കേരളം

ഗീത ഗോപിനാഥിന്റെ 'ഉപദേശങ്ങള്‍ കരുതലോടെ കാണണം' ; മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിനെതിരെ സിപിഐ മുഖപത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീതാഗോപിനാഥിന്റെ ഉപദേശങ്ങള്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ സ്വാധീനം ചെലുത്തിയാല്‍ ആശങ്കാജനകമെന്ന് സിപിഐ മുഖപത്രം ജനയുഗം. ഉപദേശങ്ങള്‍ കരുതലോടെ കാണണം എന്ന തലക്കെട്ടില്‍ ജനയുഗം പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. ഗീതയുടെ ചെലവ് ചുരുക്കല്‍ നിര്‍ദേശത്തെ സര്‍ക്കാരും ഇടതുപക്ഷവും കരുതലോടെ കാണണമെന്ന് എഡിറ്റോറിയല്‍ ഓര്‍മ്മിപ്പിക്കുന്നു. 

കേരളം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കണമെന്ന അഭിപ്രായം മുഖവിലയ്ക്ക് അസ്വീകാര്യമായ ഒരു നിര്‍ദ്ദേശമല്ല. എന്നാല്‍ ചെലവുചുരുക്കലിനെപ്പറ്റി പറയുന്ന ഗീതാഗോപിനാഥ് സര്‍ക്കാരിന്റെ 'ബാധ്യതയായ' ശമ്പളം, പെന്‍ഷന്‍, സബ്‌സിഡികള്‍, ക്ഷേമപദ്ധതികള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം, അവയിലെ സ്വകാര്യ ഓഹരി പങ്കാളിത്തം, അടിസ്ഥാനസൗകര്യ വികസനത്തില്‍ സ്വകാര്യമേഖലാ പങ്കാളിത്തം, ജിഎസ്ടി എന്നിവയെപ്പറ്റിയെല്ലാം നേരില്‍ പറയാതെ തന്നെ ചിലതെല്ലാം പറഞ്ഞുവയ്ക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും വികാസത്തിലും ഗീതാഗോപിനാഥ് പ്രകടിപ്പിക്കുന്ന താല്‍പര്യവും വിദേശ നിക്ഷേപം കൊണ്ടുവരുന്നതില്‍ കാണിക്കുന്ന ഉത്സാഹവും തികച്ചും ശ്ലാഘനീയമാണ്. 

ജനയുഗത്തിന്റെ എഡിറ്റോറിയല്‍

ചെലവുചുരുക്കല്‍ അടക്കം സാമ്പത്തിക രംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാര നടപടികളെ മുഖ്യമന്ത്രിയും ഇടതുമുന്നണിയും കരുതലോടെയെ സമീപിക്കൂ എന്നുവേണം കരുതാന്‍. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അനാവശ്യ ധൂര്‍ത്തും ഒഴിവാക്കാവുന്ന ചെലവുകള്‍ നിയന്ത്രിക്കണമെന്നതിലും രണ്ട് പക്ഷമുണ്ടാവാന്‍ ഇടയില്ല. എന്നാല്‍ നിര്‍ദ്ദിഷ്ട ചെലവുചുരുക്കല്‍ ഗ്രീസും സ്‌പെയിനുമടക്കം പാശ്ചാത്യ രാഷ്ട്രങ്ങളുടെ ചെലവുചുരുക്കല്‍ നയങ്ങളുടെ തനിയാവര്‍ത്തനമാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

പാശ്ചാത്യ മുതലാളിത്ത ലോകത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ മുഖമുദ്രയാണ് ചെലവുചുരുക്കല്‍. അതിന്റെ കെടുതികള്‍ അനുഭവിക്കേണ്ടിവരുന്നത് തൊഴിലാളികളും കര്‍ഷകരും തൊഴില്‍രഹിതരുമാണ്. അത് ഗ്രീസ്, സ്‌പെയിന്‍, ബ്രിട്ടന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ വന്‍ സാമ്പത്തിക കുഴപ്പങ്ങള്‍ക്കും രാഷ്ട്രീയ അസ്ഥിരീകരണത്തിനുമാണ് വഴിവച്ചത്. ചെലവുചുരുക്കല്‍ എന്ന നവലിബറല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പാശ്ചാത്യ രാഷ്ട്രങ്ങളിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ കടപുഴക്കുകയും പലതിന്റെയും തിരോധാനത്തിനുതന്നെ കാരണമാവുകയും ചെയ്തിട്ടുണ്ട്. ഇവിടെയാണ് സര്‍ക്കാരിന്റെ ശമ്പളം, പെന്‍ഷന്‍, ക്ഷേമപദ്ധതികള്‍ എന്നിവയെപ്പറ്റിയുള്ള അവരുടെ പരാമര്‍ശം കൂട്ടിവായിക്കപ്പെടേണ്ടത്. 

ഡോ. ഗീത ഗോപിനാഥ് 

അടിസ്ഥാന സൗകര്യ വികസനത്തിലും പൊതുമേഖലാ വ്യവസായ സംരംഭങ്ങളിലും വിദേശമൂലധനമടക്കം സ്വകാര്യ മൂലധന നിക്ഷേപത്തെ ആരും കണ്ണടച്ച് എതിര്‍ക്കുമെന്ന് കരുതാനാവില്ല. എന്നാല്‍ അത് ആരുടെ, എന്തുചെലവിലെന്നതിനെപ്പറ്റി വ്യക്തതയുണ്ടാവണം. അത് സമൂഹത്തിന്റെ പൊതു ആസ്തികള്‍ സ്വകാര്യ മൂലധനത്തിന് അടിയറവച്ചുകൊണ്ടാവരുത്. അത് ഒരു കാരണവശാലും ദേശീയപാതകള്‍ ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിക്കുംവിധം പൊതുജനങ്ങളുടെ മേല്‍ കൂടുതല്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നതും പൊതുമുതല്‍ കൊള്ളയടിക്കാന്‍ സ്വകാര്യ മൂലധനത്തെ അനുവദിക്കുന്നതുമായിക്കൂട. നവലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ആഗോള അനുഭവം തൊഴില്‍രഹിത സാമ്പത്തിക വളര്‍ച്ചയാണ്. കേരളംപോലെ വിദ്യാസമ്പന്നമായ തൊഴില്‍ വിപണി നിലനില്‍ക്കുന്ന സംസ്ഥാനത്ത് അത്തരം വളര്‍ച്ച സാമൂഹ്യമായ പൊട്ടിത്തെറികള്‍ക്കും അസ്വസ്ഥതകള്‍ക്കും വഴിവയ്ക്കുമെന്ന കാര്യവും വിസ്മരിച്ചുകൂട. ജനയുഗം എഡിറ്റോറിയലില്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍