കേരളം

രണ്ടു മാസത്തേക്ക് ശബരിമലയില്‍ പോവരുത്; കര്‍ശന ഉപാധികളോടെ കെ സുരേന്ദ്രന് ജാമ്യം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പൊലീസ് നിയന്ത്രണം മറികടന്ന് ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. രണ്ടു മാസത്തേക്കു ശബരിമലയില്‍ പോവരുതെന്ന ഉപാധികയോടെയാണ് പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചത്.

ശബരിമല പ്രദേശം ഉള്‍പ്പെട്ട റാന്നി താലൂക്കില്‍ പോലും രണ്ടു മാസത്തേക്കു പ്രവേശിക്കരുതെന്നാണ് ജാമ്യത്തിനുള്ള ഉപാധിയായി കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 40,000 രൂപ ജാമ്യത്തുകയും കെട്ടിവയ്ക്കണം. സുരേന്ദ്രനൊപ്പം അറസ്റ്റിലായ 71 പേര്‍ക്കും റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്നത് ഉള്‍പ്പെടെ ഇതേ നിബന്ധനകളോടെ ജാമ്യം അനുവദിച്ചു. 

സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ പൊലീസ് കോടതിയില്‍ എതിര്‍ത്തു. സുരേന്ദ്രന്‍ ശബരിമലയില്‍ പോവുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട് പൊലീസ് വാദിച്ചത്.

കഴിഞ്ഞ ശനിയാഴ്ച നിലയ്ക്കലില്‍ അറസ്റ്റിലായ കെ സുരേന്ദ്രന്‍ കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് സുരേന്ദ്രന് മേല്‍ ചുമത്തിയത്. പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. 

അതിനിടെ, കെ സുരേന്ദ്രന് ജാമ്യം ലഭിച്ചെങ്കിലും ഇന്ന് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തലശ്ശേരി ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ കോടതി സുരേന്ദ്രന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അതുകൊണ്ടുതന്നെ നിലയ്ക്കലില്‍ നിന്ന് അറസ്റ്റിലായ സുരേന്ദ്രന് പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചാലും പൊലീസ് കണ്ണൂരിലേക്ക് കൊണ്ടുപോയേക്കുമെന്നാണ് അറിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍