കേരളം

ഇടതു ജനപ്രതിനിധികളില്‍ നിന്ന് ജനം ചിലത് പ്രതീക്ഷിക്കുന്നുണ്ട്; ഇതാണോ പുരോഗമനപരമായ മലയാള സിനിമയെന്ന് ബൃന്ദാ കാരാട്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഇടതു ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്.ഇടത് ജനപ്രതിനിധികളില്‍ നിന്ന് ജനങ്ങള്‍ ചിലത് പ്രതീക്ഷിക്കുന്നുണ്ട്. രാജിവച്ചവര്‍ക്കും ആക്രമണത്തിന് ഇരയായവര്‍ക്കും ഒപ്പം ഉറച്ചു നിലനില്‍ക്കുന്നതാണ് ഇടത് നിലപാടെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു

ഇത്തരം നിലപാടുകള്‍ ഉള്‍ക്കൊള്ളുന്നവരാവണം അമ്മയിലെ ജനപ്രതിനികളും.ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ബൃന്ദയുടെ വിശദീകരണം. മലയാള സിനിമ താരങ്ങളുടെ സംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഗുരുതരമായ കുറ്റങ്ങള്‍ക്ക് വെള്ളപൂശുന്ന നടപടിയാണ്. തീരുമാനം പുനഃപരിശോധിക്കണം. പുരോഗമന നിലപാടുകളുടെ പേരില്‍ അറിയപ്പെടുന്ന മലയാള സിനിമാ രംഗം പുരുഷമേധാവിത്ത നിലപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ദൗര്‍ഭാഗ്യകരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും ബൃന്ദ പറഞ്ഞു

അതേസമയം, എ.എം.എം.എയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതില്‍ നിലപാട് കടുപ്പിച്ച് വനിതകളുടെ സംഘടനയായ വിമണ്‍ കളക്ടീവ് രംഗത്തെത്തിയിട്ടുണ്ട്. ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ചചെയ്യാന്‍ അടിയന്തരയോഗം ചേരണമെന്നാവശ്യപ്പെട്ട് എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് സംഘടന കത്ത് നല്‍കി. ഡബ്ല്യൂസിസി അംഗങ്ങളായ രേവതി ആശാ കേളുണ്ണി, പത്മപ്രിയ ജാനകിരാമന്‍, പാര്‍വതി തിരുവോത്ത് എന്നിവരാണ് കത്ത് നല്‍കിയിരിക്കുന്നത്.
കേരളത്തിനു പുറത്തുള്ള തങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ജൂലായ് 13 നോ 14 നോ യോഗം വിളിക്കണമെന്നാണ് കത്തില്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. ഇന്നലെ രാജിവെച്ച നാലുനടിമാര്‍ക്കും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് ഡബ്ല്യൂസിസി ഇന്ന് രംഗത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!