കേരളം

കൊടികുത്താനും റോഡില്‍ വാഴ നടാനും ഞങ്ങളില്ല; വേറിട്ട പ്രതിഷേധവുമായി യുവാക്കള്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ മഴക്കാലത്ത് തോടാണോ റോഡാണോ എന്ന് സംശയിക്കുന്ന ഘട്ടത്തില്‍ വാഴനട്ടും കൃഷിയിറക്കിയും കൊടികുത്തിയുമൊക്കെ പ്രതിഷേധിക്കുന്നത് പുതുമയല്ല. എന്നാല്‍ യാത്രക്കാരുടെ നടുവൊടിക്കുംവിധം റോഡ് തകര്‍ന്നിട്ടും അധികൃതര്‍ അനങ്ങാതായപ്പോള്‍ ഒരുപറ്റം യുവാക്കള്‍ കുഴിയടയ്ക്കാനാണ് സ്വയം മുന്നിട്ടിറങ്ങിയത്. എരൂര്‍ ആസ്ദ്-പുതിയറോഡ് ജംക്ഷന്‍ വരെയുള്ള റോഡാണ് ഇവര്‍ കൂട്ടായ ശ്രമത്തില്‍ സഞ്ചാരയോഗ്യമാക്കിയത്.

യാതൊരു സംഘടനയുടെയും പിന്‍ബലമില്ലാതെ യുവാക്കള്‍ രാവിലെ എട്ടുമണിമുതല്‍ ആരംഭിച്ച റോഡുപണിക്ക് യാത്രക്കാരുടെയും പരിസരവാസികളുടെയും കൈസഹായവും കിട്ടി. വൈകിട്ടുവരെ നീണ്ടുനിന്ന പണിക്കിടയില്‍ മഴ മാറിനിന്നതും ഇവര്‍ക്ക് അനുഗ്രഹമായി. 

പുതിയ 66കെവി സബ്‌സ്റ്റേഷനിലേക്ക് കേബിളുകള്‍ ഇടാന്‍ റോഡിന്റെ വശങ്ങളില്‍ കുഴി എടുത്തത് ശരിയായി മൂടാതിരുന്നതാണ് റോഡിന്റെ സ്ഥിതി മോശമാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. മണ്ണുപയോഗിച്ച് വെറുതെ മൂടിപോയതല്ലാതെ ശരിയായ രീതിയിലുള്ള പണി ചെയ്യാതെപോകുകയായിരുന്നെന്ന് ഇവര്‍ ആരോപിക്കുന്നു. 

തൃപ്പൂണിത്തുറ, ഇരുമ്പനം, അമ്പലമുകള്‍, കരിങ്ങിച്ചിറ ഭാഗങ്ങളിലേക്ക് പോകാന്‍ വൈറ്റില ഭാഗത്തുനിന്നും എരൂര്‍ ഭാഗത്തുനിന്നും ധാരാളം ആളുകള്‍ ഈ വഴി യാത്രചെയ്യാറുണ്ട്. കുഴിയില്‍ വീഴാതിരിക്കാന്‍ വണ്ടി വെട്ടിച്ചുമാറ്റുന്നതുവഴി നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. പലപ്പോഴും ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. 

വണ്ടിയില്‍ യാത്രചെയ്യുന്നവര്‍ക്ക് മാത്രമല്ല കാല്‍നടയാത്രികര്‍ക്കും റോഡ് പ്രയോജനപ്പെടുത്താനാകാറില്ല. മഴക്കാലമായതോടെ ചെളിപിടിച്ചുകിടക്കുന്ന റോഡിലൂടെ നടന്നുനീങ്ങാനാകാത്തതാണ് കാരണം. തങ്ങളുടെ പ്രവര്‍ത്തി കണ്ടെങ്കിലും അധികാരികള്‍ വേണ്ട നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുവാക്കള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍