കേരളം

'വീ ബോയ്‌ക്കോട്ട് ഇന്റേണല്‍'; പ്രളയക്കെടുതിക്കിടെ പരീക്ഷ, യുസി കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ബഹിഷ്‌കരണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ ഇന്റേണല്‍ പരീക്ഷ നടത്തിയ കോളേജ് മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. പ്രളയബാധിത പ്രദേശമായ ആലുവയിലെ യുസി കോളേജ് വിദ്യാര്‍ത്ഥികളാണ് പരീക്ഷ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചത്. പ്രളയക്കെടുതിയ്ക്ക് പരിഹാരമായശേഷം വിദ്യാര്‍ത്ഥികളുടെ സൗകര്യവും കണക്കിലെടുത്ത് മറ്റൊരു ദിവസം വീണ്ടും പരീക്ഷ നടത്തണമെന്ന് എസ്എഫ്ഐ ഉള്‍പ്പെടെ വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്കും എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും വിദ്യാര്‍ത്ഥികള്‍ നിവേദനം നല്‍കി. 

പ്രളയബാധിത പ്രദേശമായ ആലുവയില്‍ യുസി കോളേജ് കേന്ദ്രീകരിച്ചും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിരുന്നു. 2300 വിദ്യാര്‍ത്ഥികള്‍ പഠിയ്ക്കുന്ന കോളേജില്‍ 700  ഓളം പേരെയാണ് പ്രളയം ബാധിച്ചത്.ക്യാമ്പ് കേന്ദ്രീകരിച്ച് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിലും വിദ്യാര്‍ത്ഥികള്‍ സജീവമായിരുന്നു. പ്രളയം ഒഴിഞ്ഞ് ക്യാമ്പിലുളളവര്‍ വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ പ്രിന്‍സിപ്പല്‍ സന്നദ്ധപ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ ഇന്റേണല്‍ പരീക്ഷ നടത്താന്‍ പ്രിന്‍സിപ്പല്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സെപ്റ്റംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളിലായി ഇന്റേണല്‍ പരീക്ഷ നടത്താനായിരുന്നു തീരുമാനം. ഇതിനെതിരെയുളള പ്രതിഷേധം പ്രിന്‍സിപ്പലിനെ നേരിട്ട് അറിയിച്ചുവെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹം തയ്യാറായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. തുടക്കത്തില്‍ എസ്എഫ്‌ഐ ഉയര്‍ത്തിയ പ്രതിഷേധം മറ്റു വിദ്യാര്‍ത്ഥി സംഘടനകളും ഏറ്റെടുക്കുകയായിരുന്നു. 

പ്രളയക്കെടുതിയില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങള്‍ വരെ നഷ്ടമായി. പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍. ഈ സാഹചര്യത്തിലാണ് പഠനഭാഗങ്ങള്‍ പോലും പഠിപ്പിച്ചുതീര്‍ക്കുന്നതിന് മുന്‍പ് ഏകപക്ഷീയമായി പരീക്ഷ നടത്തിയത്.പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ എംജി സര്‍വകലാശാല പോലും പരീക്ഷകള്‍ നീട്ടിവെച്ചു. ഇതുപോലും കണക്കിലെടുക്കാതെയാണ് പ്രിന്‍സിപ്പലിന്റെ നടപടിയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇതിനിടെയാണ് ആയിരത്തോളം വിദ്യാര്‍ത്ഥികളുടെ പിന്തുണയോടെ ജില്ലാ കലക്ടര്‍ക്കും വൈസ് ചാന്‍സലര്‍ക്കും നിവേദനം നല്‍കിയത്. നിലവില്‍ അധ്യാപകരും തങ്ങള്‍ക്കൊപ്പമാണ്. പരീക്ഷ നടന്ന അഞ്ചാം തീയതി എട്ടുശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പരീക്ഷ എഴുതിയതെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും

പുരോഗതിയുണ്ട്,പതഞ്ജലിയുടെ മാപ്പപേക്ഷയില്‍ സുപ്രീംകോടതി; ഉപയോഗിച്ച ഭാഷയില്‍ തൃപ്തി