കേരളം

ഭക്തര്‍ക്ക് ഇന്റര്‍വ്യൂ എവിടെയെങ്കിലുമുണ്ടോ? വ്രതമെടുത്തവര്‍ മാത്രം വരുന്നുവെന്ന് എങ്ങനെ ഉറപ്പാക്കാനാവുമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയില്‍ വിശ്വാസികള്‍ മാത്രം എത്തണമെന്ന ആവശ്യം എങ്ങനെ പ്രായോഗികമാക്കുമെന്ന് ഹൈക്കോടതി. ഭക്തര്‍ക്ക് മുന്‍കൂര്‍ ഇന്റര്‍വ്യൂ ഏര്‍പ്പെടുത്താനാവുമോയെന്ന് കോടതി ആരാഞ്ഞു. 41 ദിവസത്തെ വ്രതമെടുത്തവര്‍ മാത്രം ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നുവെന്ന ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.  

പ്രായോഗികതയില്‍ കോടതി സംശയം പ്രകടിപ്പിച്ചതോടെ ഹര്‍ജിക്കാരന്‍ പിന്‍മാറി. ഭക്തര്‍ക്ക് ചോദ്യാവലി നല്‍കി ഒപ്പിടുവിച്ച് വ്രതശുദ്ധി ഉറപ്പാക്കണമെന്നായിരുന്നു ഹര്‍ജിക്കാരനായ ശിവന്‍ കദളി ആവശ്യപ്പെട്ടത്. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ശിവന്‍ കോടതിയെ അറിയിച്ചു. 

പിന്നീട് അവര്‍ എഴുതിനല്‍കിയത് സത്യമാണെന്ന് അധികൃതര്‍ ഉറപ്പാക്കേണ്ടിവരുമോ എന്ന് കോടതി ആരാഞ്ഞു. ഭക്തര്‍ക്ക് മുന്‍കൂര്‍ ഇന്റര്‍വ്യൂ മറ്റെവിടെയെങ്കിലുമുണ്ടോ എന്നും ഇത് പ്രയോഗികമാണോ എന്നും കോടതി സംശയം പ്രകടിപ്പിച്ചു.

ശബരിമലയില്‍ സമാധാനം നിലനിര്‍ത്തലാണ് ഉദ്ദേശ്യമെന്നായിരുന്നു ഹര്‍ജിക്കാരന്റെ നിലപാട്. സുപ്രീംകോടതിവിധിയില്‍ വിയോജിപ്പുണ്ടെങ്കില്‍ അക്കാര്യം അവിടെ ഉന്നയിക്കാവുന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചത്.

അതിനിടെ ശബരിമലയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു സ്ത്രീകള്‍ ഹൈക്കോടതിയെ സമീപിച്ചു. എകെ മായ കൃഷ്ണന്‍, എസ് രേഖ, ജലജമോള്‍, ജയമോള്‍ എന്നിവരാണു ഹര്‍ജി നല്‍കിയത്. 

പ്രായനിബന്ധന എടുത്തുകളഞ്ഞ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശിക്കാന്‍ അവകാശമുണ്ടെന്നാണ് ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 
വിധി നടപ്പാക്കാന്‍ സംസ്ഥാനത്തിനു കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. 

സംരക്ഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് അപേക്ഷ നല്‍കിയതായും ഹര്‍ജിയിലുണ്ട്. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ രമേശ് ചെന്നിത്തല, പി എസ് ശ്രീധരന്‍പിള്ള, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരാണ് എതിര്‍കക്ഷികള്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ദേശീയ അധ്യക്ഷന്മാരെയും എതിര്‍കക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

പ്രതിഷേധത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണം. തീര്‍ഥാടകരില്‍നിന്നു പ്രത്യേകം പണം പിരിക്കുന്നവര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

ഹര്‍ജി കോടതി ഇന്നു പരിഗണിച്ചേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി