കേരളം

പകല്‍ നേരവും കത്തിക്കിടക്കുന്ന വഴിവിളക്കുകള്‍, വിശദീകരണം തേടി സബ് ജഡ്ജി, കണ്ടില്ലെന്നു നടിച്ച് കെഎസ്ഇബി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പകൽ സമയത്തും നൂറോളം വഴിവിളക്കുകൾ കത്തിക്കിടക്കുന്നത് ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയെടുക്കാതെ കെ.എസ്.ഇ.ബി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്‌ ജഡ്ജിയുമായ എ.എം. ബഷീർ വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയച്ചെങ്കിലും വിളക്കുകൾ അണയക്കാൻ നടപടിയെടുക്കുകയോ നോട്ടീസിന് മറുപടി നൽകുകയോ ചെയ്തില്ല. വിളക്കുകൾ കത്തിക്കിടക്കുന്നതിന്റെ ഫോട്ടോയെടുത്ത് സമയം രേഖപ്പെടുത്തിയാണ് കലൂർ അസിസ്റ്റന്റ് എൻജിനീയർക്ക് നോട്ടീസ് അയച്ചത്. 

ചുമതലപ്പെട്ട ജീവനക്കാരന്റെ പേര് സഹിതം മറുപടി അറിയക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ട് ഒരു മാസം പിന്നിട്ടെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. കലൂരിൽ ആസാദ് റോഡിലും സ്റ്റേഡിയം റോഡിലുമാണ് വഴിവിളക്കുകൾ പകലും കത്തിക്കിടന്നിരുന്നത്. നോട്ടീസ് കൈപ്പറ്റിയ ശേഷവും പകൽ വഴിവിളക്ക് കത്തിക്കിടക്കുന്നത് സബ്‌ ജഡ്ജിയുടെ ശ്രദ്ധയിൽപെടുകയും ചെയ്തു. 

ട്രാൻസ്‌ഫോർമർ കൺട്രോൾ ബോക്‌സിലെ മീറ്ററും ടൈമറും കൃത്യസമയത്ത് ഓഫാക്കാൻ ജീവനക്കാർ തയ്യാറാകാത്തതാണ് നേരം വെളുത്തിട്ടും വിളക്കുകൾ കത്തിക്കിടക്കാൻ കാരണം. ഇതിനെതിരെ ജില്ലാ സർവീസ് അതോറിറ്റി സ്വമേധയാ തുടർ നടപടികളിലേക്ക് നീങ്ങുകയാണെന്ന്‌ എ.എം. ബഷീർ പറഞ്ഞു. കെ.എസ്.ഇ.ബി. കലൂർ ഓഫീസിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, എറണാകുളം ചീഫ് എൻജിനീയർ (ഡിസ്ട്രിബ്യൂഷൻ), കൊച്ചി നഗരസഭാ സെക്രട്ടറി, കെ.എസ്.ഇ.ബി. ചീഫ് എൻജിനീയർ എന്നിവരെ എതിർകക്ഷികളാക്കി നടപടി തുടരാനാണ് തീരുമാനം. അടുത്ത മാസം അഞ്ചിന് എതിർ കക്ഷികൾ നേരിൽ ഹാജരാവുകയും വിശദീകരണം നൽകുകയും വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'