക്കുന്ന പ്രവണത പലയിടത്തും കാണുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ. ഇങ്ങനെയുണ്ടാവുന്ന സംഭവങ്ങളില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു. 

ആള്‍ക്കൂട്ടത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തികച്ചും നിയമവിരുദ്ധവും ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും യോജിക്കാത്തതുമാണ്. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ പൊലീസില്‍ അറിയിച്ച് പൊലീസ് മുഖേന ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. മറിച്ച് നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. അങ്ങനെയുണ്ടാവുന്ന സംഭവങ്ങളില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.


അട്ടപ്പാടി അഗളിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഇക്കാര്യത്തില്‍ ശാസ്ത്രീയവും ഫലപ്രദവുമായ അന്വേഷണം നടത്തുന്നതിന് തൃശൂര്‍ റേഞ്ച് ഐ.ജി.യ്ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. പാലക്കാട് എസ്.പി.യുടെ നേതൃത്വത്തില്‍ അഗളി ഡി.വൈ.എസ്.പി. ടി.കെ. സുബ്രഹ്മണ്യന്‍ അന്വേഷണ ഉദ്യോഗസ്ഥനായി പ്രത്യേക അന്വേഷണ സംഘം ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. ഐ.ജി. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ പേരെയും നിയമത്തിനു മുന്നിലെത്തിക്കും.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പൊലീസിനെ സഹായിക്കുകയും നിയമപരമായ മാര്‍ഗ്ഗത്തിലൂടെ പരിഹാരം കാണുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി ബഹറ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ