കേരളം

വാഹനങ്ങള്‍ തടയും; നാളെ സംസ്ഥാന വ്യാപക പ്രതിഷേധദിനമെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ നിലയ്ക്കലില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് അക്രമാസക്തം. പ്രവര്‍ത്തകര്‍ അക്രമസക്തരായതോടെ പൊലീസ് ലാത്തി വീശി. ജല പീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ ഒരു പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം നടത്തുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. 

സന്നിധാനത്തേക്ക് പോകുന്നതിനായി നിലയ്ക്കലില്‍ എത്തിയപ്പോഴാണ് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സന്നിധാനത്തേക്ക് പോകുമെന്നും നെയ്യഭിഷേകം കഴിഞ്ഞേ മടങ്ങൂവെന്നും വ്യക്തമാക്കിക്കൊണ്ടാണ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം കാറില്‍ നിലയ്ക്കലില്‍ എത്തിയത്. എന്നാല്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എസ്.പി യതീശ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.

കരുതല്‍ തടങ്കലിലാണ് അദ്ദേഹം ഇപ്പോള്‍. എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കെ. സുരേന്ദ്രനുമായി ചര്‍ച്ച നടത്തുകയും ഇപ്പോള്‍ സന്നിധാനത്തേക്ക് പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. നാളെ ശബരിമലയിലേക്ക് പോകാമെന്നും പോലീസ് അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍, ദര്‍ശനം നടത്താന്‍ അവകാശമുണ്ടെന്നും തന്നെ തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും കെ സുരേന്ദ്രന്‍ പോലീസിനോട് പറഞ്ഞു.

യാതൊരു കാരണവും ബോധ്യപ്പെടുത്താതെ പ്രകോപനവുമില്ലാതെയാണ് ഇരുമുടിക്കെട്ടുമേന്തി ദര്‍ശനത്തിനെത്തിയ സുരേന്ദ്രനെയും കൂട്ടരെയും അറസ്റ്റ് ചെയ്തതെന്ന് ബിജെപി ആരോപിക്കുന്നു. അടിയന്തരാവസ്ഥയെ പോലും ലജ്ജിപ്പിക്കുന്ന പോലീസ് രാജാണ് ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.നാളെ ഗണപതിഹോമവും, നെയ്യഭിഷേകവും അദ്ദേഹം മുന്‍കൂട്ടി ബുക്ക് ചെയ്താണ് കെ.സുരേന്ദ്രന്‍ എത്തിയത്. ഇതിന്റെ രസീതുകളും അദ്ദേഹത്തിന്റെ കൈവശം ഉണ്ട്. ശബരിമലയില്‍ ഇരുമുടിക്കെട്ടുമേന്തി എത്തുന്ന എല്ലാ ഭക്തര്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അവകാശമുണ്ട്. ഇത് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ ഹൈക്കോടതി ധരിപ്പിച്ചത് കഴിഞ്ഞയാഴ്ചയാണ്. എന്നാല്‍ ഇതൊന്നും നോക്കാതെ യാതൊരുവിധ പ്രകാപനവും കൂടാതെയാണ് അദ്ദേഹത്തെ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്

പോലീസ് വെടിവെപ്പുണ്ടായാലും ശബരിമലയിലേക്ക് പോകുമെന്ന നിലപാടിലാണ് കെ സുരേന്ദ്രന്‍ സ്വീകരിച്ചത്. ഇതോടെയാണ് അദ്ദേഹം അടക്കമുള്ളവരെ കരുതല്‍ തടങ്കലില്‍വെക്കുന്നതിലേക്ക് പോലീസ് നീങ്ങിയത്. ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷ് അടക്കമുള്ളവരെയാണ് കെ സുരേന്ദ്രനൊപ്പം കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്