കേരളം

കര്‍ദിനാളിനെ വധിക്കാന്‍ ശ്രമം നടത്തി; സഹായ മെത്രാനെതിരെ അന്വേഷണം നടത്തണമെന്ന് പൊലീസില്‍ പരാതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വധിക്കാന്‍ ശ്രമം നടന്നെന്ന് പരാതി. സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ കാത്തലിക് ഫോറം പ്രസിഡന്റ് അഡ്വ. മെല്‍ബിന്‍ മാത്യുവാണ് പൊലീസില്‍ പരാതി നല്‍കിയത്. 

സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ നേതൃത്വത്തിലുള്ള സേവ് എ ഫാമിലി എന്ന സംഘടനയുടെ മറവില്‍ ഫാ. അഗസ്റ്റിന്‍ വട്ടോളിയുടെ നേതൃത്വത്തില്‍ മാവോയിസ്റ്റുകള്‍ക്കും മറ്റു തീവ്രവാദ സംഘടനകള്‍ക്കും സഹായം ചെയ്യുന്നതായി കര്‍ദിനാളിന് അറിവു ലഭിച്ചിരുന്നെന്നും ഇക്കാര്യത്തില്‍ ഇവരെ താക്കീത് ചെയ്തതിലുള്ള വിരോധത്തിനു കാരണമാണ് വധശ്രമമെന്നും പരാതിയില്‍ പറയുന്നു. സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെക്കൂടാതെ ഫാ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. അഗസ്റ്റിന്‍ വട്ടോളി, ഫാ. പോള്‍ തേലക്കാടന്‍, ഫാ. ജോസഫ് പാറേക്കാട്ടില്‍, ഫാ. പോള്‍ കരേടന്‍, ഫാ. ബെന്നി മാരാംപറമ്പില്‍, ഫാ. ജോയ്‌സ് കൈതക്കോട്ടില്‍, അന്ന ഷിബി എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

കര്‍ദിനാളിനെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ ഡിസംബറില്‍ ആറു ഗുണ്ടകളെ റിന്യൂവല്‍ സെന്ററില്‍ താമസിപ്പിച്ചു. ഒരു ദിവസം ഇവര്‍ ബിഷപ്‌സ് ഹൗസിലും ഉണ്ടായിരുന്നു. എന്നാല്‍ വധിക്കാനുള്ള പദ്ധതി നടക്കാതെ പോവുകയായിരുന്നു. അന്ന ഷിബി എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 23ന് പത്തു ഗുണ്ടകള്‍ കര്‍ദിനാളിനെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പാതിയില്‍ പറയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ