കേരളം

ശബരിമലയെ തകര്‍ക്കാന്‍ സിപിഎം അജണ്ടയെന്ന് ബിജെപി ; റിവ്യൂ ഹര്‍ജി നല്‍കണമെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സുപ്രീം കോടതി വിധിക്ക് പിന്നാലെ ശബരിമലയെ തകര്‍ക്കാനുള്ള സിപിഎം അജണ്ടയാണ് അരങ്ങേറുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി അടക്കമുള്ള സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ സ്ത്രീ പ്രവേശനത്തില്‍ തിടുക്കത്തില്‍ തീരുമാനം എടുക്കേണ്ടതില്ല. ഇക്കാര്യത്തില്‍ ഭക്തജനങ്ങളുടെ ആശങ്ക സര്‍ക്കാര്‍ പരിഹരിക്കണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. 

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സമവായത്തിലൂടെ വേണം തീരുമാനം എടുക്കാന്‍. കൊട്ടാരം പ്രതിനിധികളുടെയും പണ്ഡിതരുടെയും യോഗം വിളിക്കണം. ശബരിമലയെ തകര്‍ക്കാനുള്ള നീക്കം ചെറുത്തുതോല്‍പ്പിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

ശബരിമലയെ തകര്‍ക്കാനുള്ള  സിപിഎമ്മിന്റെ ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത് എകെജിയുടെ കാലത്തു തുടങ്ങിയതാണ്. സിപിഎം ഗോപാല സേന രൂപീകരിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ ശബരിമലയ്ക്ക് പോകരുതെന്നും ആ പണം ഗോപാലസേനയ്ക്ക് യൂണിഫോമിന് നല്‍കണമെന്നും പറഞ്ഞ പാര്‍ട്ടിയാണ്. ഇപ്പോള്‍ അങ്ങനെ ഒരു ആഹ്വാനം നല്‍കാന്‍ സിപിഎമ്മിന് ധൈര്യമുണ്ടോ എന്നും പി എസ് ശ്രീധരന്‍പിള്ള ചോദിച്ചു.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും രണ്ടു തട്ടിലാണ്. വിധിയുണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതവും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുക്കേണ്ടതുണ്ട്. സുപ്രീം കോടതി അക്കാര്യവും പരിശോധിക്കണം. 

ശബരിമലയില്‍ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കണമെന്നും സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണമെന്നുമായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട്. 2016 ഫെബ്രുവരി 5ന് ഇത് സംബന്ധിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അതിന് വിരുദ്ധമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. ഇടതുമുന്നണിയുടെ ഇരട്ട നിലപാട് കേസിനെ ബാധിച്ചു.

പൊതുജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടി സ്വീകരിച്ച ഈ നിലപാട് കാരണമാണ് കോടതിയില്‍ നിന്ന് ഇത്തരമൊരു വിധിയുണ്ടാകാന്‍ ഇടയാക്കിയത്. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും വിശ്വാസവും ആചാരങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അത് ലംഘിക്കപ്പെടുന്നത് വലിയ ഒരു ജനസമൂഹത്തിന് മുറിവുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി