കേരളം

ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കും; വിധി വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധി വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സുപ്രിം കോടതി വിധി അനുസരിച്ചു മാത്രമേ സര്‍ക്കാരിനു പ്രവര്‍ത്തിക്കാനാവൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് വിശ്വാസികള്‍ക്കിടയില്‍ തന്നെ രണ്ട് അഭിപ്രായമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികള്‍ക്കിടയിലെ വ്യത്യസ്ത അഭിപ്രായങ്ങളും മറ്റു വിവിധ വശങ്ങളും പരിഗണിച്ചാണ് ശബരിമല കേസില്‍ സുപ്രിം കോടതി വിധി പറഞ്ഞത്. സുപ്രിം കോടതി വിധി പറഞ്ഞ കാര്യത്തില്‍ സര്‍ക്കാരിന് മുടന്തന്‍ ന്യായം പറഞ്ഞു നില്‍ക്കാനാവില്ല. വിട്ടുവീഴ്ചയില്ലാതെ ആ വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. സുപ്രിം കോടതി വിധിക്കു വിരുദ്ധമായി സര്‍ക്കാരിന് എങ്ങനെയാണ് ഒരു നിലപാട് എടുക്കാനാവുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു. 

വരുന്ന ശബരിമല സീസണില്‍ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്കു സംരക്ഷണമൊരുക്കും. സ്ത്രീകള്‍ക്കു വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇക്കാര്യം ദേവസ്വം ബോര്‍ഡുമായും മറ്റുള്ളവരുമായും ചര്‍ച്ച ചെയ്തു. സുപ്രിം കോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടില്ല. അങ്ങനെയൊരു അഭിപ്രായം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞതായി അറിഞ്ഞു. അത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണ്. അദ്ദേഹത്തിനു മാത്രമാണ് അത് ബാധകമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കില്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് കോടതി വിധി പറഞ്ഞതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. വിധിയില്‍ അതിനുള്ള കാരണങ്ങള്‍ കോടതി വിശദമായി പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ അതിനൊപ്പമാണ്. 

ശബരിമല വിഷയത്തില്‍ ബിജെപി നിലപാടു മാറ്റിയതു ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ആ പാര്‍ട്ടിയുടെ കാര്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നാട്ടില്‍ എന്തു കാര്യമുണ്ടായാലും അത് സര്‍ക്കാരിന് എതിരെയാക്കാന്‍ ചിലര്‍ ശ്രമിക്കും. ശബരിമല കേസിലെ ചില വാദങ്ങളെയും അങ്ങനെ കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി