കേരളം

കോട്ടയം വഴിയുള്ള റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ 2020നകം പൂര്‍ത്തിയാക്കും: അല്‍ഫോണ്‍സ് കണ്ണന്താനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:    കോട്ടയം വഴിയുള്ള റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ 2020 മാര്‍ച്ചിനകം പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ശ്രീ അല്‍ഫോണ്‍സ് കണ്ണന്താനം.  കേരളത്തിലെ റെയില്‍വേ വികസനം സംബന്ധിച്ച് റെയില്‍വേ ഉദ്യോഗസ്ഥരും സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറുപ്പുന്തറ-ഏറ്റുമാനൂര്‍, ഏറ്റുമാനൂര്‍-കോട്ടയം ബ്ലോക്കുകള്‍ 2018 മെയ് 31നകവും കോട്ടയം-ചിങ്ങവനം, ചിങ്ങവനം-ചങ്ങനാശ്ശേരി ബ്ലോക്കുകള്‍ 2020 മാര്‍ച്ച് 31നകവും കമ്മീഷന്‍ ചെയ്യാമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉറപ്പ് നല്‍കിയതായി മന്ത്രി അറിയിച്ചു. 

ആലപ്പുഴ വഴിയുള്ള കായംകുളം - എറണാകുളം റെയില്‍ പാതയിരട്ടിപ്പും ശബരി റെയില്‍പദ്ധതിയും പൂര്‍ണ്ണമായും കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിക്കാന്‍ റെയില്‍വേ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. കായംകുളം മുതല്‍ ഹരിപ്പാട് വരെ 13 കിലോമീറ്റര്‍ പാതയിരട്ടിപ്പ് നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. ശേഷിക്കുന്ന ഹരിപ്പാട്അമ്പലപ്പുഴ, അമ്പലപ്പുഴ-തുറവൂര്‍, തുറവൂര്‍-കുമ്പളം, കുമ്പളം-എറണാകുളം ബ്ലോക്കുകള്‍ സംസ്ഥാനത്തിന്റെ 856 കോടി രൂപ സഹായത്തോടെ പൂര്‍ത്തീകരിക്കണമെന്നായിരുന്നു മുന്‍ നിര്‍ദ്ദേശം. എന്നാല്‍ പൂര്‍ണ്ണമായും കേന്ദ്ര സഹായത്തോടെ പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇക്കാര്യം റെയില്‍വേ, ധനമന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്നും കണ്ണന്താനം പറഞ്ഞു. 

2815 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അങ്കമാലി -എരുമേലി ശബരി റെയില്‍ പാതയുടെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കണമെന്നായിരുന്നു റെയില്‍വേയുടെ നിര്‍ദ്ദേശം. എന്നാല്‍ അഞ്ച് കോടിയിലധികം അയ്യപ്പ ഭക്തന്മാരെത്തുന്ന ശബരിമലയിലേക്കുള്ള റെയില്‍പാത പൂര്‍ണ്ണമായും കേന്ദ്ര ഫണ്ടില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ റെയില്‍വേ മന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്നും ശ്രീ അല്‍ഫോണ്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. 

മൈസൂര്‍ തിരുവനന്തപുരം പ്രതിവാര ട്രെയിന്‍ പ്രതിദിനമാക്കുകയോ അല്ലെങ്കില്‍ വെള്ളിയാഴ്ച മൈസൂര്‍ നിന്നാരംഭിച്ച് ശനിയാഴ്ച തിരുവനന്തപുരത്തെത്തി ഞായറാഴ്ച മടങ്ങി പോകുന്ന തരത്തിലാക്കുകയോ വേണമെന്നും കേന്ദ്രമന്ത്രി റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. കേരളത്തിലേക്ക് ഉപയോഗിച്ച് പഴകിയ റെയില്‍ കോച്ചുകള്‍ നല്‍കുന്ന പതിവ് അവസാനിപ്പിച്ച് പുതിയ തരം എല്‍എച്ച്ബി കോച്ചുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം