കേരളം

രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള മതചടങ്ങുകള്‍ വിലക്കണം, ടൂത്ത് ബ്രഷും മുഖാവരണങ്ങളും മറ്റൊരാള്‍ക്ക് കൈമാറുന്നത് കുറ്റകരമെന്ന് നിയമപരിഷ്‌കരണ കമ്മീഷന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള മതചടങ്ങുകള്‍ വിലക്കാന്‍ നിയമപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് രോഗാണുക്കള്‍ പടരാന്‍ സാധ്യതയുളള മതചടങ്ങുകള്‍ വിലക്കാനാണ് നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. 
കുര്‍ബാന അപ്പവും വീഞ്ഞും നാവില്‍ നല്‍കുന്നതടക്കമുള്ള ചടങ്ങുകള്‍ വിലക്കാന്‍ ഉതകുന്നതാണ് ശുപാര്‍ശ. ഇത്തരം ചടങ്ങുകളും ആരാധനാ രീതികളും നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് ബില്ലില്‍ നിര്‍ദേശിക്കുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.  

'ദി കേരള റെഗുലേഷന്‍ ഓഫ് പ്രൊസീജിയേഴ്‌സ് ഫോര്‍ പ്രിവന്റിങ് പേഴ്‌സണ്‍ ടു പേഴ്‌സണ്‍ ട്രാന്‍സ്മിഷന്‍ ഓഫ് ഇന്‍ഫെക്ഷിയസ് ഓര്‍ഗാനിസംസ്' എന്നാണ് നിര്‍ദിഷ്ട നിയമത്തിന്റെ പേര്. കമ്മിഷന്‍തന്നെ ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം തേടും. അതിനുശേഷം ആവശ്യമായ മാറ്റംവരുത്തി സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍ക്കാരിന് സ്വീകാര്യമെങ്കില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കാം. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിയമം പ്രാബല്യത്തില്‍ വന്നാല്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ ഒരു പ്രദേശത്തോ സംസ്ഥാനം മുഴുവനായോ നിശ്ചിതകാലത്തേക്ക് ചടങ്ങുകള്‍ നിരോധിക്കാം. ലംഘിക്കുന്നവര്‍ക്ക് ആറുമാസംവരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷനല്‍കാനും കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ടൂത്ത് ബ്രഷ്, മുഖാവരണങ്ങള്‍ എന്നിവ ഉപയോഗിച്ചശേഷം മറ്റൊരാള്‍ക്ക് കൈമാറുന്നതും കുറ്റകരമാണ്. 

നിപ വൈറസ് പടര്‍ന്നുപിടിച്ചപ്പോള്‍ ഇത്തരം നിയമത്തിന്റെ ആവശ്യകത ഏറെ ചര്‍ച്ചയായിരുന്നു. കുര്‍ബാന അപ്പവും വീഞ്ഞും കൈകളില്‍ നല്‍കണമെന്ന് സിറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപത ആ സമയത്ത് പ്രത്യേകം ഇടയലേഖനം ഇറക്കുകയും ചെയ്തു. ജസ്റ്റിസ് കെ.ടി. തോമസ് അടക്കമുള്ള നിയമവിദഗ്ധരും ആരോഗ്യപ്രവര്‍ത്തകരും ക്വാളിഫൈഡ് പ്രൈവറ്റ്‌ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ പോലെയുള്ള സംഘടനകളും നിയന്ത്രണങ്ങളുടെ ആവശ്യം ചൂണ്ടിക്കാട്ടി രംഗത്തുണ്ട്.

ഉമിനീര്‍, വായു, രക്തം, ശരീരസ്രവങ്ങള്‍ എന്നിവവഴി പകരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ നിയന്ത്രിക്കലാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. പക്ഷിപ്പനി, എബോള, നിപ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യതാമേഖലയില്‍ കേരളവും ഉള്‍പ്പെട്ടതോടെയാണ് ഈ നിര്‍ദേശങ്ങള്‍ക്ക് പ്രസക്തിയേറുന്നത്.

കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന ചെറിയ അപ്പം സ്വീകര്‍ത്താവിന്റെ വായില്‍ വെച്ചുകൊടുക്കുമ്പോള്‍ വൈദികരുടെ കൈയില്‍ ഉമിനീര്‍ പുരളാന്‍ സാധ്യതയുണ്ട്. ഇതേ കൈകൊണ്ട് അടുത്തയാള്‍ക്കും അപ്പം നല്‍കുന്നത് അണുബാധസാധ്യത വര്‍ധിപ്പിക്കുന്നു. ചില ക്രൈസ്തവ സഭകള്‍ ഇപ്പോള്‍ത്തന്നെ അപ്പം കൈകളില്‍ നല്‍കുന്ന രീതിയാണ് പിന്തുടരുന്നത്.കുര്‍ബാന മാത്രമല്ല, രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള എല്ലാ മതചടങ്ങുകളും നിയമത്തിന്റെ പരിധിയില്‍വരും. എന്നാല്‍, ഏതൊക്കെ ചടങ്ങാണ് വിലക്കേണ്ടതെന്ന് ഇതില്‍ എടുത്തുപറഞ്ഞിട്ടില്ല.ആവശ്യമായ സമയത്ത് നിരോധിക്കാനും പിന്നീട് നിരോധനം പിന്‍വലിക്കാനും സര്‍ക്കാരിന് അധികാരം നല്‍കുകയാണ് നിയമത്തിന്റെ ലക്ഷ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍