കേരളം

സന്നിധാനത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍; മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയില്‍ വിപുലമായ സംവിധാനവുമായി ആരോഗ്യ വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല മണ്ഡലവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്താന്‍ തീരുമാനം. മന്ത്രി കെ.കെ. ശൈലജയുടെ  അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിന്റെതാണ് തീരുമാനം. മറ്റുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വന്‍ തീര്‍ത്ഥാടകരെത്തുമെന്നതിനാല്‍ അത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ മറ്റു ജീവനക്കാര്‍ എന്നിവരെ അവശ്യ ചികിത്സാ സേവനത്തിനായി ഇവിടെ വിന്യസിക്കും. ആരോഗ്യവകുപ്പില്‍ നിന്ന് ഏകദേശം 3000ത്തോളം ജീവനക്കാരെ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിലായി മണ്ഡലകാലത്ത് നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് ശബരിമലയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും സംസ്ഥാനതല മേല്‍നോട്ടം. കൂടാതെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (പൊതുജനാരോഗ്യം), ഒരു നോഡല്‍ ഓഫീസര്‍, ഒരു ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പിന്തുണയ്ക്കും. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.

പമ്പ മുതല്‍ സന്നിധാനം വരെയുളള അഞ്ചു കിലോമീറ്റര്‍ ദൂരയാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകുന്ന നെഞ്ചിടിപ്പ്, നെഞ്ചുവേദന, ശ്വാസതടസം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ചിലപ്പോള്‍ ഹൃദയസ്തംഭനം വരെ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരാഗ്യവകുപ്പ് ഈ വഴികളില്‍ ഉടനീളം 16 ഓളം ചികിത്സാ സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും.ഒ.പി. വിഭാഗം, ഇന്റന്‍സീവ് കാര്‍ഡിയാക് കെയര്‍ ക്ലിനിക്കുകള്‍ (ഐ.സി.സി.യു), ഓപ്പറേഷന്‍ തീയേറ്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍, മൊബൈല്‍ ക്ലിനിക്കുകള്‍, റഫറല്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് സൗകര്യങ്ങള്‍ (ആംബുലന്‍സ്) എന്നിവയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളും ഇവിടെ ഒരുക്കും.

സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഡിസ്പന്‍സറികള്‍ നവംബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ 15 മുതല്‍ മറ്റുസ്ഥലങ്ങളിലും ഇവ പ്രവര്‍ത്തനക്ഷമമാകും. പി.എച്ച്.സി നിലയ്ക്കല്‍, സി.എച്ച്.സി എരുമേലി, ജനറല്‍ ആശുപത്രി പത്തനംതിട്ട എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ മറ്റു ജീവനക്കാരെ കൂടുതലായി നിയമിക്കും. സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ തുടങ്ങിയ സ്ഥലങ്ങളിലെ ഐ.സി.യു. സൗകര്യമുളള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിസ്പന്‍സറികളില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കും. ഇതോടൊപ്പം നിലയ്ക്കലും പമ്പയിലും 4 സഞ്ചരിക്കുന്ന ഡിസ്‌പെന്‍സറികളും ഒരുക്കുന്നതാണ്.

ഈ മണ്ഡലകാലത്ത് സന്നിധാനത്ത് സര്‍ജന്‍, അനസ്തറ്റിസ്റ്റ് എന്നിവര്‍ ഉള്‍പ്പെടെ ഒരു എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററും പ്രവര്‍ത്തിപ്പിക്കും. ഒരു താല്‍ക്കാലിക ആശുപത്രി ചരല്‍മേട് സ്വാമി അയ്യപ്പന്‍ റോഡില്‍ പ്രവര്‍ത്തനക്ഷമമാക്കും. ജില്ലാ കളക്ടര്‍, തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്, അയ്യപ്പ സേവാ സംഘം എന്നിവരുടെ സഹായത്തോടെ പമ്പ മുതല്‍ സന്നിധാനം വരെയുളള 16 വഴിയോര കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ പാര്‍ലറുകളും എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും തുറക്കും.

തീര്‍ത്ഥാടകരെ പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് തുടങ്ങിയ ആശുപത്രികളില്‍ സൗജന്യമായി എത്തിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അംബുലന്‍സ് സേവനവും ലഭ്യമാക്കും. തീര്‍ത്ഥാടകര്‍ മരണപ്പെട്ടാല്‍ കേരളത്തിലെ ഏത് ജില്ലയിലും അയല്‍ സംസ്ഥാനങ്ങളിലും മൃതദേഹം എത്തിക്കുന്നതിന് 24 മണിക്കുര്‍ പ്രവര്‍ത്തനക്ഷമമായ ആംബുലന്‍സിന്റെ സേവനം ഉപയോഗപ്പെടുത്താനാവും.ജലജന്യ, ജന്തുജന്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരെയും നിയമിക്കും. തീര്‍ത്ഥാടനകാലത്ത് തിരക്ക് വര്‍ധിക്കുമ്പോള്‍ അഴുത, കരിമല, പുല്‍മേട്, എരുമേലി (ശാസ്താ ക്ഷേത്രത്തിന് അടുത്ത്) തുടങ്ങിയ സ്ഥലങ്ങളില്‍ ഒരോ താല്‍കാലിക ഡിസ്പന്‍സറിയും എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒരു കാര്‍ഡിയാക് കെയര്‍ യൂണിറ്റും ആരംഭിക്കും.

ഇടത്താവളങ്ങളായ പന്തളം, വലിയകോയിക്കല്‍ ക്ഷേത്രം, ഉപ്പുതുറ, കല്ലിടാംകുന്ന്, പെരുവത്താനം എന്നിവിടങ്ങളില്‍ അടിയന്തിര ആരോഗ്യ സംരക്ഷണസേവനങ്ങള്‍ ഏര്‍പ്പെടുത്തും. ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പ്രത്യേക ആരോഗ്യസേവന കേന്ദ്രം ആരംഭിക്കുന്നതാണെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍