കേരളം

സനല്‍കുമാറിന്റെ കൊലപാതകം അപകട മരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി ; അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം വേണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ ഡിവൈഎസ്പി ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സനല്‍കുമാറിന്റെ കൊലപാതകം അപകട മരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി. പൊലീസിന്റെ ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തിയില്ല. ഹരികുമാറിനെ പൊലീസ് തന്നെ സംരക്ഷിക്കുകയാണ്. കേസ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണം.  അല്ലെങ്കില്‍ സിബിഐ കേസ് അന്വേഷിക്കണമെന്നുമാണ് വിജി ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയില്‍ വിജി ഹര്‍ജി നല്‍കും. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സനലിന്റെ കുടുംബം നിവേദനം നല്‍കിയിരുന്നു.

സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാവാത്തതിനാലാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. സനല്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് മക്കളോടൊപ്പം മരണം വരെ സമരം ചെയ്യുമെന്ന് സനലിന്റെ ഭാര്യ നേരത്തേ പറഞ്ഞിരുന്നു. അറസ്റ്റ് ഇനിയും വൈകിയാല്‍ സെക്രട്ടറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്റെ സഹോദരിയും പറഞ്ഞു. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം തുടങ്ങാനാണ് ആലോചിക്കുന്നത്. 

സനല്‍കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാഴ്ചയായിട്ടും പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ പിടികൂടാനാകാത്തത് കേരള പൊലീസിന് നാണക്കേടായിട്ടുണ്ട്. പ്രതി തമിഴ്‌നാട്ടില്‍ ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പൊലീസ് മധുരയിലേക്ക് പോയെങ്കിലും കണ്ടെത്താനായിരുന്നില്ല. അതിനിടെ ഡിവൈഎസ്പി കീഴടങ്ങാന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടന മുഖേന നിബന്ധന വെച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തില്‍ ഡിവൈഎസ്പി ഉടന്‍ കീഴടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

എന്നാല്‍ പ്രതി കീഴടങ്ങുന്നത് പൊലീസിന് നാണക്കേടാണെന്നും, ഏതു വിധേനയും അറസ്റ്റ് ചെയ്യണമെന്നും അന്വേഷണ സംഘത്തിന് ഡിജിപി നിര്‍ദേശം നല്‍കി. സര്‍വീസ് റിവോള്‍വറും ഔദ്യോഗിക ഫോണും അടക്കമാണ് ഡിവൈഎസ്പി ഒളിവില്‍ പോയിട്ടുള്ളത്. ഇയാള്‍ മൂന്നാറിനടുത്ത് ഒളിവില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തലവന്‍ മൂന്നാറിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സനലിന്റെ ഭാര്യ നല്‍കുന്ന ഹര്‍ജി പരിഗണിച്ച് കോടതി എന്തെങ്കിലും പരാമര്‍ശം നടത്തുമോ എന്നതും പൊലീസിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. 

ഇന്നലെ പ്രധാനപ്പെട്ട ഒരു സാക്ഷിയുടെ മൊഴി രേഖപ്പെടുത്താന്‍ എത്തിയ െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥനെ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ തടഞ്ഞിരുന്നു. ഈ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മറ്റൊരു അന്വേഷണ സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നും പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരെ തടഞ്ഞത്. കൊല്ലപ്പെട്ട സനലിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഡിജിപി ശുപാര്‍ശ ചെയ്തിരുന്നു. 

നെയ്യാറ്റിന്‍കരയ്ക്കു സമീപം കൊടങ്ങാവിളയിലായിരുന്നു സംഭവം. റോഡിലെ തര്‍ക്കത്തിനിടെ ഡിവൈ.എസ്.പി. ഹരികുമാര്‍ റോഡിലേക്കു തള്ളിയ സനല്‍കുമാര്‍ കാറിടിച്ചു മരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹരികുമാറും സുഹൃത്ത് ബിനുവും ഒളിവില്‍ പോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍