കേരളം

വരാപ്പുഴ കസ്റ്റഡി മരണം : മുന്‍ എസ് പി എ വി ജോര്‍ജിന്റെ അറസ്റ്റ് ഉടന്‍ ? ; ആഭ്യന്തര വകുപ്പിന്റെ അനുമതി തേടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മുന്‍ എസ് പി എ വി ജോര്‍ജിന്റെ അറസ്റ്റ് ഉടനുണ്ടായേക്കും. ഇതിന് മുന്നോടിയായി എസ്പിയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന. കസ്റ്റഡി മരണത്തില്‍ എസ്പിയെ പ്രതി ചേര്‍ക്കുന്നത് ഉള്‍പ്പെടെ, ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പ്രത്യേക അന്വേഷണസംഘം ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചു. 

എസ്പിയുടെ അറസ്റ്റിന് ആഭ്യന്തര വകുപ്പിന്റെ അനുമതി കാത്തിരിക്കുകയാണ് പ്രത്യേക അന്വേഷണസംഘം. കേസില്‍ സിപിഎം കൂടി ആരോപണ വിധേയമായ സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നു എന്ന ആക്ഷേപം കൂടി ഏറ്റുവാങ്ങേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ പൊതുനിലപാട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍ എസ്പിയെ അറസ്റ്റ് ചെയ്ത്, അന്വേഷണം സത്യസന്ധമാണെന്ന് വ്യക്തമാക്കണമെന്ന നിലപാടാണ് പ്രത്യേക അന്വേഷണ സംഘത്തിനുള്ളത്. 

കസ്റ്റഡി മരണത്തില്‍ എസ് പി എ വി ജോര്‍ജിനെതിരെ കൃത്രിമ രേഖ ചമയ്ക്കല്‍ അടക്കം നിരവധി വസ്തുതകള്‍ ക്രൈംബ്രാഞ്ച് സംഘം  കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ ജോര്‍ജിനെ ക്രൈംബ്രാഞ്ച് അന്വേഷണതലവന്‍ ഐജി ശ്രീജിത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. എസ്പിയുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിലെ വീഴ്ച, കൃത്രിമ രേഖ ചമയ്ക്കാന്‍ കൂട്ടുനില്‍ക്കല്‍, വീടാക്രമണ കേസില്‍ ശ്രീജിത്ത് അടക്കമുള്ളവരെ പിടികൂടാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് മേല്‍ അനാവശ്യ സമ്മര്‍ദം ചെലുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്താനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. 

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് മുതല്‍ എസ്പി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയിട്ടുള്ള ഫോണ്‍കോളുകള്‍ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചു വരികയാണ്. അന്വേഷണത്തില്‍ ലഭ്യമായ വിവരങ്ങളും സിഐ അടക്കമുള്ളവര്‍ നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് എസ്പി എവി ജോര്‍ജിനെയും പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്