കേരളം

കാലാവസ്ഥാ പ്രവചനത്തില്‍ തെറ്റ് സംഭവിച്ചിട്ടില്ല..! പലതവണ മുന്നറിയിപ്പ് നല്‍കിയെന്ന് കാലാവസ്ഥാ വകുപ്പ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയുണ്ടെന്നുള്ള മുന്നറിയിപ്പ് യഥാസമയം നല്‍കിയിരുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. പതിവ് മുന്നറിയിപ്പുകള്‍ കൂടാതെ, കനത്ത മഴയുടെ സാധ്യതയെക്കുറിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തിലും ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു.

കാലാവസ്ഥാ പ്രവചനത്തില്‍ പാളിച്ചയുണ്ടായതാണ് പ്രളയക്കെടുതി രൂക്ഷമാകാന്‍ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. സാധാരണ മുന്നറിയിപ്പുകളെ നല്‍കിയുള്ളൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് നിഷേധിക്കുന്നതാണ് കാലാവസ്ഥാ വകുപ്പിന്റെ പത്രക്കുറിപ്പ്. ജില്ലകളില്‍ പലഘട്ടങ്ങളിലായി റെഡ് അലര്‍ട്ട് നല്‍കിയിരുന്നു. കാലാവസ്ഥാ വകുപ്പ് നല്‍കുന്ന ഏറ്റവും അവസാനത്തെ മുന്നറിയിപ്പാണ് റെഡ് അലര്‍ട്ട്.

ഓഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ കാലാവസ്ഥയുടെ രൂക്ഷത വിശദീകരിച്ചു. ദുരന്ത ലഘൂകരണ ചുമതലയുള്ള റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ പലവട്ടം ഫോണില്‍ ഇതേപ്പറ്റി അറിയിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിയോട് ഓഗസ്റ്റ് 10ന് കാര്യങ്ങള്‍ വിശദീകരിച്ചു.

ഓഗസ്റ്റ് രണ്ടിന് ഇറക്കിയ പത്രക്കുറിപ്പില്‍ ഓഗസ്റ്റ് ഒമ്പതുമുതല്‍ 15 വരെ സാധാരണയിലും കവിഞ്ഞ മഴയുണ്ടാകുമെന്ന് അറിയിച്ചിരുന്നു. ഓഗസ്റ്റ് ഒമ്പതിനും ഈ മുന്നറിയിപ്പ് ആവര്‍ത്തിച്ചു. 13 മുതല്‍ വീണ്ടും കനത്തമഴ തുടരുമെന്നും അറിയിച്ചു.

അസാധാരണ സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പിനുള്ള ഓറഞ്ച് അലര്‍ട്ട് ഓഗസ്റ്റ് ആറുമുതല്‍ നിലവിലുണ്ടായിരുന്നു. ഓഗസ്റ്റ് ഒമ്പതുമുതല്‍ റെഡ് അലര്‍ട്ട് ബാധകമാക്കി. പത്തുമുതല്‍ 14 വരെ ഇടുക്കിയിലും ആലപ്പുഴയിലും ഓറഞ്ച് അലര്‍ട്ടും വയനാട്ടില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. 11 മുതല്‍ 15 വരെ കനത്തമഴയ്ക്കും മുന്നറിയിപ്പ് നല്‍കി.

ഓഗസ്റ്റ് 12 മുതല്‍ 14 വരെ ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് ബാധകമാക്കി. ഇത് 15 വരെ നീട്ടി. 15ന് കേരളം മുഴുവന്‍ അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പും നല്‍കി. എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഡല്‍ഹിയില്‍നിന്ന് പുറപ്പെടുവിച്ച ബുള്ളറ്റിനുകളിലും രണ്ടും മൂന്നും ദിവസം മുമ്പേതന്നെ കേരളത്തിന് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ നല്‍കിയിരുന്നു. ജില്ലാതല കാലാവസ്ഥാ പ്രവചനങ്ങളും പോസ്റ്റ് ചെയ്തു. മൂന്ന് മണിക്കൂര്‍മുമ്പ് കാലാവസ്ഥ പ്രവചിക്കുന്ന നൗ കാസ്റ്റ് സന്ദേശങ്ങളും നല്‍കിയതായി പത്രക്കുറിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ