കേരളം

'ക്യാംപസ് രാഷ്ട്രീയത്തിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി 'ഒന്നരപ്പേജുപന്യസിക്കാനിരിക്കുന്ന നിഷ്‌കളങ്കമാനസരോട് എനിക്കൊന്നും പറയാനില്ല: നിര്‍ഭയം ദീപാ നിശാന്ത് എഴുതുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഹാരാജാസ് കൊളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ക്യാംപസിലെ മതതീവ്രവാദികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. വട്ടവടയില്‍ നിന്നും മഹാരാജാസിലേക്ക് കുറേ ദൂരമുണ്ട് ചെന്നായ്ക്കളേ..എന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം

നിരോധിക്കേണ്ടത് രാഷ്ട്രീയമല്ല! മതതീവ്രവാദികളെയാണ്. അത്തരം തീവ്രവാദത്തിനുള്ള റിക്രൂട്ടിംഗ് ഏജന്‍സി കളായി ക്യാംപസുകളെ വിട്ടുകൊടുക്കാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്. വര്‍ഗ്ഗീയവാദികളെയും തീവ്രവാദികളെയും നിരാകരിച്ചു കൊണ്ടാണ് ക്യാംപസ് മുന്നോട്ടു പോകേണ്ടത്. തീവ്രവാദം ഹിന്ദുവിന്റേതായാലും മുസ്ലീമിന്റേതായാലും തീവ്രവാദം തന്നെയാണ്. അതിന് വലുപ്പച്ചെറുപ്പമില്ലെന്നും ദീപാ നിശാന്ത് പറയുന്നു

പട്ടിണിയുടെ,സഹനത്തിന്റെ,അതിജീവനത്തിന്റെ,പാര്‍ശ്വവത്കരണത്തിന്റെ,ഒരൊറ്റമുറി വീടിന്റെ മഹാദൂരങ്ങള്‍ താണ്ടിയാവും അവന്‍ മഹാരാജാസിലെത്തിയിട്ടുണ്ടാവുക.എന്‍ മകനേ... നാന്‍ പെറ്റ മകനേ ' എന്ന നെഞ്ചു പൊട്ടിയുള്ള ഒരമ്മയുടെ കരച്ചില്‍ മറക്കരുത്..പ്രതീക്ഷയറ്റ്, കാണുന്നവരോടൊക്കെ ആവലാതിപറഞ്ഞ് ആള്‍ക്കൂട്ടത്തിനിടയിലൂടെ ആരുടെയോ തോളില്‍ മുഖം ചേര്‍ത്ത് ദീനമായി കരഞ്ഞ് നടന്നു നീങ്ങുന്ന ആ അച്ഛനെ മറക്കരുത്...ഒരിക്കല്‍ പോലും പതറരുത്... എതിരാളികളെ ആയുധം കൊണ്ട് നേരിടരുത്.ഇനിയൊരു അഭിമന്യു കൂട്ടത്തില്‍ നിന്നും ഉണ്ടാകാതിരിക്കാന്‍ അസാമാന്യമായ പക്വത കാട്ടണമെന്നും ദീപാ നിശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്്റ്റിന്റെ പൂര്‍ണരൂപം

വട്ടവടയില്‍ നിന്നും മഹാരാജാസിലേക്ക് കുറേ ദൂരമുണ്ട് ചെന്നായ്ക്കളേ.....

നിങ്ങളുടെ അളവുകോലുകള്‍ക്കൊന്നും ആ ദൂരമളക്കാനാവില്ല...

പട്ടിണിയുടെ,സഹനത്തിന്റെ,
അതിജീവനത്തിന്റെ,പാര്‍ശ്വവത്കരണത്തിന്റെ,ഒരൊറ്റമുറി വീടിന്റെ മഹാദൂരങ്ങള്‍ താണ്ടിയാവും അവന്‍ മഹാരാജാസിലെത്തിയിട്ടുണ്ടാവുക!

ഇരുപത് വയസ്സുള്ള ഒരു കുട്ടിയുടെ നെഞ്ചിലേക്ക് കത്തികുത്തിയിറക്കിയ പൈശാചിക കൃത്യത്തെപ്പറ്റി പറയുമ്പോള്‍ 'ക്യാംപസ് രാഷ്ട്രീയത്തിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി 'ഒന്നരപ്പേജുപന്യസിക്കാനിരിക്കുന്ന നിഷ്‌കളങ്കമാനസരോട് എനിക്കൊന്നും പറയാനില്ല. രാഷ്ട്രീയമല്ല ഇവിടെ വിഷയം. ചുമരെഴുത്തിനെ തുടര്‍ന്നുണ്ടായ പതിവ് അടിപിടിക്കേസുമല്ല ഇത്. കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പാക്കിയ കൊലപാതകമായിത്തന്നെ ഇതിനെ കാണണം.ഇത്തരം ഒരു കൊലപാതകത്തിലൂടെ സമൂഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ സംഗതി എളുപ്പമാണ്. രാഷ്ട്രീയനിരോധനത്തിനായി പൊതുസമൂഹം മുന്നിട്ടിറങ്ങും.രാഷ്ട്രീയം നിരോധിച്ചാല്‍ മതതീവ്രവാദികള്‍ക്ക് ക്യാംപസില്‍ വിഹരിക്കാം. ഒരാളും ചോദിക്കാനുണ്ടാകില്ല. തങ്ങളുടെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് 'ക്യാംപസ് റിക്രൂട്ട്‌മെന്റി'ലൂടെ ആളെയിറക്കാം.

നിരോധിക്കേണ്ടത് രാഷ്ട്രീയമല്ല! മതതീവ്രവാദികളെയാണ്. അത്തരം തീവ്രവാദത്തിനുള്ള റിക്രൂട്ടിംഗ് ഏജന്‍സി കളായി ക്യാംപസുകളെ വിട്ടുകൊടുക്കാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്. വര്‍ഗ്ഗീയവാദികളെയും തീവ്രവാദികളെയും നിരാകരിച്ചു കൊണ്ടാണ് ക്യാംപസ് മുന്നോട്ടു പോകേണ്ടത്. തീവ്രവാദം ഹിന്ദുവിന്റേതായാലും മുസ്ലീമിന്റേതായാലും തീവ്രവാദം തന്നെയാണ്. അതിന് വലുപ്പച്ചെറുപ്പമില്ല.

' എന്‍ മകനേ... നാന്‍ പെറ്റ മകനേ ' എന്ന നെഞ്ചു പൊട്ടിയുള്ള ഒരമ്മയുടെ കരച്ചില്‍ മറക്കരുത്...

പ്രതീക്ഷയറ്റ്, കാണുന്നവരോടൊക്കെ ആവലാതിപറഞ്ഞ് ആള്‍ക്കൂട്ടത്തിനിടയിലൂടെ ആരുടെയോ തോളില്‍ മുഖം ചേര്‍ത്ത് ദീനമായി കരഞ്ഞ് നടന്നു നീങ്ങുന്ന ആ അച്ഛനെ മറക്കരുത്...

ഒരിക്കല്‍ പോലും പതറരുത്... എതിരാളികളെ ആയുധം കൊണ്ട് നേരിടരുത്...

ഇനിയൊരു അഭിമന്യു കൂട്ടത്തില്‍ നിന്നും ഉണ്ടാകാതിരിക്കാന്‍ അസാമാന്യമായ പക്വത കാട്ടണം..

നിയമപരമായി പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പോലുള്ള തീവ്രവാദസംഘടനകളെ നിരോധിക്കാനായി ഒരു ജനാധിപത്യ മതേതരസമൂഹം ഉണരേണ്ടിയിരിക്കുന്നു...

അഭിമന്യുവിന് ആദരാഞ്ജലികള്‍.....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ

കനത്ത ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത