കേരളം

ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല; കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ചൊല്ലി പരസ്യപ്രതികരണം പൊട്ടിത്തെറിയിലെത്തി നില്‍ക്കെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. തീരുമാനം എടുത്ത മൂവര്‍സംഘത്തിനെതിരെ കടുത്ത വിമര്‍ശനം ഉറപ്പാണെങ്കിലും പരസ്യപ്രതികരണം അവസാനിപ്പിക്കണമെന്ന് ഹൈക്കമാന്റ് നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചേക്കും. അതേസമയം ഇന്നത്തെ യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല. ആന്ധ്രയില്‍ വൈകീട്ട് സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് തീരുമാനം.

ഇക്കാര്യം കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടി പങ്കെടുക്കാത്ത സാഹചര്യത്തില്‍ 20 അംഗങ്ങള്‍ മാത്രമാകും ഇന്നത്തെ യോഗത്തിനെത്തുക. 

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എംഎം ഹസ്സനും ഒഴികെ മറ്റുള്ളവര്‍ക്കെല്ലാം കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ കടുത്ത അതൃപ്തിയുണ്ട്.സീറ്റ് കൊടുത്തതില്‍ പ്രധാനപ്രതി ഉമ്മന്‍ചാണ്ടി തന്നെയാണെന്ന് പരസ്യപ്രതികരണവുമായി പിജെ കുര്യന്‍ രംഗത്തെത്തിയിരുന്നു. ശക്തമായ വിയോജിപ്പ് പരസ്യമാക്കി വിഎം സുധീരനും രംഗത്തുണ്ട്. യുവനേതാക്കളും എംഎല്‍മാരും എന്നുവേണ്ട ഹൈക്കമാന്റിനെ പോലും അമ്പരപ്പിക്കുന്ന പ്രതിഷേധത്തിന് കാരണമായ തീരുമാനം എന്തായാലും രാഷ്ട്രീയകാര്യ സമിതിയില്‍ വന്‍ കലാപത്തിനിടയാക്കുമെന്ന് ഉറപ്പാണ്.

അതേസമയം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പികെ കുഞ്ഞാലിക്കുട്ടിയും എല്ലാം ചേര്‍ന്ന് ഹൈക്കമാന്റിനെ കൂടി ബോദ്ധ്യപ്പെടുത്തിയെടുത്ത തീരുമാനത്തില്‍ ഉമ്മന്‍ചാണ്ടിയെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ എ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. ഇതും രാഷ്ട്രീയകാര്യ സമിതിയില്‍ പ്രതിഫലിക്കും .ഹൈക്കമാന്‍ഡ് അംഗീകരിച്ചതിനാല്‍ തീരുമാനം മാറ്റാന്‍ ആകില്ല. എന്നാല്‍ ഇനിയും മൂന്നു നേതാക്കള്‍ മാത്രം തീരുമാനം എടുക്കുന്ന രീതി മാറ്റാന്‍ ഹൈക്കമാന്‍ഡ് ഇടപെടലിനായി വിമര്‍ശകരുടെ ശ്രമം തുടരും. മൂന്നു മണിക്കാണ് യോഗം. നാല് മണിക്ക് വിജയവാഡക്ക് തിരിക്കുന്ന ഉമ്മന്‍ചാണ്ടി യോഗത്തിനെത്തിയേക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി