കേരളം

പ്രതിപക്ഷ പ്രതിഷേധത്തില്‍ വ്യത്യസ്തനായി ബല്‍റാം; കറുത്ത ബാഡ്ജ് ധരിക്കാന്‍ വിസമ്മതിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ബഹളത്തില്‍ കറുത്ത ബാഡ്ജ് ധരിക്കാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ്സ് എം.എല്‍.എ വിടി ബല്‍റാം. 
പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ രാവിലെ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഏന്തി സഭയിലെത്തണമെന്നും, സാമാജികര്‍ എല്ലാവരും കറുത്ത ബാഡ്ജ് ധരിക്കണമെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ യോഗത്തില്‍ വച്ചു തന്നെ താന്‍ ബാഡ്ജ് ധരിക്കില്ലെന്ന് ബല്‍റാം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ സംഭവങ്ങളെ പോലെ ഇത്തവണ ശൂന്യവേളയില്‍ മാത്രം ബഹളം ഉണ്ടായാല്‍ പോര, മറിച്ച് ചോദ്യോത്തര വേളയ്ക്കിടെ തന്നെ ബഹളം ഉണ്ടാകണമെന്നായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി യോഗ തീരുമാനം.

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്റെ കൊലപാതകത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ പ്രക്ഷുബ്ധമായി. 
ഷുഹൈബിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. കറുത്ത ബാഡ്ജ് ധരിച്ചെത്തിയ പ്രതിപക്ഷാംഗങ്ങള്‍ ഒരുവേള സ്പീക്കറുടെ മുഖത്തേയ്ക്ക് പ്ലക്കാര്‍ഡുകള്‍ നീട്ടി പ്രതിഷേധം രേഖപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ചോദ്യോത്തര വേള തടസ്സപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥന മാനിക്കാത്തതിനെ തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തരവേള നിര്‍ത്തിവെച്ചു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന് പുറമേ ആദിവാസി യുവാവ് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായതും, മണ്ണാര്‍ക്കാട്് മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതും അടക്കമുളള വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചത്. ശുഹൈബിന്റെ കൊലപാതകത്തില്‍ സ്വാതന്ത്ര്യാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ അനുഷ്ഠിക്കുന്ന നിരാഹാരം എട്ടാംദിവസത്തിലേക്ക് കടന്നതും പ്രതിപക്ഷ പ്രതിഷേധം ശക്തമാകാന്‍ കാരണമായി. ശുഹൈബ് മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മന്ത്രിമാര്‍ ആരും തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ പോകാത്തതും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ഉന്നയിച്ചു.

ചോദ്യോത്തര വേള തടസ്സപ്പെടുത്താതെ, വിഷയം ശൂന്യവേളയില്‍ ഉന്നയിക്കാന്‍ സ്പീക്കര്‍ പ്രതിപക്ഷാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതിനിടയിലും നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ചോദ്യോത്തരവേള നിര്‍ത്തിവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി