കേരളം

അവള്‍ക്ക് ജീവിക്കണം; വീല്‍ചെയറില്‍ ഹനാന്‍ തമ്മനം മാര്‍ക്കറ്റില്‍ എത്തുന്നു, മീന്‍ കച്ചവടം നടത്താന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ഒരു വാര്‍ത്തയിലൂടെയാണ് ഹനാന്‍ എന്ന 19 കാരിയെ കേരളം ശ്രദ്ധിക്കുന്നത്. ഒറ്റദിവസം കൊണ്ട് അതിജീവനത്തിന്റെ മുഖമായി മാറി അവള്‍. എന്നാല്‍ പിന്നീടുള്ള ദിവസങ്ങള്‍ ഹനാന് സമ്മാനിച്ചത് ദുഃഖം മാത്രമായിരുന്നു. തലയിലേറ്റിയവര്‍ തന്നെ അവളെ ചവിട്ടിയരച്ചു. അവള്‍ സാമൂഹിക മാധ്യമങ്ങളില്‍ ക്രൂരമായി വേട്ടയാടപ്പെട്ടു. എല്ലാ വിവാദങ്ങളും കെട്ടടങ്ങി ജീവിതത്തിലേക്ക് അവള്‍ മടങ്ങിവരുന്നതിന് ഇടയിലാണ് അപകടം വില്ലനായി എത്തിയത്. എന്നാല്‍ ഇതൊന്നും ഹനാന്‍ എന്ന പോരാളിയുടെ ആത്മവീര്യം കെടുത്താന്‍ പോന്നതായിരുന്നില്ല. പരുക്കേറ്റ് വീല്‍ചെയറില്‍ ഇരിക്കുമ്പോഴും മീന്‍ വില്‍ക്കാനായി തമ്മനം മാര്‍ക്കറ്റിലേക്ക് എത്തുകയാണ് ഈ മിടുക്കി. 

സഹായവാഗ്ദാനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെയാണ് ഹനാന്‍ വീല്‍ചെയറില്‍ മീന്‍ വില്‍ക്കാനായി മാര്‍ക്കറ്റില്‍ എത്തിയത്. സെപ്റ്റംബറില്‍ കൊടുങ്ങല്ലൂര്‍ വെച്ചാണ് ഹനാന്‍ അപകടത്തില്‍പ്പെടുന്നത്. ഗുരുതരമായി പരുക്കേറ്റ ഹനാന്‍ പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. എന്നാല്‍ പരുക്കേറ്റെന്ന് പറഞ്ഞ് പണിയെടുക്കാതെ ജീവിക്കാന്‍ ഹനാന് താല്‍പ്പര്യമില്ല. അതിനാലാണ് മത്സ്യ വില്‍പ്പനയ്ക്കായി അവള്‍ വീണ്ടും റോഡരികിലേക്ക് എത്തുന്നത്. 

ഹനാന് മീന്‍ വില്‍പ്പന നടത്താനായി മാര്‍ക്കറ്റില്‍ മുറി വാടകയ്ക്ക് എടുത്തിരുന്നു. അവിടെ മീന്‍ കച്ചവടത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ മാസം പത്തിന് കച്ചവടം ആരംഭിക്കാനിരുന്നതാണ്. എന്നാല്‍ കടയുടെ നിര്‍മാണ ജോലികള്‍ ആരംഭിച്ചിട്ടില്ല. മത്സ്യവില്‍പ്പനയ്ക്കുള്ള കിയോസ്‌ക് വാങ്ങിനല്‍കാമെന്ന് മത്സ്യഫെഡിന്റേയും കൊച്ചി മേയര്‍ സൗമിനി ജെയിനിന്റേയും വാഗ്ദാനങ്ങള്‍ നിലനില്‍ക്കെയാണ് ഹനാന്‍ സ്വന്തം നിലയ്ക്ക് കട തുടങ്ങുന്നത്. കടയ്ക്ക് എന്ത് പേരിടും എന്ന ചിന്തിച്ചുകൊണ്ടിരിക്കുകയാണ് ഹനാന്‍ ഇപ്പോള്‍. 

നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലാണ് ഹനാന്‍. വൈറ്റിലയിലെ താമസ സ്ഥലത്തുനിന്ന് വീല്‍ചെയറില്‍ തമ്മനത്ത് എത്തിയാണ് മത്സ്യവില്‍പ്പന നടത്തുന്നത്. തന്റെ കച്ചവടം തടഞ്ഞ തമ്മനത്തേക്ക് തന്നെ തിരികെ എത്തണം എന്ന വാശിയിലാണ് ഹനാന്റെ മടങ്ങി വരവ്. വാര്‍ത്താ താരമായതിന് പിന്നാലെ ഗതാഗതം തടസപ്പെടും എന്നാരോപിച്ച് പൊലീസ് ഹനാന്റെ മത്സ്യ വില്‍പ്പനയ്ക്ക് വിലക്കിട്ടിരുന്നു. 

അപകടത്തില്‍ പരുക്കേറ്റ ഹനാന്റെ ചികിത്സ ചെലവ് വഹിക്കുന്നത് സര്‍ക്കാരാണ്. എന്നാല്‍ തന്റെ സ്വന്തം ചെലവുകള്‍ നടത്താന്‍ അധ്വാനിച്ച് പണം കണ്ടെത്തണം എന്ന ഉറച്ച തീരുമാനത്തിലാണ് ഹനാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്