കേരളം

കീഴാറ്റൂര്‍ ബൈപ്പാസ് വയലിലൂടെ തന്നെ ; അലൈന്‍മെന്റില്‍ മാറ്റമില്ലെന്ന് കേന്ദ്രം ; ബിജെപി വാഗ്ദാനം പാഴായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കീഴാറ്റൂര്‍ ബൈപ്പാസില്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. കീഴാറ്റൂര്‍ വയലിലൂടെ തന്നെ ബൈപ്പാസ് പോകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം. ബൈപ്പാസില്‍ അലൈന്‍മെന്റില്‍ മാറ്റമില്ലെന്നും കേന്ദ്രം വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ബൈപ്പാസിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തുമെന്ന ബിജെപിയുടെ വാഗ്ദാനമാണ് പാഴായത്. 

ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഭൂവുടമകളുടെ ഹിയറിംഗിനുള്ള തിയതി പ്രഖ്യാപിച്ചാണ് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്. ഭൂവുടമകള്‍ രേഖകളുമായി ഹാജരാകണമെന്ന് വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ത്രീജി-3 എന്ന അന്തിമ വിജ്ഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. രണ്ട് പ്രമുഖ പത്രങ്ങളിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 

കണ്ണൂര്‍ കീഴാറ്റൂരിലെ നിര്‍ദിഷ്ട ബൈപ്പാസിനെതിരെ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ കടുത്ത പ്രതിഷേധസമരമാണ് നടത്തിവന്നിരുന്നത്. എന്നാല്‍ നിര്‍ദിഷ്ട അലൈന്‍മെന്റില്‍ മാറ്റം വരുത്താനാകില്ലെന്നും, ദേശീയ പാത മാറ്റാനാകില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാര്‍ നിലപാടിന് പിന്തുണയുമായി സിപിഎമ്മും രംഗത്തെത്തി. ഇതിനിടെ ബിജെപി നേതൃത്വം വയല്‍ക്കിളികള്‍ അടക്കമുള്ള സമരക്കാരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയിരുന്നു. 

തുടര്‍ന്ന് കേന്ദ്രം പുറത്തിറക്കിയ ത്രീഡി വിജ്ഞാപനം മരവിപ്പിക്കുകയും, പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇവിടെ വലിയ പാരിസ്ഥിതിക പ്രാധാന്യമുണ്ടെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതോടെ വലിയ പ്രതീക്ഷയിലായിരുന്നു വയല്‍ക്കിളികള്‍. ലോംഗ് മാര്‍ച്ച് അടക്കം വലിയ പ്രതിഷേധമാണ് വിഷയത്തില്‍ ഇവര്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്നത്. 

ബൈപ്പാസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തില്‍ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാനായി വയല്‍ക്കിളികള്‍ ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ടാണ് യോഗം ചേരുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി