കേരളം

ഇരു മുന്നണികളും കേരളത്തെ കൊള്ളയടിക്കുന്നു; വിശ്വാസങ്ങൾ തകർക്കാൻ അനുവദിക്കില്ല; നരേന്ദ്ര മോദി 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ദശാബ്ദങ്ങളായി എൽഡിഎഫും വലത് പക്ഷവും കേരളത്തിലെ ജനങ്ങളെ അങ്ങേയറ്റം നിരാശപ്പെടുത്തിയ മുന്നണികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട്ട് എൻഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഒരു ബദൽ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നത്. എല്ലാവരേയും ഉൾക്കൊള്ളുന്ന നന്മയുടെ രാഷ്ട്രീയമാണത്.

ഇടതും വലതും പേരിൽ മാത്രമാണ് വ്യത്യാസം. അവർ ഒരേ സമീപനമാണ് കൈക്കൊള്ളുന്നത്. രണ്ട് മുന്നണികളും മാറി മാറി കേരളത്തെ കൊള്ളയടിക്കുകയാണ്. യുഡിഎഫ് നിഘണ്ടു മുഴുവൻ അഴിമതി കഥകളാണ്. എൽഡിഎഫും വിഭിന്നമല്ല. അഴിമതി ആരോപിക്കപ്പെട്ട് കേരളത്തിൽ എത്ര മന്ത്രിമാർക്കാണ് രാജിവയ്ക്കേണ്ടി വന്നത്. 2016 മെയ് മാസം മുതൽ പിൻവാതിൽ നിയമനങ്ങൾ നടക്കുകയാണ് കേരളത്തിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും. വികസന കാര്യത്തിൽ ഒരു കാഴ്ചപ്പാടുമില്ലാത്ത മുന്നണിയാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

നികുതി വെട്ടിപ്പിന് ജാമ്യത്തിലിറങ്ങിയവർ കേരളത്തിൽ വന്ന് മത്സരിക്കുകയാണെന്ന് രാഹുൽ ​ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് മോദി പറഞ്ഞു. നിലവിലെ മണ്ഡലത്തിൽ എന്തുചെയ്തുവെന്ന് അവരോട് ചോദിക്കണമെന്നും മോദി ആവശ്യപ്പെട്ടു. 

രണ്ട് മുന്നണികളിലേയും പാർട്ടികൾ ഭൂമി കൈയേറ്റത്തിന് നേതൃത്വം നൽകുന്നവരായി മാറി. കോംട്രസ്റ്റ് ഫാക്ടറിയിലെ തൊഴിലാളികൾ വർഷങ്ങളായി നീതിക്കായുള്ള അന്വേഷണത്തിലാണ്. ഈ തൊഴിലാളികളുടെ വേദനകളറിയാൻ രണ്ട് കക്ഷികൾക്കും കണ്ണും കാതുമില്ല. മാവൂർ ​ഗ്വാളിയോർ റയോൺസ് ഫാക്ടറിയുടെ സ്ഥിതി എല്ലാവർക്കും അറിയാം. ഇരു മുന്നണികൾക്കും ഈ നാടിന്റെ വികസനത്തിനായി ഒരു പദ്ധതിയുമില്ല എന്നതിന്റെ തെളിവാണ് മാവൂർ ​ഗ്വാളിയോർ റയോൺസ്. നേതാക്കൻമാർക്ക് ഉയർന്ന തലത്തിൽ അഴിമതി നടത്താനുള്ള ലൈസൻസായി മാറിയിരിക്കുകയാണ് കോൺ​ഗ്രസിനേയും സിപിഎമ്മിനേയും വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്നത്. ഇതാണ് കേരളത്തിലെ അവസ്ഥ.  

ബിജെപി വിശ്വാസികൾക്കൊപ്പമാണെന്ന് മോദി പറഞ്ഞു. കോടതി വിധിയുടെ പേരിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബിജെപി ഉള്ളിടത്തോളം ആചാര അനുഷ്ഠാനങ്ങൾ തകർക്കാൻ സാധിക്കില്ല. വിശ്വാസ സംരക്ഷണം ഉറപ്പാക്കാൻ എൻഡിഎ പ്രതിജ്ഞാബദ്ധമാണ്. സുപ്രീം കോടതി ഉത്തരവിന്‍റെ പേര് പറഞ്ഞ് ചിലര്‍ സംസ്കാരത്തെ തകര്‍ക്കാന്‍ നോക്കുന്നു. വിശ്വാസപ്രമാണങ്ങള്‍ക്ക് മേലെയുള്ള അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മോദി പറഞ്ഞു.  

സ്ത്രീ ശാക്തീകരണത്തില്‍ ഇരു കൂട്ടര്‍ക്കും ഇരട്ടത്താപ്പാണ്. സ്ത്രീശാക്തീകരണത്തിന് വേണ്ടി സംസാരിക്കുന്നവർ ഐസ്ക്രീം പാർലർ കേസും സോളാർ കേസും ഓർക്കണം.  ഇവര്‍ മുത്തലാഖിനെ ന്യായീകരിക്കുന്നു. കമ്യൂണിസ്റ്റുകള്‍ കേരളത്തെ രാഷ്ട്രീയ കൊലപാതകത്തിന്‍റ നാടാക്കി. ദേശവിരുദ്ധ ശക്തികള്‍ അവരുടെ പരീക്ഷണശാലയാക്കി കേരളത്തെ മാറ്റുന്നു. കേരളത്തിൽ ബിജെപി ത്രിപുര ആവർത്തിക്കുമെന്നും മോദി പറഞ്ഞു. 

കേരളത്തിന്റെ സംസ്കാരത്തിന് എൽഡിഎഫും യുഡിഎഫും ഭീഷണിയാണ്. കേരളം ശാന്തിയുടേയും സൗഹാർദത്തിന്റേയും മണ്ണാണ്. ഇരു മുന്നണികളും ഈ മണ്ണിൽ രാഷ്ട്രീയ കൊലപാതകങ്ങളുടെ സംസ്കാരമാണ് ഇപ്പോൾ കൊണ്ടുവന്നരിക്കുന്നത്. ദേശാഭിമാനികളായ നിരവധി ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ് കൊല ചെയ്യപ്പെട്ടത്. ഒറ്റ ക്കാരണത്താലാണ് അവരെല്ലാം കൊല ചെയ്യപ്പെട്ടത്. 

കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് ആശയങ്ങൾ കൊണ്ടുനടക്കുന്നവരോടും കപട ഉദാര വാദികളെന്ന് നടിക്കുന്നവരോടും ചോദിക്കുകയാണ് കേരളത്തിലെ കൊലപാതക രാഷ്ട്രീയം സംബന്ധിച്ച് നിങ്ങളെന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്. ആ രാഷ്ട്രീയം എന്തുതരം സമ്മർദ്ദമാണ് നിങ്ങളിൽ സൃഷ്ടിക്കുന്നത്. കേരളത്തിലെ ബിജെപി പ്രവർത്തകരുടെ പരിശ്രമങ്ങൾ വെറുതെയാവില്ല. ഇരു മുന്നണികളുടേയും ഒരു ശ്രമവും ബിജെപിയെ ദുർബലപ്പെടുത്താൻ സാധിക്കില്ലെന്നും മോദി വ്യക്തമാക്കി.

കോൺ​ഗ്രസിന്റെ തു​ഗ്ലക്ക് റോഡ് ഇലക്ഷൻ അഴിമതി രാജ്യം മുഴുവൻ ഇപ്പോൾ ചർച്ച ചെയ്യുകയാണ്. മധ്യപ്രദേശിൽ കോടികളുടെ കറൻസി നോട്ടുകളുടെ ചാക്ക് കെട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. തു​ഗ്ലക്ക് റോഡിലെ ഉന്നതനായ കോൺ​ഗ്രസ് നേതവിനാണ് ഇതുമായി ബന്ധമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പോഷകാഹാര പദ്ധതിക്കായി വകയിരുത്തിയ പണമാണ് ഇത്തരത്തിൽ വകമാറ്റിയത്. എത്ര നാണംകെട്ടവരാണ് ഈ കൊള്ളക്കാരെന്ന് നിങ്ങൾക്ക് ഊഹിക്കാം. ഇടവേളയ്ക്ക് ശേഷം മധ്യപ്രദേശിൽ കോൺ​ഗ്രസിന് സർക്കാർ രൂപീകരിക്കാൻ സാധിച്ചു. എന്നാൽ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം അവർക്ക് വേണ്ടി മാറ്റി വച്ച പണം കൊള്ളയടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്