കേരളം

സിബിഐ അന്വേഷണം; ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ബെഞ്ച് ഇന്ന് പരിഗണിക്കും. . പൊലീസ് അന്വേഷണം പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മറ്റൊരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേര്‍ത്തത്. പക്ഷപാതപരമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. തന്റെ ഭാഗം കേട്ടില്ല. അതിനാല്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിച്ച് സത്യം കണ്ടെത്തണമെന്നും താരത്തിന്റെ ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍, സിബിഐ അന്വേഷിക്കണമെന്ന പ്രതിയായ ദിലീപിന് ആവശ്യപ്പെടാന്‍ അവകാശമില്ലെന്ന് കോടതിയെ അറിയിക്കാനാണ് പ്രോസിക്യൂഷന്‍ നീക്കം. ഇക്കാര്യം വിവിധ കോടതികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ വിചാരണ വൈകിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദിലീപിന്റെ ഹര്‍ജിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുക്കും. 2017 ഫെബ്രുവരി 17നായിരുന്നു നടിക്കെതിരെ ആക്രമണം ഉണ്ടായത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ കാറിനുള്ളില്‍ വെച്ച് ലൈംഗികമായി ആക്രമിക്കുകയായിരുന്നു.

അതേസമയം കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ തുടങ്ങിയ കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. കോടതിയില്‍ വാദം ആരംഭിച്ചിട്ടില്ല.

രണ്ടു കുറ്റപത്രങ്ങളാണ് കേസില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കി ഉള്‍പ്പെടുത്തിയിട്ടുള്ളത്.  ദിലീപിനെതിരേ കൂട്ട ബലാത്സംഗവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ എന്നിവരുള്‍പ്പെടെ 355 സാക്ഷികളാണ് കുറ്റപത്രത്തില്‍ ഉള്ളത്. പോലീസുകാരനടക്കം രണ്ടുപേരെ കുറ്റപത്രത്തില്‍ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.

ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും കുറ്റപത്രത്തിനൊപ്പം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്തു നിന്നുമാത്രം അമ്പതിലേറെപ്പേര്‍ സാക്ഷികളായ കുറ്റപത്രത്തില്‍ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന്  കാരണമെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. മൊബൈല്‍ ഫോണ്‍ രേഖകളടക്കം ഒട്ടേറെ ശാസ്ത്രീയ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി