കേരളം

പാര്‍ട്ടി ഗ്രാമത്തില്‍ വയോധികയയ്ക്കും രക്ഷയില്ല; വീട്ടമ്മയെ അടിച്ചോടിച്ചു 

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ പ്രായമായ വീട്ടമ്മയെ അടിച്ചോടിച്ചു. നീലേശ്വരം പാലായിലാണ് കയ്യൂര്‍ സമരസേനാനിയുടെ കൊച്ചുമകളായ രാധയെ സ്വന്തം വീട്ടില്‍ നിന്ന് അടിച്ചിറക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് തനിക്കും മക്കള്‍ക്കും അവിടേക്ക് പോകാന്‍ കഴിയുന്നില്ല. വളപ്പു നിറയെ തേങ്ങയും അടയ്ക്കയും വീഴുന്നുണ്ട്. അതില്‍ തൊടാന്‍ പോലും അനുവദിക്കുന്നില്ല. അതെല്ലാം അവര്‍ ചാക്കില്‍ കടത്തുകയാണ് രാധ പറഞ്ഞു. മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും യാതൊരുഫലവും ഉണ്ടായിട്ടില്ലെന്ന് രാധ പറഞ്ഞു

സംഭവത്തെ പറ്റി രാധ പറയുന്നത്

പാലായിയിലെ വീട്ടില്‍ തനിച്ചു താമസിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇതിനിടയിലാണ് നാട്ടിലെ ഒരുകൂട്ടമാളുകള്‍ ദ്രോഹം തുടങ്ങിയത്. വീടും പറമ്പുമുള്‍പ്പെടുന്ന സ്ഥലം ഒന്നരയേക്കറോളം വരും. പൂരക്കളി കളിക്കാന്‍ സ്ഥലം വേണമെന്നായിരുന്നു ആദ്യ ആവശ്യം. ഇതിനായി നാലേമുക്കാല്‍ സെന്റ് നല്കി. കളിക്കുന്നിടം മാറ്റണമെന്ന് തൊട്ടടുത്ത ക്ഷേത്രത്തിന്റെ പ്രശ്‌നചിന്തയില്‍ തെളിഞ്ഞതിനാല്‍ നാലേമുക്കാല്‍ സെന്റ് വീണ്ടും ചോദിച്ചു. ആദ്യം തന്ന സ്ഥലം തിരിച്ചുതരികയാണെങ്കില്‍ പുതിയ സ്ഥലം നല്കാമെന്ന് പറഞ്ഞു. വാക്കാല്‍ പരസ്പരം സമ്മതിച്ച് കരാറെഴുതി. എന്നാല്‍ ആദ്യത്തെ സ്ഥലം തിരിച്ചുതന്നില്ല, രണ്ടാമത്തെ സ്ഥലം കൈയേറുകയും ചെയ്തു രാധ പറയുന്നു.

തേജസ്വിനിപ്പുഴയില്‍ നിര്‍മാണം നടക്കുന്ന പാലത്തിന്റെ സമീപനറോഡ് പണിയാനും സ്ഥലം കൈയേറി. കുട്ടിയെ ശൗചാലയത്തില്‍ പൂട്ടിയിട്ടെന്ന് കള്ളക്കഥയുണ്ടാക്കി മൂത്ത മകളുടെ അങ്കണവാടി അധ്യാപികജോലി ഇല്ലാതാക്കാന്‍ നോക്കി. വീട്ടുകിണര്‍ ഉപയോഗശൂന്യമാക്കി. വീട്ടുജനല്‍ എറിഞ്ഞുതകര്‍ത്തു. പോലീസിനും മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനുമെല്ലാം പരാതിയയച്ചു. ജില്ലാ കളക്ടറുള്‍പ്പെടെ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ജനുവരി അഞ്ചിന് ഒരുസംഘം വീട്ടില്‍ കയറി ആക്രമിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. മാര്‍ച്ച് 18ന് രാവിലെ രണ്ടാമത്തെ മകള്‍ വന്നപ്പോള്‍ സംഘടിച്ചെത്തിയവര്‍ അവളെ മുറിയിലാക്കി പൂട്ടി. വിവരമറിഞ്ഞ് പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. അതേദിവസം വൈകുന്നേരം തന്നെയും അടിച്ചോടിച്ചു.

അതേസമയം പാലത്തിന്റെ സമീപനറോഡിനായി രാധയുടെ സ്ഥലമെടുത്തിട്ടില്ലെന്നും അവര്‍ക്കും മക്കള്‍ക്കും ഊരുവിലക്കില്ലെന്നാണ് സി.പി.എം പറയുന്നത്. രാധയുടെ അനുമതി കിട്ടാത്തതിനാല്‍ ക്ഷേത്രത്തിന്റെയും മറ്റൊരാളുടെയും സ്ഥലത്തുകൂടി റോഡുണ്ടാക്കാനാണ് തീരുമാനം. ഏഴു പഞ്ചായത്തുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന 65 കോടിയുടെ പദ്ധതിയാണ് പാലായി ഷട്ടര്‍ കം ബ്രിഡ്ജ്. ഇതു വരുമ്പോള്‍ എളുപ്പത്തിലുള്ള അനുബന്ധറോഡ് എന്നേ കര്‍മസമിതി കരുതിയുള്ളൂ. പൂരക്കളി കളിച്ചിരുന്നത് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവരുടെ വീട്ടുവളപ്പിലാണ്. അവരുടെ സൗകര്യാര്‍ഥമാണ് സ്ഥലം മാറ്റിയത്. സി.പി.എമ്മിന്റെയോ നാട്ടുകാരുടെയോ ഒരുതരത്തിലുള്ള ദ്രോഹവും രാധയ്ക്കും നേരെയുണ്ടായിട്ടില്ലെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ