വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സംഗീതജ്ഞന് ബാലഭാസ്കറിന്റെ ശസ്ത്രക്രിയ കുറച്ച് മുന്‍പേയാണ് കഴിഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് ബാലഭാസ്കറും ഭാര്യയും കുഞ്ഞും സഞ്ചരിച്ചിരുന്നു വാഹനം അപകടത്തില്‍പ്പെടുന്നത്. ഇവരുടെ മകള്‍ തേജസ്വിനി ബാല (രണ്ട് വയസ്) മരിച്ചു. ഭാര്യ ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജുനും പരിക്കേറ്റു.
ബാലഭാസ്കറിനെയും ഭാര്യയേയും ഡ്രൈവറേയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. ഏറെ പ്രധാനപ്പെട്ട ഒരു ശസ്ത്രക്രിയ ബാലഭാസ്കറിനും ഭാര്യയ്ക്കും നടത്തിയെന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച അടുത്ത സുഹൃത്തും ഗായകനുമായ വിധു പ്രതാപ് അറിയിച്ചു.
ബാലഭാസ്കറിന് നട്ടെല്ലിനുള്‍പ്പെടെ ശരീരത്തിലെ എല്ലുകള്‍ക്ക് പൊട്ടലേറ്റിരുന്നു. രാവിലെ രക്തസമ്മര്‍ദം താഴ്ന്ന അവസ്ഥയിലായിരുന്നതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് തടസം നേരിട്ടിരുന്നു. പിന്നീട് വൈകുന്നേരത്തോടെയാണ് ബാലഭാസ്കറിറെയും ഭാര്യ ലക്ഷ്മിയുടെയും ശസ്ത്രക്രിയ കഴിഞ്ഞത്.
'ശസ്ത്രക്രിയ വിജയമായിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ നിരീക്ഷിച്ചതിന് ശേഷമേ എന്തെങ്കിലും പറയാനാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗുരുതരാവസ്ഥയിലായിരുന്നല്ലോ ബാലുവിനെ ഹോസ്പിറ്റലില്‍ എത്തിച്ചത്. ഡോക്ടര്‍മാരോട് ഞാന്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും ഉണ്ടായിരുന്നു അവിടെ..' അപകടവിവരം അറിഞ്ഞയുടന്‍ താന്‍ ആശുപത്രിയില്‍ എത്തിയിരുന്നുവെന്നും പകല്‍ മുഴുവന്‍ മറ്റ് സുഹൃത്തുക്കളോടൊപ്പം അവിടെ ഉണ്ടായിരുന്നു'- വിധു പ്രതാപ് വ്യക്തമാക്കി. ബാലഭാസ്കറും താനും സ്കൂള്‍കാലം മുതലുള്ള സുഹൃത്തുക്കളാണെന്നും വിധു പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ