കേരളം

'പരനാറി' പ്രയോഗം: പിണറായിയോട് തന്നെ ചോദിക്കണമെന്ന് എംഎ ബേബി

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രനെതിരായ 'പരനാറി' പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെക്കുറിച്ച് അവസരം വരുമ്പോള്‍ അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

തന്നെ താനാക്കിയ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നെഞ്ചത്തു ചവിട്ടിയാണു പ്രേമചന്ദ്രന്‍ പോയത്. ദത്തുപുത്രനായി കോണ്‍ഗ്രസിലേക്കു പോയ ഇടതുപക്ഷ വേഷധാരിയായ സുഹൃത്ത് കോണ്‍ഗ്രസിന്റെ മടിയിലിരുന്നു ഹാരാര്‍പ്പണം നടത്തിയത് ഇന്ത്യയുടെ വര്‍ഗീയ പ്രധാനമന്ത്രിക്കാണ്. 

ബംഗാളില്‍ ഇടതിനൊപ്പം നില്‍ക്കുന്ന ആര്‍എസ്പി കേരളത്തില്‍ ഇടതിന് എതിരായാണ് നില്‍ക്കുന്നതെന്ന് കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ആര്‍എസ്പിയുടെ ഇരട്ടമുഖമാണ് ഇതിലൂടെ പുറത്തുവന്നത്. ഇരട്ടനിലപാട് വിശദീകരിക്കേണ്ടത് ആര്‍എസ്പിയാണെന്നും അദ്ദേഹം പറഞ്ഞു. 

'പരനാറി' പ്രയോഗം വീണ്ടും കുത്തിപ്പൊക്കി മുഖ്യമന്ത്രി പിണറായി വിജയനും ആര്‍എസ്പി എംപി എന്‍കെ പ്രേമചന്ദ്രനും വാക്‌പോര് ആരംഭിച്ചതിന് പിന്നാലെയാണ് ആര്‍എസ്പിയെ കുറ്റപ്പെടുത്തി സിപിഎം ജനറല്‍ സെക്രട്ടറി തന്നെ രംഗത്തെത്തിയിരിക്കുന്നത്. 

എന്‍കെ പ്രേമചന്ദ്രന്‍ എംപിയ്‌ക്കെതിരായ പരനാറി പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതോടെയാണ് സിപിഎമ്മും ആര്‍എസ്പിയും വീണ്ടും കൊമ്പുകോര്‍ക്കാന്‍ തുടങ്ങിയത്. 

'ഞാന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എല്‍ഡിഎഫിനോട് ചെയ്തത് ഇനി യുഡിഎഫിനോട് ചെയ്യില്ലാ എന്ന് ആര് കണ്ടു?' പിണറായി വിജയന്‍ കൊല്ലത്ത് ചോദിച്ചു.

ഇതിന് മറുപടിയുമായി രംഗത്തെത്തിയ പ്രമേചന്ദ്രന്‍, കേരളത്തിലെ ജനങ്ങള്‍ പിണറായിയുടെ പരമാര്‍ശം വിലയിരുത്തുമെന്ന് പറഞ്ഞു.  കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന വ്യക്തി ഇത്തരം പരാമര്‍ശം നടത്തുന്നത് യുക്തിസഹമാണോയെന്നും പിണറായി സിപിഎമ്മിന്റെ മാത്രം മുഖ്യമന്ത്രിയല്ലെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. നെറിയും നെറികേടും വേര്‍തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും പ്രേമചന്ദ്രന്‍ കുട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എംഎ ബേബിയുടെ പ്രചാരണത്തിന് കൊല്ലത്തെത്തിയ പിണറായി, മൂന്ന് യോഗങ്ങളില്‍ 'പരനാറി' പ്രയോഗം നടത്തിയിരുന്നു. പിണറായിയുടെ പരാമര്‍ശം വലിയ വിവാദത്തിന് ഇടവെച്ചിരുന്നു. തെരഞ്ഞടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണം പിണറായിയുടെ 'പരനാറി' പ്രയോഗമാണെന്ന് അന്ന് സിപിഐ കുറ്റപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വരെ എല്‍ഡിഎഫ് പാളയത്തിലായിരുന്ന പ്രേമചന്ദ്രന്‍ യുഡിഎഫിലേക്ക് ചാടിയതിനെക്കുറിച്ച് പറയുമ്പോഴാണ് പിണറായി 'പരനാറി' പ്രയോഗം നടത്തിയത്. സോളാര്‍ അഴിമതിയില്‍ മുങ്ങിയ ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി സെക്രട്ടറിയേറ്റ് നടയില്‍ രാപ്പകല്‍ സമരത്തില്‍ ഒരുമിച്ച് കിടന്ന പ്രേമചന്ദ്രന്‍ നേരം വെളുത്തപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ പോയെന്നായിരുന്നു എല്‍ഡിഎഫ് നേതാക്കളുടെ പരിഹാസം.

വീണ്ടും ഒരു തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ പിണറായിയുടെ പ്രസ്താവന ഗുണകരമായേക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.കൊല്ലത്തെ സിറ്റിംഗ് എംപിയായ എന്‍ കെ പ്രേമചന്ദ്രനെതിരെ കെഎന്‍ ബാലഗോപാലാണ് ഇത്തവണത്തെ സിപിഎം സ്ഥാനാര്‍ത്ഥി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ