കേരളം

'ഭയം വിതയ്ക്കാന്‍ നടത്തിയ കൊലപാതകമാണിത്,ഐഎസിന്റെ മാതൃകയില്‍ കേരളത്തില്‍ ഭീകരത സൃഷ്ടിക്കുകയാണിവര്‍' 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായി അഭിമന്യൂവിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി മന്ത്രി തോമസ് ഐസക്ക്.  ഭയം വിതയ്ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തിയ കൊലപാതകമാണിത്. ഐഎസിന്റെ മാതൃകയില്‍ കേരളത്തില്‍ ഭീകരത സൃഷ്ടിക്കുകയാണിവര്‍. കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് തീരാക്കളങ്കമാണ്-തോമസ് ഐസക്ക് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
 
കാമ്പസുകളില്‍ ആകെയുള്ളത് ഒന്നോ രണ്ടോ പേരാണ്. ഒരു ക്ലാസ് റെപ്പിനെപ്പോലും ഒറ്റയ്ക്കു ജയിപ്പിക്കാന്‍ കഴിയാത്തവര്‍. കൊലപാതക പരിശീലനം നേടിയ കൊടുംക്രിമിനലുകളുടെ സഹായത്തോടെ കാമ്പസിനകത്തും പുറത്തും ഭീതി വിതയ്ക്കുകയാണവര്‍. ഇവരോടാണ് എസ്എഫ്‌ഐയെ തുലനപ്പെടുത്തുന്നത്. അങ്ങനെ ചെയ്യുന്ന ലളിതബുദ്ധികള്‍ അറിയുന്നില്ല, ഇക്കൂട്ടരുണ്ടാക്കുന്ന ആപത്ത്. ഇവര്‍ ആര്‍എസ്എസിനും ആര്‍എസ്എസ് ഇവര്‍ക്കും വളമാണ്. ഇതൊരു പരസ്പര സഹായ സംഘമാണ്. ഇവരെ രാഷ്ട്രീയമായി നേരിടുക തന്നെ ചെയ്യും- ഐസക്ക് പറഞ്ഞു.

കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഐഎസ് കൊലയാളികളുടെ സഹായം വേണ്ട. നൂറ്റാണ്ടുകളായി കേരളത്തില്‍ ന്യൂനപക്ഷം സുരക്ഷിതരായി ജീവിച്ചത് ഇവരുടെ സഹായമില്ലാതെ തന്നെയാണ്. ഇനിയും അങ്ങനെതന്നെ ജീവിക്കും. കാമ്പസില്‍ നിന്ന് കാമ്പസ് ഫ്രണ്ടിനെ രാഷ്ട്രീയമായി തുടച്ചു നീക്കുക തന്നെ വേണമെന്ന് ഐസക്ക് കുറിച്ചു.

ഭാഗ്യം കൊണ്ടാണ് അര്‍ജുന്‍ ഇപ്പോഴും ജീവനോടിരിക്കുന്നത്. അല്ലെങ്കില്‍ കാമ്പസിനുള്ളില്‍ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിലായിരുന്നേനെ ഇപ്പോള്‍ കേരളം. എന്തിനാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഈ അക്രമം നടത്തിയത്? ഇവരെ കൊന്നുവീഴ്ത്താന്‍ തക്ക എന്തു പ്രകോപനമാണ് ആ കാമ്പസിലുണ്ടായിരുന്നത്? പോസ്റ്റര്‍ ഒട്ടിച്ചതിലെ തര്‍ക്കമോ? അതോ ചുവരെഴുത്തിന് സ്ഥലം കിട്ടാത്തതിന് പ്രതികാരമോ? ഇത്രയ്ക്കു നിസാരമായ കാരണം മതിയോ ഈ ഗുണ്ടകള്‍ക്ക് ഒന്നോ രണ്ടോ പേരെ കൊല്ലാന്‍? കൊല്ലാന്‍ വേണ്ടിത്തന്നെയാണ് കുത്തിയത്. ഒരാളുടെ ചങ്കിന്, മറ്റെയാളിന്റെ കരളിന്. കുത്തി അറപ്പു തീര്‍ന്നവര്‍ -ഐസക്ക് കുറിച്ചു.

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

അഭിമന്യുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു കൊണ്ടുവരുമ്പോള്‍ മഹാരാജാസ് നെഞ്ചിലടിച്ചു നിലവിളിക്കുകയായിരുന്നു. അവനിനി ഇല്ല എന്ന സത്യവുമായി പൊരുത്തപ്പെടാന്‍ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും സഖാക്കള്‍ക്കുമൊക്കെ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. അത്രയ്ക്ക് നിഷ്‌കളങ്കനും പ്രിയപ്പെട്ടവനുമായിരുന്നു അവന്‍. മികച്ച പ്രസംഗകനും സംഘാടകനുമായി കാമ്പസിന്റെ ഹൃദയം കവര്‍ന്നവന്‍. ആരായിരുന്നു അവനെന്ന്, സൈമണ്‍ ബ്രിട്ടോ എഴുതിയ ചെറിയ കുറിപ്പിലുണ്ട്.

ദരിദ്രരില്‍ ദരിദ്രനും മിടുക്കരില്‍ മിടുക്കനുമായ ആ പാവം കുട്ടിയെയാണ് പരിശീലനം ലഭിച്ച പോപ്പുലര്‍ ഫ്രണ്ട് കൊലയാളികള്‍ നിസാരമായി കൊന്നു തള്ളിയത്.

മോര്‍ച്ചറിയ്ക്കു പുറത്തു നിന്നപ്പോള്‍ ഞാനോര്‍ത്തത് മുത്തുക്കോയയെയാണ്. 1973ല്‍ ഇതുപോലൊരു പ്രഭാതത്തിലാണ് മുത്തുക്കോയയുടെ മൃതദേഹം ഞങ്ങളേറ്റുവാങ്ങിയത്. കാമ്പസില്‍ മരിച്ചു വീഴുന്ന എസ്എഫ്‌ഐയുടെ മുപ്പത്തിമൂന്നാം രക്തസാക്ഷിയാണ് അഭിമന്യു. എന്നാല്‍ എസ്എഫ്‌ഐ പ്രതിസ്ഥാനത്തു വരുന്ന ഒരു കൊലപാതകം കേരളത്തില്‍ നടന്നത് ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാനാവില്ല. എങ്കിലും എല്ലാവര്‍ക്കും കാമ്പസ് അക്രമത്തെക്കുറിച്ചു പൊതുവേ പറയുന്നതിനാണ് താല്‍പര്യം.

പൊതുദര്‍ശനത്തിനു ശേഷം കോളജില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ ഒരു പത്രപ്രവര്‍ത്തകയുടെ ഫോണ്‍. മഹാരാജാസിന്റെ (Gory Past) ഭീകര ഭൂതകാലത്തെക്കുറിച്ചൊരു ഫീച്ചര്‍ ചെയ്യുന്നു. സാറിനും ഇതുപോലൊരു അനുഭവമുണ്ടായല്ലോ അതേക്കുറിച്ചു പറയാമോ?

എഴുപത്തിമൂന്നില്‍ മുത്തുക്കോയയ്ക്കു പകരം ഞാനായിരുന്നു കൊല്ലപ്പെടേണ്ടിയിരുന്നത്. അതേക്കുറിച്ചാണ് ചോദ്യം.

ഇതൊന്നുമല്ല മഹാരാജാസെന്ന് ആ പത്രപ്രവര്‍ത്തകയെ ആര്‍ക്കു പറഞ്ഞു മനസിലാക്കാന്‍ കഴിയും? പഠിക്കാന്‍ മിടുക്കുള്ളവര്‍, കലയും സാഹിത്യവും തലയ്ക്കു പിടിച്ചവര്‍, സ്വതന്ത്രചിന്തയുടെ മറുകരകളിലേയ്ക്കു തുഴയുന്നവര്‍... അവരുടെയൊക്കെ വിഹാരകേന്ദ്രമായിരുന്നു മഹാരാജാസ്. അതിനിടയില്‍ ഉണ്ടായ ചില അപവാദങ്ങള്‍ മാത്രമാണ് ഈ അക്രമങ്ങളും കൊലപാതകങ്ങളും.

അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്‍ കൃഷ്ണയെ വെന്റിലേറ്ററില്‍ നിന്ന് നീക്കം ചെയ്തതേയുള്ളൂ. ചാരുംമൂട് ഒരു പാര്‍ടി കുടുംബത്തിലെ അംഗമാണ് അര്‍ജുന്‍കൃഷ്ണ. മഹാരാജാസില്‍ പോകണമെന്നു അര്‍ജുന്‍ കൃഷ്ണയ്ക്കു ശാഠ്യമായിരുന്നു. അവന്റെ സ്വപ്നമായിരുന്നു മഹാരാജാസിലെ പഠനം. മരണത്തിന്റെ വക്കില്‍ നിന്നാണ് അര്‍ജുന്‍ കൃഷ്ണ രക്ഷപെട്ടത്. കുത്തേറ്റു രണ്ടു മണിക്കൂറിനുള്ളില്‍ ഓപ്പറേഷന്‍ നടത്തിയിതുകൊണ്ട് ജീവന്‍ നിലനില്‍ക്കുന്നു.

ഭാഗ്യം കൊണ്ടാണ് അര്‍ജുന്‍ ഇപ്പോഴും ജീവനോടിരിക്കുന്നത്. അല്ലെങ്കില്‍ കാമ്പസിനുള്ളില്‍ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിലായിരുന്നേനെ ഇപ്പോള്‍ കേരളം. എന്തിനാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഈ അക്രമം നടത്തിയത്? ഇവരെ കൊന്നുവീഴ്ത്താന്‍ തക്ക എന്തു പ്രകോപനമാണ് ആ കാമ്പസിലുണ്ടായിരുന്നത്? പോസ്റ്റര്‍ ഒട്ടിച്ചതിലെ തര്‍ക്കമോ? അതോ ചുവരെഴുത്തിന് സ്ഥലം കിട്ടാത്തതിന് പ്രതികാരമോ? ഇത്രയ്ക്കു നിസാരമായ കാരണം മതിയോ ഈ ഗുണ്ടകള്‍ക്ക് ഒന്നോ രണ്ടോ പേരെ കൊല്ലാന്‍? കൊല്ലാന്‍ വേണ്ടിത്തന്നെയാണ് കുത്തിയത്. ഒരാളുടെ ചങ്കിന്, മറ്റെയാളിന്റെ കരളിന്. കുത്തി അറപ്പു തീര്‍ന്നവര്‍.

ഭയം വിതയ്ക്കാന്‍ നടത്തിയ കൊലപാതകമാണിത്. ഐഎസിന്റെ മാതൃകയില്‍ കേരളത്തില്‍ ഭീകരത സൃഷ്ടിക്കുകയാണിവര്‍. കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് തീരാക്കളങ്കം. കാമ്പസുകളില്‍ ആകെയുള്ളത് ഒന്നോ രണ്ടോ പേരാണ്. ഒരു ക്ലാസ് റെപ്പിനെപ്പോലും ഒറ്റയ്ക്കു ജയിപ്പിക്കാന്‍ കഴിയാത്തവര്‍. കൊലപാതക പരിശീലനം നേടിയ കൊടുംക്രിമിനലുകളുടെ സഹായത്തോടെ കാമ്പസിനകത്തും പുറത്തും ഭീതി വിതയ്ക്കുകയാണവര്‍.

ഇവരോടാണ് എസ്എഫ്‌ഐയെ തുലനപ്പെടുത്തുന്നത്. അങ്ങനെ ചെയ്യുന്ന ലളിതബുദ്ധികള്‍ അറിയുന്നില്ല, ഇക്കൂട്ടരുണ്ടാക്കുന്ന ആപത്ത്. ഇവര്‍ ആര്‍എസ്എസിനും ആര്‍എസ്എസ് ഇവര്‍ക്കും വളമാണ്. ഇതൊരു പരസ്പര സഹായ സംഘമാണ്. ഇവരെ രാഷ്ട്രീയമായി നേരിടുക തന്നെ ചെയ്യും.

കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഐഎസ് കൊലയാളികളുടെ സഹായം വേണ്ട. നൂറ്റാണ്ടുകളായി കേരളത്തില്‍ ന്യൂനപക്ഷം സുരക്ഷിതരായി ജീവിച്ചത് ഇവരുടെ സഹായമില്ലാതെ തന്നെയാണ്. ഇനിയും അങ്ങനെതന്നെ ജീവിക്കും. കാമ്പസില്‍ നിന്ന് കാമ്പസ് ഫ്രണ്ടിനെ രാഷ്ട്രീയമായി തുടച്ചു നീക്കുക തന്നെ വേണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി