കേരളം

മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണം; ഭൂമി ഇടപാടില്‍ ഗൂഢാലോചന നടന്നതായി സംശയമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സിറോ മലബാര്‍സഭയുടെ അങ്കമാലി എറണാകുളം അതിരൂപതയില്‍ നടന്ന വിവാദ ഭൂമി ഇടപാടില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് ഉത്തരവ്. ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പങ്കാളിത്തമുള്ള ഗൂഢാലോചന നടന്നതായി സംശയിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സഭയുടെ ഭൂമി ഇടപാടില്‍ കേസെടുക്കേണ്ടതില്ലെന്ന കീഴ്‌ക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഭൂമി ഇടപാടിനെക്കുറിച്ച് പൊലീസ് അന്വേഷണം വേണ്ടെന്ന കര്‍ദിനാളിന്റെ വാദം കോടതി തള്ളി. ഇടപാടില്‍ ഗൂഢാലോചനയുടെ ലക്ഷണങ്ങള്‍ പ്രകടമാണ്. ഇതില്‍ കര്‍ദിനാളും ഉള്‍പ്പെട്ടതായി സംശയിക്കുന്നു. സഭാ അന്വേഷണ കമ്മിഷന്റെ കണ്ടെത്തലും ഇടനിലക്കാരന്റെ വാദങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. ശക്തമായ തെളിവുകളാണ് കോടതിക്കു മുന്നിലെത്തിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നിവ ഈ കേസില്‍ പ്രകടമാണെന്നു ചൂണ്ടിക്കാട്ടിയ സിംഗിള്‍ ബെഞ്ച്, കോടതിയുടെ പരാമര്‍ശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കരുതെന്നും നിര്‍ദേശിച്ചു. നിഷ്പക്ഷമായ അന്വേഷണം ഇക്കാര്യത്തില്‍ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. 

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കേസില്‍ വിധി പറഞ്ഞുകൊണ്ട് ഹൈക്കോടതി നടത്തിയത്. സഭയുടെ ഭൂമി ഇടപാടിനെ ചോദ്യം ചെയ്യാനാവില്ലെന്നും മാര്‍പാപ്പയ്ക്കു മാത്രമേ അതിന് അധികാരമുള്ളൂവെന്നുമുള്ള കര്‍ദിനാളിന്റെ നിലപാടിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് അതീതനായ പരമാധികാരിയാണോ കര്‍ദിനാളെന്ന് ഹൈക്കോടതി ചോദിച്ചു.

കര്‍ദിനാള്‍ നിയമത്തിന് മുകളിലല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സഭയുടെ സ്വത്തുക്കള്‍ രൂപതയുടെ സ്വത്തുക്കളാണ്. അത് കര്‍ദിനാളിന് സ്വന്ത താത്പര്യപ്രകാരം കൈകാര്യം ചെയ്യാനാവില്ല. രൂപതയ്ക്കു വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധിയാണ് കര്‍ദിനാള്‍. കര്‍ദിനാള്‍ പരമാധികാരിയാണെങ്കില്‍ കൂടിയാലോചനകള്‍ വേണ്ടല്ലോയെന്ന് കോടതി ചോദിച്ചു. 

രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമാണ് കര്‍ദിനാളും രൂപതയും. സ്വത്തു കൈമാറുന്നതിന് സഭാസമിതികളുമായി കൂടിയാലോചന നടത്തിയെന്ന് കര്‍ദിനാള്‍ തന്നെ പറയുന്നുണ്ട്. കര്‍ദിനാള്‍ പരമാധികാരിയല്ലെന്നാണ് അതിന് അര്‍ഥമെന്ന് കോടതി ഓര്‍മിപ്പിച്ചു. 

ഭൂമിതട്ടിപ്പില്‍ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭൂമിയിടപാടില്‍ സഭാവിശ്വാസികളുടെ പണമാണ് നഷ്ടമായതെന്ന് ഹര്‍ജിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്