കേരളം

മഴയും വെയിലും കൊണ്ട് അനങ്ങാനാവാതെ മൂന്ന് മാസമായി ഒറ്റ നിൽപ്പ്; മദപ്പാടിനുള്ള ശിക്ഷ; ക്രൂരത

സമകാലിക മലയാളം ഡെസ്ക്

 ബാലുശ്ശേരി: മദപ്പാടിന്റെ പേരിൽ മൂന്ന് മാസമായി ആനയെ പീഡിപ്പിക്കുന്നതായി പരാതി. കൊച്ചുഗണേശൻ, ഭാരതി ബാലനാരായണൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആനയാണ് കൊടിയ പീഡനത്തിന് ഇരയാവുന്നത്. മാസങ്ങളായി വെയിലും മഴയും കൊണ്ട് ഒറ്റ നിൽപ്പാണ് ആന. കാലിലെ മുറിവിൽ മരുന്നു വെക്കാൻ പോലും തയാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. 

പനങ്ങാട് മുണ്ടക്കരയിലെ തെങ്ങിൻതോട്ടത്തിലാണ് മൂന്ന് മാസമായി ആനയെ തളച്ചിരിക്കുന്നത്. മദപ്പാടുകാലത്ത് ആനയെ ആനത്തറികളിൽ മേൽക്കൂരയൊരുക്കി കൃത്യമായി ഭക്ഷണവും വെള്ളവും നൽകി പരിചരിക്കണമെന്നാണ് നാട്ടാന പരിചരണനിയമത്തിൽ പറയുന്നത്. എന്നാൽ ഇതിന് വിപരീതമായി മൂന്നു മാസമായി ചങ്ങലയ്ക്കിട്ട് അനങ്ങാനാവാത്ത അവസ്ഥയിൽ വെയിലും മഴയുമേറ്റ് കാലിൽ മുറിപ്പാടുകളുമായാണ് കൊച്ചുഗണേശൻ കഴിയുന്നത്.

പത്തുദിവസത്തേക്ക് എന്നുപറഞ്ഞാണ് വട്ടോളിബസാറിൽ റേഷൻകട നടത്തുന്ന വടക്കേടത്ത് ശിവശങ്കരന്റെ പറമ്പിൽ ആനയെ കെട്ടിയത്. പിന്നീട് അവിടെനിന്നു മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ ആനയ്ക്ക് മദപ്പാട് ഉണ്ടെന്നും മൂന്നുമാസത്തേക്കു മാറ്റാൻ കഴിയില്ലെന്നും ഉടമസ്ഥൻ അറിയിച്ചു.

ആനയുടെപേരിൽ ഒരു സംഘം പറമ്പിൽ സ്ഥിരമായി താവളമടിച്ച് മദ്യപാനവും മറ്റും ആരംഭിച്ചതോടെ അവിടെ കെട്ടിയ ഷെഡ് സ്ഥലമുടമ പൊളിച്ചുമാറ്റി. ഷെഡ് പൊളിച്ചതിന് സ്ഥലമുടമയ്ക്കെതിരേ സംഘം കേസുകൊടുത്തതോടെ ആനയെ തളയ്ക്കാൻ സമ്മതം കൊടുത്തതിന്റെ പേരിൽ പോലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് ശിവശങ്കരൻ. കാലിലെ മുറിവുകാരണം ആനയുടെ കരച്ചിൽ രാത്രിയിലും പതിവാണെന്ന് സമീപവാസികൾ പറയുന്നു. മദപ്പാടിളകിയ ആനയെ പറമ്പിൽ കെട്ടി പീഡിപ്പിക്കുന്നതായി പോലീസ്, ഡി.എഫ്.ഒ., ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് ശിവശങ്കരനും മക്കളും പറയുന്നു.

കൊയിലാണ്ടി കോടതിയിൽ നൽകിയ പരാതിയെത്തുടർന്ന് കമ്മിഷൻ പരിശോധനയ്ക്ക് വന്നതിനുശേഷമാണ് രജിസ്ട്രേഷനുള്ള പാപ്പാന്മാരെ ആന ഉടമസ്ഥർ എത്തിച്ചതെന്നും ഇവർ പറയുന്നു. ‘മാദംഗലീല’യിൽ പറയുന്ന പരിചരണങ്ങളാണ് ആനയ്ക്ക് നൽകുന്നതെന്നും മദപ്പാട് സമയം കഴിഞ്ഞതായും ആരോഗ്യനില തൃപ്തികരമാണെന്ന സർട്ടിഫിക്കറ്റ് കിട്ടിയാലുടൻ ആനയെ സ്ഥലത്തുനിന്നു മാറ്റുമെന്നും ആനയുടമ ദിലീപ്കുമാർ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി