കേരളം

കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകങ്ങളെന്ന് പൊലീസ് എഫ്‌ഐആര്‍ ; സിപിഎം നേതാവിനെ വെട്ടിയത് നാലംഗ സംഘം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കണ്ണൂരില്‍ ഇന്നലെ രാത്രി സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മരിച്ചത് രാഷ്ട്രീയക്കൊലപാതകങ്ങളെന്ന് പൊലീസ് എഫ്‌ഐആര്‍. മാഹിയില്‍ സിപിഎം നേതാവ് ബാബുവിനെ കൊലപ്പെടുത്തിയത് നാലംഗ സംഘമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. ബൈക്കിലാണ് അക്രമി സംഘം എത്തിയതെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാലന്റെ മകൻ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്. സംഭവത്തിനു തൊട്ടു പിന്നാലെ ആർഎസ്എസ് പ്രവർത്തകൻ ഷമേജ് പറമ്പത്തി(42)നെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

മുമ്പ് മാഹിയില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ വധിച്ചതിന്റെ രാഷ്ട്രീയ വൈരാഗ്യം നിലവിലുണ്ട്. ഈ ഇരട്ടക്കൊലപാതകങ്ങളുടെ  പ്രതികാരമായാണ് സിപിഎം നേതാവ് ബാബുവിന്റെ വധമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാബുവിന്റെ കൊലപാതകത്തിലുള്ള തിരിച്ചടിയാണ് ഷമേജിനു നേര്‍ക്കുള്ള ആക്രമണമെന്നും പൊലീസ് വിലയിരുത്തുന്നു. 

വളരെ ആസൂത്രിതമായാണ് ബാബുവിന്റെ കൊലപാതകം നടത്തുന്നത്. വീട്ടിലേക്ക് പോകും വഴി റോഡില്‍ വെച്ചാണ് ബൈക്കിലെത്തിയ നാലംഗ അക്രമി സംഘം വെട്ടുന്നത്. കഴുത്ത് അറുത്ത രീതിയിലാണ് ബാബുവിനെ കൊലപ്പെടുത്തിയത്. തലയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇതിന് തിരിച്ചടിയായാണ് ഓട്ടോ ഡ്രൈവറായ ഷമോജിനെ കൊലപ്പെടുത്തുന്നത്. ഷമേജിന്റെ കൈകള്‍ അക്രമികള്‍ വെട്ടിയെടുത്തു. മുഖത്തും മാരക മുറിവേല്‍പ്പിച്ചിട്ടുണ്ട്. 

പ്രതികളെ തിരിച്ചറിയാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സംശയമുള്ള ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം സ്ഥലത്ത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയിലാണ് പൊലീസ് സംഘം. പ്രദേശത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. 

കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മും ബിജെപിയും കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കുകയാണ്. മാഹിയില്‍ വാഹനങ്ങള്‍ തടയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങള്‍ വിലാപയാത്രയായി ഇന്ന് നാട്ടിലെത്തിക്കും. സിപിഎം നേതാവ് ബാബുവിന്റെ മൃതദേഹം ഉച്ചയോടെ സംസ്‌കരിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള ഷമേജിന്റെ മൃതദേഹം പത്തുമണിയോടെ പോസ്റ്റ് മോര്‍ട്ടം നടത്തും. തുടര്‍ന്ന് കോഴിക്കോട് നിന്നും ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി വീട്ടിലെത്തിക്കും. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് കണ്ണൂരിനെ ചോരയില്‍ കുതിര്‍ത്തി വീണ്ടും രാഷ്ട്രീയ അക്രമം അരങ്ങേറുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി