കേരളം

99 ശതമാനം വിശ്വാസികളും യുവതീ പ്രവേശനത്തിനെതിര് ; ഇങ്ങനെയെങ്കിൽ മുഖ്യമന്ത്രി ചൊവ്വയിലേക്ക് പോകേണ്ടി വരുമെന്ന് ചെന്നിത്തല 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിന് കേരളത്തിൽ 99 ശതമാനം വിശ്വാസികളും എതിരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ യുവതികളെ കയറ്റാതിരിക്കുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്‍റെ മനസാണ്.  എൽഡിഎഫ് സർക്കാരിന് ഇത് മനസിലാക്കാനാകുന്നില്ല. കാര്യങ്ങൾ ഇങ്ങനെയെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വയിലേക്ക് പോകേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

പുനപരിശോധന ഹർജി നൽകുമെന്ന ദേവസ്വം ബോർഡ് നിലപാട് പരിഹാസ്യമാണ്. ഒരു നിലപാടിലും ഉറച്ച് നിൽക്കാൻ ദേവസ്വം ബോർഡിനാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധി ശരിയല്ലെന്ന് തന്നെയാണ് നിലപാട്. ജഡ്ജിമാരെ വിമർശിക്കുന്നില്ല. ഭരണഘടനാ ഭേദഗതിയിലൂടെയാണ് വിധി മറികടക്കേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. 

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ബി അനുസരിച്ച് ശബരിമല തീര്‍ഥാടകരെ പ്രത്യേക വിഭാഗമായി പരിഗണിക്കുന്ന തരത്തിലുള്ള ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ നിലവിലെ സുപ്രീംകോടതി വിധി നമുക്ക് മറികടക്കാന്‍ സാധിക്കൂ. ഇതിന് മുന്‍കൈ എടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ഇക്കാര്യം ആവശ്യപ്പെടാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. 

ശബരിമല തീര്‍ഥാടനം ഭരണഘടന അനുസരിച്ച് കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട വിഷയമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമ നിര്‍മാണം നടത്താം. സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തില്ലെന്ന് പറയുമ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ട് നിയമനിര്‍മാണം നടത്തിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. 

ഇക്കാര്യത്തില്‍ ബിജെപി ഒളിച്ചുകളിക്കുകയാണ് ചെയ്യുന്നത്. സിപിഎമ്മിന്റെയും ബിജെപിയുടെയും കള്ളക്കളികള്‍ തുറന്നുകാണിക്കുന്നതിനായാണ് കോണ്‍ഗ്രസ് വമ്പിച്ച പ്രചാരണ പരിപാടികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ സുപ്രീം കോടതി വിധി  നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ആവർത്തിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു