കേരളം

ശ്രീറാം വെങ്കിട്ടരാമന് സസ്‌പെന്‍ഷന്‍; ചീഫ് സെക്രട്ടറി ഉത്തരവിറക്കി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: നരഹത്യാ കേസില്‍ പ്രതിയായ സര്‍വേ ഡയറക്ടര്‍  ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്റെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍, അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ശ്രീറാമിനെതിരെ പൊലീസ് നരഹത്യാക്കുറ്റം ചുമത്തിയത്. 

അതിനിടെ ശ്രീറാം വെങ്കട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ നടത്തിയ രക്തപരിശോധനയുടെ ഫലം ഇന്നുച്ചയ്ക്കാണ് പൊലീസിനു കൈമാറിയത്.

വണ്ടിയോടിച്ചിരുന്ന ശ്രീറാം മദ്യലഹരിയില്‍ ആയിരുന്നെന്ന് വ്യക്തമായിട്ടും പൊലീസ് രക്തപരിശോധന നടത്തിയില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. അപകടം നടന്ന് പത്തു മണിക്കൂറോളം കഴിഞ്ഞ ശേഷമാണ് ശ്രീറാമിന്റെ രക്തം പരിശോധനയ്‌ക്കെടുത്തത്. സമയം വൈകുന്തോറും മദ്യത്തിന്റെ അംശം പരിശോധനയില്‍ കണ്ടെത്തുന്നതിനുള്ള സാധ്യത മങ്ങുമെന്ന് മെഡിക്കല്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വകാര്യ ആ്ശുപത്രിയില്‍ ചികിത്സ തേടിയ ശ്രീറാം മദ്യത്തിന്റെ അംശം കണ്ടുപിടിക്കാതിരിക്കുന്നതിന് മരുന്നു കഴിക്കാനിടയുണ്ടെന്നും ചിലര്‍ പറഞ്ഞിരുന്നു. ഇതു ശരിവയ്ക്കുന്ന വിധത്തിലാണ് രക്തപരിശോധനാ ഫലം പുറത്തുവന്നിരിക്കുന്നത്. 

അപകട സമയത്ത് ശ്രീറാം മദ്യലഹരിയില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥരും ഇക്കാര്യം മാധ്യമങ്ങളോടു വ്യക്തമാക്കിയതാണ്. എന്നാല്‍ പരിശോധനാ ഫലത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ ശ്രീറാമിനെതിരെ ചുമത്തിയ നരഹത്യാ കുറ്റം നിലനില്‍ക്കുമോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം