കേരളം

സിപിഎം എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് 24 മണിക്കൂറിനകം എസ്‌ഐക്ക് സ്ഥലംമാറ്റം ; പ്രതികാര നടപടിയെന്ന് ആക്ഷേപം

സമകാലിക മലയാളം ഡെസ്ക്


ഇടുക്കി : സിപിഎം എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് 24 മണിക്കൂറിനകം എസ്‌ഐയെ സ്ഥലംമാറ്റി. മൂന്നാര്‍ എസ്‌ഐ പി ജെ വര്‍ഗ്ഗീസിനെയാണ് കട്ടപ്പനയിലേക്ക് മാറ്റിയത്. സ്ഥലംമാറ്റം പ്രതികാര നടപടിയാണെന്ന ആക്ഷേപം ഉയര്‍ന്നു. മൂന്നാര്‍ ട്രൈബ്യൂണല്‍ കോടതി ആക്രമിച്ച സംഭവത്തില്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍, ദേവികുളം തഹസില്‍ദാര്‍ ഷാജി എന്നിവര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. 

അതേസമയം സ്ഥലംമാറ്റം ശിക്ഷാ നടപടി അല്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സ്ഥലംമാറ്റത്തിന് എസ്‌ഐ വര്‍ഗ്ഗീസ് ആവശ്യപ്പെട്ടിരുന്നു എന്നും, അത് പരിഗണിച്ചാണ് മാറ്റിയതെന്നുമാണ് വിശദീകരണം. എന്നാല്‍ സ്ഥലംമാറ്റം ശിക്ഷാ നടപടിയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. മൂന്നാര്‍ എസ്ആയി പി ജെ വര്‍ഗ്ഗീസ് എട്ടുമാസം മുമ്പ് മാത്രമാണ് ചുമതലയേറ്റത്. ഒരു വര്‍ഷം പോലും തികയുന്നതിന് മുമ്പ് കട്ടപ്പനയിലേക്ക് മാറ്റാന്‍ അടിയന്തര സാഹചര്യം ഇല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മൂന്നാർ ഗവ. എൻജിനീയറിങ് റോഡിൽ പ്രവർത്തിക്കുന്ന മൂന്നാർ സ്പെഷൽ ട്രൈബ്യൂണൽ കോടതി ഒഴിഞ്ഞുകൊടുക്കണമെന്നും, കോളേജിന് പ്രവർത്തിക്കാൻ അനുവാദം നൽകണം എന്നുമാവശ്യപ്പെട്ടാണ് എസ് രാജേന്ദ്രന്റെ നേതൃത്വത്തിൽ തഹസിൽദാറും സിപിഎം പ്രവർത്തകരും കോടതിയിൽ അതിക്രമിച്ച് കയറിയത്. സംഘം കെട്ടിടത്തിന്റെ പൂട്ട് പൊളിക്കുകയും, ഓഫീസ് സാധനങ്ങൾ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം നശിപ്പിച്ചു. ചില സിപിഎം പ്രവർത്തകർ വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞതായും ജീവനക്കാർ പരാതി നൽകി. 

എന്നാൽ ആദ്യം പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് ആഭ്യന്തര വകുപ്പും ജില്ലാ കളക്ടറും നേരിട്ട് ഇടപെട്ടതോടെയാണ് എംഎൽഎ, തഹസിൽദാർ തുടങ്ങിയ സംഘത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അതിക്രമിച്ച് കയറല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മണ്ണിടിച്ചിലിനെ തുടർന്നു കെട്ടിടം തകർന്നതിനാൽ ഒരു മാസമായി മൂന്നാർ ഗവ. കോളജിൽ അധ്യയനം മുടങ്ങിയിരിക്കുകയാണ്.  ഈ സാഹചര്യത്തിൽ ട്രൈബ്യൂണൽ കെട്ടിടം കോളജിന് വേണ്ടി  വിട്ടു നൽകണം എന്നാവശ്യപ്പെട്ടാണ് എംഎൽഎയും സംഘവും എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്