കേരളം

മഹാപ്രളയം മനുഷ്യ നിര്‍മിതമോ? ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി, ഡാമുകള്‍ തുറന്നതില്‍ പാളിച്ച

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ ദുരിതത്തില്‍ മുക്കിയ മഹാപ്രളയത്തിനു കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നുവിട്ടത് പ്രളയ സ്ഥിതി രൂക്ഷമാക്കിയെന്നും ഡാംമാനേജ്‌മെന്റില്‍ ഗുരുതരമായ പാളിച്ചകള്‍ സംഭവിച്ചതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയകാലത്ത് ഡാമുകള്‍ തുറന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ അതിനായി നിശ്ചയിക്കപ്പെട്ട സംവിധാനങ്ങള്‍ക്കും വിദഗ്ദ്ധര്‍ക്കും സാധിച്ചില്ല. ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണം എന്നാണ് ചട്ടമെങ്കിലും അത് പാലിച്ചില്ല. 

2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 19  വരെ ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തില്‍ നിന്നടക്കം പലതരം മുന്നറിയിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കൃത്യമായി പരിഗണിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിക്കുകയും മറ്റു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം എന്നാണ് ചട്ടമെങ്കിലും യാതൊരു മുന്നറിയിപ്പും കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടത് മഹാപ്രളയത്തിന് കാരണമായെന്ന് അമിക്കസ് ക്യൂറിയുടെ 47 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ്, ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ