കേരളം

ശബരിമലയിലേക്ക് തിരിച്ച ശശികലയെ പൊലീസ് തടഞ്ഞു, സന്നിധാനത്തേക്ക്‌ കയറിയാല്‍ തിരിച്ചിറങ്ങണം എന്ന് പൊലീസ്, ഉറപ്പ് നല്‍കി ശശികല

സമകാലിക മലയാളം ഡെസ്ക്

പമ്പ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല വീണ്ടും ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായി പുറപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചയോടെ എരുമേലിയില്‍ കൊച്ചുമക്കളേയും കൊണ്ടാണ് ഇവര്‍ പുറപ്പെട്ടത്. 

എന്നാല്‍ നിലയ്ക്കലില്‍ വെച്ച്‌ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലെ പൊലീസ് സംഘം ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് തടയുകയും, പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെ തിരിച്ചു വരുമോ എന്ന് ശശികലയോട് ആരായുകയും ചെയ്തു. കുട്ടികളുടെ ചോറൂണിനായിട്ടാണ് പോകുന്നത് എന്നും, നിലയ്ക്കലില്‍ കാത്ത് നില്‍ക്കുന്ന ഇവരുടെ അമ്മമാരുടെ അടുത്തേക്ക് കുട്ടികളെ എത്തിക്കണം എന്നതിനാല്‍ തനിക്ക് തിരിച്ച് വരാതെ പറ്റുമോ എന്നുമാണ് ശശികല
യതീഷ് ചന്ദ്രയോട് മറുപടിയായി പറഞ്ഞത്. കൊച്ചുമക്കളുടെ ചോറൂണ് നടത്തി ദര്‍ശനം കഴിഞ്ഞ് മടങ്ങാന്‍ ആറ് മണിക്കൂര്‍ സമയമാണ് പൊലീസ് ശശികലയ്ക്ക് നല്‍കിയത്. ഇത് സംബന്ധിച്ച നോട്ടീസ് പൊലീസ് ശശികലയ്ക്ക് നല്‍കുകയും ചെയ്തു. 

എന്നാല്‍ ഇങ്ങനെ നോട്ടീസ് സ്വീകരിച്ച് ഉറപ്പ് നല്‍കി ദര്‍ശനം നടത്തേണ്ട കാര്യമില്ലെന്ന നിലയിലാണ് ശശികലയുടെ പ്രതികരണം വന്നത്. ഇങ്ങനെ പൊലീസ് നിര്‍ദേശങ്ങള്‍ അനുസരിച്ച് മല കയറണമോ എന്നത് സംബന്ധിച്ച് ഹിന്ദു ഐക്യവേദി നേതാക്കളുമായി ശശികല ഫോണില്‍ സംസാരിക്കുകയും, ഒടുവില്‍ നോട്ടീസ് കൈപ്പറ്റി സന്നിധാനത്തേക്ക് പോകാമെന്ന് തീരുമാനിക്കുകയുമായിരുന്നു.

ബന്ധുക്കള്‍ അടക്കം എട്ട് പേരുണ്ട് ശശികലയ്‌ക്കൊപ്പം. ഇന്നലെ സന്നിധാനത്ത ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ പേരിലാണോ ഇപ്പോഴത്തെ ശശികലയുടെ സന്ദര്‍ശനം എന്ന് സംശയം ഉണ്ടായിരുന്നു. എന്നാല്‍ കുട്ടികളുടെ ചോറൂണ് കഴിഞ്ഞ് തിരിച്ചിറങ്ങാം എന്ന ശശികലയുടെ ഉറപ്പിനെ തുടര്‍ന്ന് അവരെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിച്ചതായി എസ്പി യതീഷ് ചന്ദ്ര പറഞ്ഞു. കൊച്ചുമകളുടെ ചോറൂണിന് വേണ്ടി പോവുകയാണ് എന്നു, സന്നിധാനത്തേക്ക് പോകുന്നതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നുമാണ് യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് ശശികല പറഞ്ഞത്. ശശികലയോട് സംസാരിക്കവെ ഇടയ്ക്ക് കയറി ബഹളം വെച്ചതിന്റെ പേരില്‍ ശശികലയുടെ മക്കളെ അറസ്റ്റ് ചെയ്യാന്‍ എസ്പി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ശശികലയുടെ ആവശ്യത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യില്ലെന്ന് യതീഷ് ചന്ദ്ര അറിയിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രിയോടെ മലകയറാനെത്തിയ ശശികലയെ പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്തതോടെ വലിയ പ്രതിഷേധങ്ങള്‍ക്ക് അത് ഇടയാക്കിയിരുന്നു. ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് തന്നെ തീര്‍ഥാടകരെ പൊലീസ് നിയന്ത്രിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സന്നിധാനത്തേക്ക് പോകണമെന്ന നിലപാടില്‍ ശശികല ഉറച്ച് നിന്നതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി