കേരളം

ഭക്തരുടെ വേഷത്തിലെത്തി ആക്രമണം നടത്തിയവരെ തിരഞ്ഞ് പൊലീസ്; ശബരിമലയിലേക്ക് കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരെത്തുന്നു

സമകാലിക മലയാളം ഡെസ്ക്

പമ്പ: ശബരിമല യുവതി പ്രവേശനത്തിന് എതിരെ നിലയ്ക്കലില്‍ കഴിഞ്ഞ ദിവസം അക്രമം അഴിച്ചുവിട്ടവരെ കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചു. ഭക്തരുടെ വേഷത്തിലെത്തി അക്രമം അഴിച്ചുവിട്ടവരെയാണ് തെരയുന്നത്. സന്നിധാനത്തും നിലയ്ക്കലും കൂടുതല്‍ പൊലീസ് സംഘത്തെ വിന്യസിച്ചു. ഐജിമാരായ വിജയ് സാക്കറെയും ശ്രീജിത്തും ശബരിമലയിലേക്ക് പുറപ്പെട്ടു. എഡിജിപിയും മൂന്ന് ഐജിമാരും ഇപ്പോള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സുരക്ഷാ സന്നാഹങ്ങളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തും. മലചവിട്ടാനെത്തിയ യുവതികള്‍ക്കും റിപ്പോര്‍ട്ടിങിനെത്തിയ മാധ്യമസംഘത്തിനും പൊലീസിനും നേരെ കഴിഞ്ഞ ദിവസം പ്രക്ഷോഭകാരികള്‍ കടുത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. 

അതേസമയം നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ പ്രക്ഷോഭം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റോഡില്‍ കുത്തിയിരുന്ന് ശരണമന്ത്രങ്ങള്‍ വിളിച്ചത്. ഇതോടെ പൊലീസ് എത്തി നിരോധനാജ്ഞ നിലവിലുള്ള കാര്യം പ്രതിഷേധക്കാരെ അറിയിച്ചു. എന്നാല്‍ ഇവര്‍ പിന്‍വാങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് പ്രഖ്യാപിച്ചതിന് മിനിറ്റുകള്‍ക്കുള്ളിലാണ് പ്രതിഷേധമുണ്ടായത്.

അതേസമയം നിരോധനാജ്ഞ നാളെ രാത്രി 12 മണിവരെ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലവിലുളളത്. തീര്‍ത്ഥാടകരെയും പ്രതിഷേധക്കാരെയും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിരോധനാജ്ഞയുള്ള സ്ഥലത്തേക്ക് കാറുകളിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയത്. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്നു. ഇതിന് മിനിറ്റുകള്‍ക്കുളളിലായിരുന്നു നിരോധനാജ്ഞ ലംഘിച്ചുളള പ്രതിഷേധം.

ഒരു വനിതയെയും സന്നിധാനത്ത് കയറ്റില്ലെന്നും സന്നിധാനവും പരിസരവും മുഴുവന്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുണ്ടെന്നും പൊലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ പ്രകാശ് ബാബു പറഞ്ഞു. തങ്ങളുടെ ശവത്തില്‍ ചവിട്ടിയെ സ്ത്രീകളെ സന്നിധാനത്ത് പ്രവേശിപ്പിക്കൂ. നിരോധനാജ്ഞ ലംഘന സമരം തുടരുമെന്നും യുവമോര്‍ച്ച നേതാക്കള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു