കേരളം

'ത്യാഗരാജന്റെ രാമനല്ല ഗാന്ധിയുടെ രാമന്‍. ആ രാമനല്ല അദ്വാനിയുടെ രാമന്‍'

സമകാലിക മലയാളം ഡെസ്ക്

രോ കാലത്തും ഓരോ ആവശ്യത്തിനനുസരിച്ച് രാമകഥ പുനര്‍വായനയ്ക്കു വിധേയമാകുന്നുണ്ടെന്ന് കവി മനാജ് കുറൂര്‍. ഓരോ കാലത്തും പ്രബലമായ അധികാരവ്യവസ്ഥിതിയെ പിന്താങ്ങാനും ചിലപ്പോള്‍ അത്തരം അധികാരത്തെ പ്രതിരോധിക്കാനും വാല്മീകി രാമായണം എന്ന ഒറ്റ കൃതിതന്നെ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. സിപിഎം രാമായണ മാസാചരണം നടത്തുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെയുണ്ടായ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് മനോജ് കുറൂറിന്റെ അഭിപ്രായപ്രകടനം. 

മനോജ് കുറൂര്‍ എഴുതിയ കുറിപ്പ്: 


രാമായണം ഉത്തരകാണ്ഡത്തില്‍ 'പ്രക്ഷിപ്ത'മെന്ന നിലയില്‍ അനാഥമായിക്കിടക്കുന്ന ഒരു കഥയുണ്ട്.

രാവണവധത്തിനു ശേഷം അയോധ്യയില്‍ തിരിച്ചെത്തി രാമന്‍ ഭരണമേറ്റെടുത്തു. 'രാമരാജ്യ'ത്തിലെ ജനങ്ങളില്‍ പരാതിക്കാര്‍ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കേണ്ടത് ലക്ഷ്മണന്റെ ചുമതലയായിരുന്നു. ഒരിക്കല്‍ പതിവുപോലെ പുറത്തുപോയി തിരികെ വന്നശേഷം പരാതിക്കാര്‍ ആരുമില്ല എന്നു ലക്ഷ്മണന്‍ രാമനെ അറിയിച്ചു. ഒന്നുകൂടി നോക്കിവരാനാണ് രാമന്‍ പറഞ്ഞത്. ലക്ഷ്മണന്‍ വീണ്ടും പുറത്തു ചെന്നപ്പോള്‍ ഒരു ശ്വാനന്‍ കരഞ്ഞുകൊണ്ടു നില്ക്കുന്നതാണു കണ്ടത്. ലക്ഷ്മണന്‍ ശ്വാനനോടു ചോദിച്ചു:
'നീ എന്തിനാണു കരയുന്നത്? രാജാവിനോട് എന്തെങ്കിലും പരാതി ബോധിപ്പിക്കാനുണ്ടെങ്കില്‍ എന്റെ കൂടെ വരൂ.'
ശ്വാനന്‍ പറഞ്ഞു:
'നീചജാതിയില്‍പ്പെട്ട എനിക്ക് അമ്പലങ്ങളിലും കൊട്ടാരങ്ങളിലും ബ്രാഹ്മണ ഗൃഹങ്ങളിലും പ്രവേശനമില്ലല്ലൊ. അതുകൊണ്ട് അകത്തു വരാന്‍ കഴിയില്ല.'
ലക്ഷ്മണന്‍ രാമനോട് ഈ വിവരം പറഞ്ഞു. ശ്വാനനെ അടുത്തേക്കു കൊണ്ടുവരാന്‍ രാമന്‍ കല്പിച്ചു.
ശ്വാനന്‍ അകത്തുവന്നപ്പോള്‍ തലയിലും മറ്റും മുറിവുകള്‍ കണ്ട് എന്താണു കാര്യമെന്നു രാമന്‍ അന്വേഷിച്ചു.
'ബ്രാഹ്മണനായ ഒരു ഭിക്ഷു എന്നെ കഠിനമായി ഉപദ്രവിച്ചു. അങ്ങനെയാണു ഞാന്‍ ഈ നിലയിലായത്.'
ശ്വാനന്‍ പറഞ്ഞു.
ആ ബ്രാഹ്മണനെ രാമന്‍ വിളിച്ചു വരുത്തി എന്തിനാണ് ശ്വാനനെ ഉപദ്രവിച്ചത് എന്നു ചോദിച്ചു. 
'വിശന്നുവലഞ്ഞു ഭിക്ഷ യാചിക്കാന്‍ പുറപ്പെട്ടതാണു ഞാന്‍. ഈ ശ്വാവു വഴി തടഞ്ഞു നിന്നപ്പോള്‍ ഞാന്‍ മാറാനാവശ്യപ്പെട്ടു. അതിനു സമ്മതിക്കാത്തപ്പോള്‍ ഞാന്‍ അടിച്ചു.'
ബ്രാഹ്മണന്‍ തെറ്റാണു ചെയ്തതെന്നു വിധിച്ച രാമന്‍ അയാള്‍ക്ക് എന്തു ദണ്ഡനമാണു നല്‌കേണ്ടത് എന്നു മഹര്‍ഷിമാരടങ്ങിയ പണ്ഡിതന്മാരോടു ചോദിച്ചു. അവര്‍ പ്രതികരിച്ചില്ല. ശിക്ഷ വിധിക്കാന്‍ രാമന്‍ ശ്വാവിനോടുതന്നെ ആവശ്യപ്പെട്ടു.
'ഈ ബ്രാഹ്മണനെ കാലഞ്ജരത്തിലെ കുലപതിയായി അയയ്ക്കണം.'
ശ്വാനന്‍ ശിക്ഷ വിധിച്ചു.
രാമന്‍ അപ്രകാരം ചെയ്തു. ബ്രാഹ്മണന്‍ സന്തോഷത്തോടെ കാലഞ്ജരത്തിലേക്കു യാത്രയായി.
'ശിക്ഷയ്ക്കു പകരം അനുഗ്രഹമാണല്ലൊ അങ്ങു നല്കിയത്' എന്നായി മറ്റുള്ളവര്‍. കാരണമറിയുന്ന ശ്വാനനോടുതന്നെ ചോദിക്കാനാണു രാമന്‍ പറഞ്ഞത്.
ശ്വാനന്‍ പറഞ്ഞു:
'ഞാന്‍ മുമ്പ് കാലഞ്ജരത്തിലെ കുലപതിയായിരുന്നു. ബ്രാഹ്മണരെയും ദേവന്മാരെയും സേവിച്ചു കാലം കഴിച്ചവനാണു ഞാന്‍. എല്ലാവരുടെയും നന്മ ആഗ്രഹിച്ചു പ്രവര്‍ത്തിച്ചിട്ടും ഇന്ന് ഈ നിലയിലായി. ദേവസ്വവും ബ്രഹ്മസ്വവും ഗോധനവുമൊക്കെ നോക്കി നടത്തേണ്ടിവന്നാല്‍ ഈ ഗതിയാവും. ക്രൂരനായ ഈ ബ്രാഹ്മണന്‍ കുലപതിയായാല്‍ അയാളും അയാളുടെ തലമുറകളും നരകത്തില്‍ പതിക്കും. അതാണ് അയാള്‍ക്കുള്ള ശിക്ഷ.'
ശ്വാനന്‍ നീതി കിട്ടിയ ആശ്വാസത്തോടെ മടങ്ങിപ്പോയി.

പ്രചാരത്തിലുള്ള രാമായണപാഠങ്ങളില്‍ ഈ കഥ പ്രക്ഷിപ്തമാണെങ്കിലും തുടര്‍ന്നു വരുന്ന ഭാഗത്തുള്ള ശംബൂകന്‍ എന്ന ശൂദ്രമുനിയുടെ കഥ പ്രധാനഭാഗത്തുതന്നെയുണ്ട്.. ഒരു ബ്രാഹ്മണന്റെ ശിശു മരിച്ചതിനു കാരണം ഒരു ശൂദ്രന്‍ തപസ്സു ചെയ്യുന്നതാണെന്നറിഞ്ഞ് അന്വേഷിച്ചു പുറപ്പെട്ട രാമന്‍, ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോയി ദേവപദം പ്രാപിക്കാന്‍ ആഗ്രഹിച്ചു തലകീഴായി തൂങ്ങിക്കിടന്നു തപസ്സു ചെയ്തിരുന്ന ശംബൂകനെ കണ്ടെത്തുകയും അയാളുടെ ശിരസ്സു ഛേദിച്ചു വധിക്കുകയും ചെയ്യുന്നതാണ് പ്രസിദ്ധമായ ആ കഥയുടെ പ്രമേയം.

പരസ്പരം പൊരുത്തപ്പെടാത്ത ധാര്‍മ്മികസൂചനകളുള്ള കഥകളാണിവ. ശ്വാനകഥ ഒഴിവാക്കി ശംബൂകകഥ സ്വീകരിക്കുന്ന പാഠങ്ങള്‍ക്കു പ്രചാരമുണ്ടായത് ബ്രാഹ്മണരുടെ മേല്‌ക്കോയ്മയുണ്ടായ ഒരു സാമൂഹിക വ്യവസ്ഥിതിയിലാണെന്നു വ്യക്തമാണല്ലൊ. രാമായണം ഉത്തരകാണ്ഡംതന്നെ വാല്മീകി എഴുതിയതല്ല എന്നൊരു വാദമുണ്ട്. ബാലകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെയുള്ള പൂര്‍വഭാഗവുമായുള്ള വൈരുദ്ധ്യങ്ങളും രാമായണകാലത്തിനു ശേഷം ഉയര്‍ന്നു വന്ന തക്ഷശില തുടങ്ങിയ നഗരങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമാണ് അതിനു കാരണമായി പറയുന്നത്. എന്നാല്‍ പൂര്‍വഭാഗത്തുതന്നെ ഇത്തരം വൈരുദ്ധ്യങ്ങള്‍ കാണാം. ഒരുദാഹരണം:
രാജ്യമുപേക്ഷിച്ചു കാനനവാസത്തിനു പുറപ്പെടുന്നതിനു മുമ്പ് രാമന്‍ മറ്റുള്ളവരുടെ അഭിപ്രായം ആരായുന്നുണ്ട്. രാമന്‍ കാനനവാസത്തിനു പോകുന്നത് അബദ്ധമാണെന്നു ജാബാലി എന്ന മുനി അഭിപ്രായപ്പെടുന്നു. ബുദ്ധമതാനുയായിയാണു ജാബാലി എന്നുപറഞ്ഞാണ് രാമന്‍ ജാബാലിയുടെ ഉപദേശം തള്ളിക്കളയുന്നത്. അതായത് ഈ ഭാഗമനുസരിച്ചാണെങ്കില്‍ ബുദ്ധന്റെ കാലത്തിനു ശേഷമാണ് രാമായണരചന എന്നു വരുമല്ലൊ.

പറഞ്ഞുവന്നത് ഇത്രേയുള്ളൂ. രാമായണകഥയുടെ പ്രധാനഭാഗങ്ങള്‍ ഒരു കവി എഴുതിയതാവാമെങ്കിലും അതില്‍ നിരവധി കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും ഉണ്ടായിട്ടുണ്ട്. ഓരോ കാലത്തും പ്രബലമായ അധികാരവ്യവസ്ഥിതിയെ പിന്താങ്ങാനും ചിലപ്പോള്‍ അത്തരം അധികാരത്തെ പ്രതിരോധിക്കാനും വാല്മീകി രാമായണം എന്ന ഒറ്റ കൃതിതന്നെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. വാല്മീകി രാമായണത്തിനുതന്നെ പല പാഠങ്ങളുണ്ട്. കൂടാതെ പല നാടുകളിലായി നൂറുകണക്കിനു രാമായണപാഠങ്ങളും ഉണ്ടായിട്ടുണ്ട്. ഭക്തിപ്രസ്ഥാനത്തിനു കാരണമായ വിവിധ രാമായണങ്ങളില്‍ത്തന്നെ വൈവിദ്ധ്യങ്ങളുണ്ട്. മഹാവിഷ്ണുവിന്റെ അവതാരമെന്ന നിലയില്‍ രാവണന്റെ സീതാമോഷണം പോലും നേരത്തെയറിഞ്ഞ് മുന്‍കരുതലെടുക്കുന്ന കമ്പരുടെ രാമനും രാമനാല്‍ വധിക്കപ്പെട്ടു മോക്ഷം കിട്ടാന്‍ കൊതിക്കുന്ന എഴുത്തച്ഛന്റെ രാവണനുമൊക്കെ ഈ കാലത്തു സംഭവിക്കുന്നു. പില്ക്കാലത്താണെങ്കിലും സംഗീതകാരനായ ത്യാഗരാജന്റെ രാമനല്ല ഗാന്ധിയുടെ രാമന്‍. ആ രാമനല്ല അദ്വാനിയുടെ രാമന്‍. ഓരോ കാലത്തും ഓരോ ആവശ്യത്തിനനുസരിച്ച് രാമകഥ പുനര്‍വായനയ്ക്കു വിധേയമാകുന്നു.

പല കാലങ്ങളില്‍ ജീവിക്കുന്ന രാമന്‍. പല കാലങ്ങളില്‍ ജീവിക്കുന്ന കവി. കൃതിയെയും കവിയെയും കാലത്തെയും പിന്തുടര്‍ന്നാല്‍ നാം എത്തിച്ചേരുന്നത് ഒരു വലിയ രാവണന്‍കോട്ടയിലാവാനുള്ള എല്ലാ സാധ്യതകളുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''