കേരളം

ഇന്ത്യയെ പിടിച്ചു കുലുക്കിയ ഈ ഏഴു ദിനങ്ങള്‍ നാളത്തെ ഇന്ത്യക്കുള്ള വഴി കാണിക്കുന്നു: എം ബി രാജേഷ് എംപി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഹാരാഷ്ട്രയില്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷക മാര്‍ച്ചില്‍ പ്രതികരണവുമായി എം ബി രാജേഷ് എം പി.
ആത്മഹത്യാ മുനമ്പില്‍ നിന്നാണ് ലെനിന്‍ പിടിച്ച കൊടികളുമായി അവര്‍ വന്നത്. ആ കൊടികള്‍ പോരാട്ടത്തില്‍ ജീവിതവും കീഴടങ്ങലില്‍ മരണവും കാണാന്‍ അവരെ പഠിപ്പിച്ചു. ആ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അധികാര ഗര്‍വ്വ് തലകുനിച്ചിരിക്കുന്നു- എം ബി രാജേഷ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മഹാരാഷ്ട്രയില്‍ പ്രക്ഷോഭം നടത്തുന്ന കിസാന്‍ സഭ ഉന്നയിച്ച ആവശ്യങ്ങളില്‍ ഏറെയും മുഖ്യമന്ത്രി ഫഡ്‌നാഫിസ് അംഗീകരിച്ചതായി ടെലിവിഷന്‍ സ്‌ക്രീനില്‍ തെളിയുന്നു.

ഒരു മുഴം കയറില്‍, ഒരു കുപ്പി വിഷത്തില്‍, പിടഞ്ഞു തീര്‍ന്ന, റെയില്‍പാളത്തില്‍ ചിതറി തെറിച്ച അനേകായിരങ്ങളുടെ പിന്മുറക്കാരും ഉറ്റവരുമാണവര്‍. ഒരേ വര്‍ഗ്ഗത്തില്‍ നിന്നാണവര്‍ വരുന്നത്. കര്‍ഷകരും ആദിവാസികളും . മലഞ്ചൂരല്‍ മടയില്‍ നിന്നും കരീലാഞ്ചിക്കാട്ടില്‍ നിന്നും വിളവൊടുങ്ങിയ പാടങ്ങളില്‍ നിന്നും അതിജീവനത്തിന്റെ പോര്‍മുഖങ്ങളിലേക്ക് ഒരു ചുവന്ന ലാവയായി ഒഴുകുകയായിരുന്നു ലോങ്ങ് മാര്‍ച്ച്. ആ മഹാപ്രവാഹം മഹാ നഗരത്തെ ചെങ്കടല്‍തിരകളായി വലയം ചെയ്തു. പതിതരായ മനുഷ്യരുടെ നിശ്ചയദാര്‍ഢ്യം അധികാര ഹുങ്കിന്റെ കാവികോട്ടകളെ വിറകൊള്ളിച്ചത് സമകാലിക ഇന്ത്യ കണ്ട ഏറ്റവും ഉജ്ജ്വലമായ കാഴ്ച്ചകളിലൊന്നായിരുന്നു.

വിജയാരവങ്ങള്‍ക്ക് മുകളില്‍ മാത്രം ഉയര്‍ത്താനുള്ളതും തിരിച്ചടികളില്‍ ചുരുട്ടിവെക്കാനുള്ളതുമല്ല ചുവന്ന കൊടിയെന്ന പാഠം ഈ മനുഷ്യര്‍ നമുക്ക് കാണിച്ച് തന്നു.

നവഉദാരവാദനയങ്ങളുടെ മുഖമുദ്രയാണ് കര്‍ഷക പ്രതിസന്ധിയും ഗ്രാമീണ ജീവിത തകര്‍ച്ചയും. ഇന്ത്യയില്‍ നവഉദാരവത്കരണാനന്തരമുള്ള കാല്‍ നൂറ്റാണ്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ രണ്ടു ലക്ഷത്തിലേറെ വരും ! ഇന്ത്യയിലെ കര്‍ഷകരെ പോലെ ഭൂമിയില്‍ ഒരു ജീവിവര്‍ഗ്ഗവും ഇങ്ങനെ ഒരു വംശനാശത്തിനിരയായിട്ടുണ്ടാവില്ല. ഈ ദുരിതത്തിനറുതി വരുത്തി നല്ല ദിനങ്ങള്‍ കൊണ്ട് തരാമെന്ന വ്യാജ സ്വപ്നം വിറ്റഴിച്ചാണ് മോദിയും, ഫഡ്‌നാവിസുമൊക്കെ സ്വന്തം പദവികളുറപ്പിച്ചത്. പദവികളില്‍ ആളുകള്‍ മാറിവന്നെങ്കിലും ദുരിതം പെരുകിയതേയുള്ളൂ. കുരുക്ക് മുറുകിയതേയുള്ളൂ. കൂടുതല്‍ ചിതകള്‍ എരിഞ്ഞതേ ഉള്ളൂ. സൂപ്പര്‍ ഹൈവേക്കും എക്‌സ്പ്രസ് വേക്കുമെല്ലാമായി, ഉള്ള കിടപ്പാടം മുഴുവന്‍ കര്‍ഷകരില്‍ നിന്ന് കവര്‍ന്നു കഴിഞ്ഞു. അവശേഷിക്കുന്ന ഭൂമിക്കുമേലും ഫഡ്‌നാവിസിന്റെ ചങ്ങാതിക്കൂട്ടമായ കോര്‍പ്പറേറ്റുകളുടെ കഴുകന്‍ കണ്ണുകള്‍ നോട്ടമിട്ടു കഴിഞ്ഞിരിക്കുന്നു. ഉത്പാദന ചിലവും അതിന്റെ പകുതിയും ചേര്‍ത്ത് താങ്ങുവിലക്കായി താമരയില്‍ കുത്താന്‍ ആഹ്വാനം ചെയ്തവര്‍ കണ്ണില്‍ ചോരയില്ലാതെ വഞ്ചിച്ചിരിക്കുന്നു . വാക്ക് വിശ്വസിച്ച് താമരയില്‍ കുത്തിയവരെ അവര്‍ സ്വന്തം വാക്ക് ലംഘിച്ച് പിന്നില്‍ നിന്ന് കുത്തിയിരിക്കുന്നു. കടം പേറി മുടിഞ്ഞ് ജീവനൊടുക്കാന്‍ ഊഴം കാത്തിരിക്കുന്നവര്‍ ആവശ്യപെടുന്ന കടാശ്വാസമെന്ന ആവശ്യം കേള്‍ക്കാന്‍ കാതില്ലാത്തവര്‍ മല്യമോദിമാരടങ്ങുന്ന വേദനിക്കുന്ന കോടീശ്വരന്മാരുടെ കണ്ണീരുകാണുന്ന ഉദാരമതികളാണ്. മണ്ണില്‍ പണിയെടുക്കുന്നവന് ഇരുണ്ട ദിനങ്ങള്‍ സമ്മാനിച്ചവര്‍ കടമെടുത്ത് നാട് മുടിച്ചവര്‍ക്ക് നാടുവിടാന്‍ സുരക്ഷിത പാതയൊരുക്കി വിദേശത്തേക്ക് കടത്തിയിരിക്കുന്നു. കര്‍ഷകരെ കടത്തില്‍ മുക്കി കൊല്ലുന്നവര്‍ നദീസംയോജനമെന്ന പേരില്‍ മഹാരാഷ്ട്രയിലെ ആദിവാസി ഗ്രാമങ്ങളെ വെള്ളത്തില്‍ മുക്കി നാമാവശേഷമാക്കുകയാണ്. റേഷന്‍ കാര്‍ഡ് പോലുമില്ലാതെ ആദിവാസികളെ പട്ടിണിക്കിട്ട് മഹാരാഷ്ട്രയില്‍ മാത്രം അഞ്ചു വയസ്സിനു താഴെയുള്ള ഇരുപത്തി ഒന്നായിരം കുട്ടികളാണ് പോഷകാഹാരകുറവുമൂലം മരിച്ചത്.

അതെ, അവര്‍ വരുന്നത് പട്ടിണിയുടെയും മരണത്തിന്റെയും ശ്മശാന മൂകത തളംകെട്ടിയ ഗ്രാമങ്ങളില്‍ നിന്നാണ്. രാജസ്ഥാനിലും, മധ്യപ്രദേശിലുമെല്ലാം ഇതുപോലെ ഇരച്ചു വന്നിരുന്നു അവര്‍. കോര്‍പ്പറേറ്റ് കാഴ്ച്ചകളിലും മധ്യ വര്‍ഗ്ഗ അഭിലാഷങ്ങളിലും അഭിരമിച്ചു കൊണ്ടിരുന്ന മാധ്യമങ്ങള്‍ അതൊന്നും കണ്ടതായി നടിച്ചില്ല. എന്നാലിപ്പോള്‍ കുബേരന്മാരുടെ കോട്ടകൊത്തളങ്ങള്‍ ഗര്‍വ്വോടെ എഴുന്നു നില്‍ക്കുന്ന മഹാനഗരത്തിലേക്ക് തന്നെ അവര്‍ മാര്‍ച്ച് ചെയ്ത് എത്തിയപ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കിയവര്‍ക്കും ചുവപ്പ് കണ്ടാല്‍ വിറളിയെടുക്കുന്നവര്‍ക്കുമെല്ലാം കാണാതെ വയ്യെന്നായി. പറയാന്‍ മടിച്ചവരെല്ലാം പറയാന്‍ തുടങ്ങി. നാവിക കലാപത്തിന്റെ ഐതിഹാസിക സ്മരണകള്‍ തിരയടിക്കുന്ന മുംബൈയില്‍ ആ വിപ്ലവകാരികള്‍ ഉയര്‍ത്തിയ 'കരളിന്റെ നിണമാളും കൊടിയുമായ് നീളെ' കര്‍ഷകരെത്തുമ്പോള്‍ നാവിക കലാപകാരികള്‍ക്ക് ഭക്ഷണപൊതികള്‍ എറിഞ്ഞു കൊടുത്ത ജനതയുടെ പിന്മുറക്കാര്‍ അവരെ ഹൃദയം കൊണ്ട് സ്വീകരിച്ചുവെന്നു പത്രങ്ങള്‍. ലാല്‍സലാം പറഞ്ഞും ബിസ്‌കറ്റും വെള്ളവും നല്‍കിയും ആടിയും പാടിയും നഗരം അവരെ വരവേറ്റു. കത്തുന്ന സൂര്യന് കീഴില്‍ വിശപ്പും ദാഹവും തളര്‍ച്ചയും കൂസാതെ,നടന്നുപൊട്ടി ചോരയിറ്റുന്ന പാദങ്ങളാല്‍ പതറാതെ, കഠിന പാതകള്‍ താണ്ടി എത്തിയവരെ ജാതിയും മതവും കക്ഷിഭേദവുമില്ലാതെ മുംബൈ സ്വീകരിച്ചു. തൊഴിലാളികളും ഇടത്തരക്കാരും യുവാക്കളും സ്ത്രീകളും കുട്ടികളുമെല്ലാം അവര്‍ക്ക് അഭിവാദനമേകാന്‍ കാത്തുനിന്നു. രക്തം രക്തത്തെയും വര്‍ഗ്ഗം വര്‍ഗ്ഗത്തെയും തിരിച്ചറിയുന്ന സമര മുഖത്ത് അവര്‍ കരംഗ്രഹിച്ചും മുഷ്ടി ചുരുട്ടിയും ചെങ്കൊടിത്തണലിലലിഞ്ഞു ചേര്‍ന്നു.

ഇന്ത്യയെ പിടിച്ചു കുലുക്കിയ ഈ ഏഴു ദിനങ്ങള്‍ നാളത്തെ ഇന്ത്യക്കുള്ള വഴി കാണിക്കുന്നു. ഈ സമര മുഖത്ത് അവര്‍ വിജയിച്ചിരിക്കുന്നു. എന്നാല്‍ യുദ്ധം തുടരുകയാണ്. അനേകം സമരമുഖങ്ങള്‍ ഇനിയും താണ്ടേണ്ടിയിരിക്കുന്നു യുദ്ധം ജയിക്കാന്‍. ലോങ്ങ് മാര്‍ച്ചിലെ പോരാളികള്‍ക്ക് ലാല്‍സലാം - എം ബി രാജേഷ് കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി