കേരളം

ബിജെപി പത്തു വോട്ടിനു വേണ്ടി ചെയ്യുന്ന സമരം ഹൈന്ദവ സമൂഹം തിരിച്ചറിയണം; ശബരിമല സമരത്തിനെതിരെ വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

കണിച്ചുകുളങ്ങര: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയുടെ പേരില്‍ ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്യുന്ന സമരം തിരിച്ചറിയാനുള്ള വിവേകം ഹിന്ദു സമൂഹത്തിനു വേണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഹിന്ദുത്വത്തിന്റെ പേരില്‍ തെരുവില്‍ ഇറങ്ങി വിദ്വേഷം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ശരിയല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

ശബരിമല കേസിലെ സുപ്രിം കോടതി വിധി നിര്‍ഭാഗ്യകരമാണ്. അതിനെ കര്‍മം കൊണ്ടാണ് മറികടക്കേണ്ടത്. തെരുവില്‍ ഇറങ്ങുന്നതിനോട് യോജിപ്പില്ല. എസ്എന്‍ഡിപി അതിനു നിന്നുതരില്ല. ബിജെപിക്കു പത്തു വോട്ടു നേടിയെടുക്കാനുള്ള സമരമാണ് നടക്കുന്നത്. കോണ്‍ഗ്രസിനും രാഷ്ട്രീയ ലക്ഷ്യമുണ്ട്- വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ആരാണ് ഈ സമരം തീരുമാനിച്ചത്? തമ്പ്രാക്കള്‍ തീരുമാനിച്ചു സമരം നടത്തുകയാണ്. ഒരു ഹിന്ദു സംഘടനയുമായും ചര്‍ച്ച നടത്തിയിട്ടില്ല. 28 ശതമാനം വരുന്ന ഈഴവരെ വിളിച്ച് ആലോചിച്ചിട്ടുണ്ടോ? പട്ടിക ജാതി, വര്‍ഗക്കാരെ വിളിച്ച് ആലോചിച്ചോ? വിമോചന സമരം നടത്താമെന്നാണ് വിചാരം? 

ശബരിമല വിധിയുടെ പേരില്‍ ഹിന്ദുക്കള്‍ തമ്മില്‍ തല്ലുന്നതെന്തിനാണ്? റിവ്യൂ പെറ്റിഷനില്‍ തീരുമാനം വരട്ടെ. ചര്‍ച്ചയ്ക്കു തയാറെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ? സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടേത് തുറന്ന സമീപനമാണ്. സര്‍ക്കാരിനെ മുട്ടുകുത്തിച്ചു കച്ചവടം നടത്താമെന്നാണ് ചിലര്‍ കരുതുന്നത്. മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചിട്ട് ഈ പറയുന്ന ആളുകളൊന്നും പോയില്ല. പന്തളം രാജകുടുംബവും തന്ത്രികുടുംബവുമായും മാത്രമല്ല, മറ്റു ഹിന്ദു സംഘടനകളുമായും ചര്‍ച്ചയ്ക്കു മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിന് നിലപാടുമില്ല, നിലവാരവുമില്ല. റിവ്യൂ ഹര്‍ജി നല്‍കാനാവില്ലെന്ന് അദ്ദേഹത്തിന് അറിയില്ലേ? എന്നിട്ടും പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുകയാണ്. രണ്ടു വഞ്ചിയില്‍ കാലുവച്ചാണ് നടക്കുന്നത്. ഇടതുപക്ഷത്തെ കൂടെനിന്നു കാലില്‍ ചവിട്ടുകയാണ് പദ്മകുമാര്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ വീട്ടിലേക്കു മാര്‍ച്ചു നടത്തിയ യുവമോര്‍ച്ചക്കാര്‍ക്ക് മഞ്ഞപ്പൂക്കള്‍ അര്‍പ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി